- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ലക്ഷത്തിന്റെ നഷ്ടത്തിൽ പകുതി നൽകി സ്വാന്തനവുമായി ഓടിയെത്തിയ ക്ഷീര കർഷകൻ കൂടിയായ ജയറാം; മമ്മൂട്ടി ഒരു ലക്ഷം നൽകും; മറ്റൊരു നടൻ രണ്ടും; അഞ്ചു പശുക്കളും ധനസഹായവും കാലിതീറ്റയും പ്രഖ്യാപിച്ച് മന്ത്രി ചിഞ്ചു റാണി; 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
തൊടുപുഴ: ഇടുക്കിയിൽ വിഷബാധയേറ്റ് പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായവുമായി നടൻ ജയറാം. എബ്രഹാം ഓസ്ലർ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികൾക്ക് നൽകിയത്. ജയറാം കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി പണം കൈമാറി. പിന്നാലെ മമ്മൂട്ടി ഒരു ലക്ഷം രൂപ നൽകുമെന്നും അറിയിച്ചു. മറ്റൊരു നടൻ രണ്ടു ലക്ഷം രൂപയും നൽകും. നിരവധി സാമൂഹിക സംഘടനകളും സഹായവുമായി എത്തുന്നത്.
ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും ഇതേ വീട്ടിലെത്തി. മാത്യുവിന്റേയും ജോർജിന്റേയും വീട്ടിലെത്തിയ മന്ത്രിമാർ, അഞ്ച് പശുക്കളെ ഇവർക്ക് നൽകുമെന്ന് അറിയിച്ചു. കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ കുട്ടിക്കർഷകർക്ക് നൽകുമെന്ന് പറഞ്ഞമന്ത്രി, മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്‌സിന്റെ ഒരുമാസത്തെ കാലിത്തീറ്റ, കൂടാതെ മിൽമയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്നും അറിയിച്ചു. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി മാത്യുവിനും കുടുംബത്തിനും ഉറപ്പുനൽകി.
ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സഹായപദ്ധതി മാത്യുവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വിപുലീകരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളും മന്ത്രി മാത്യുവുമായി പങ്കുവെച്ചു. ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ചത്ത കന്നുകാലികളെ ഫാമിന് സമീപമെടുത്ത ഒറ്റ കുഴയിൽ സംസ്‌കരിച്ചിരുന്നു. പുതുവർഷത്തിലെ ആദ്യദിനം വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുബത്തിന് സമ്മാനിച്ചത് വൻ ദുരന്തമാണ്.
തീറ്റയായി നൽകിയ കപ്പത്തൊലിയിൽനിന്ന് വിഷബാധയേറ്റ് അഞ്ച് കറവപ്പശുക്കളക്കം 13 കന്നുകാലികളാണ് ചത്തത്. ഇവരിലേക്കാണ് സമാധാനവും പ്രതീക്ഷയും ആശ്വാസവുമായി ജയറാം എത്തിയത്. കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിനും ജോർജിനും പുതുവർഷപ്പുലരി സമ്മാനിച്ചത് തീരാനഷ്ടവും നെഞ്ചുതകരുന്ന വേദനയുമാണ്. ഇവർ അരുമയായി വളർത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതിൽ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉൾപ്പെടും. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ജയറാമും ക്ഷീര കർഷകനാണ്. സംസ്ഥാന സർക്കാരിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്. തനിക്കും സമാനമായ അനുഭവം ഉണ്ടെന്ന് പറഞ്ഞാണ് ജയറാമിന്റെ ഇടപെടൽ.
'' ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ. ആറേഴ് വർഷം മുൻപ് ഈ കുഞ്ഞുങ്ങൾക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു പശുക്കുട്ടി കുഴഞ്ഞ് വീണ് ചത്തു. വയറെല്ലാം വീർത്ത് വായിൽ നിന്ന് നുരയും പതയുമൊക്കെ വന്നു. വൈകുന്നേരമായപ്പോഴേക്കും 22 പശുക്കൾ കൂടി പോയി. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല. പശുവിനെ വാങ്ങുന്നതിന് ഞാൻ ആരെയും ഏൽപ്പിക്കാറില്ല. ഞാനും ഭാര്യയും മക്കളും എല്ലാവരും ചേർന്ന് നേരിൽ പോയി കണ്ടാണ് വാങ്ങാറുള്ളത്. ഓരോ പശുവിനെയും പ്രത്യേക പേരിട്ട് വിളിക്കും. ചത്ത പശുക്കളുടെ ദേഹം ജെസിബി ഉപയോഗിച്ച് കുഴിയിലേക്ക് മാറ്റുമ്പോൾ ഞാനും ഭാര്യയും മക്കളുമെല്ലാം പൊട്ടിക്കരയുകയായിരുന്നു.
പത്രത്തിൽ കുട്ടികളുടെ വാർത്ത കണ്ടപ്പോൾ തന്നെ ഞാൻ എബ്രഹാം ഓസ്ലറിന്റെ സംവിധായകനെയും നിർമ്മാതാവിനെയും വിളിച്ചു. ട്രെയ്ലർ ലോഞ്ചിന് ചെലവാകുന്ന പണം കുട്ടികൾക്ക് കൊടുത്താലോ എന്ന് ചോദിച്ചു. അവർ അതിന് സമ്മതിച്ചു. പൃഥ്വിരാജാണ് ട്രെയ്ലർ ലോഞ്ച് ചെയ്യാനിരുന്നത്. അദ്ദേഹത്തെയും വിളിച്ച് കാര്യം അവതരിപ്പിച്ചു- ജയറാം പറഞ്ഞു. തൊഴുത്ത് വിപുലീകരിക്കാനും മറ്റും സഹായം ചെയ്യുമെന്നും ജയറാം വ്യക്തമാക്കി
വെള്ളിയാമറ്റം കിഴക്കേപ്പറമ്പിലിൽ സയനൈഡ് അമിത അളവിൽ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാരിയെയും പേരുചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരൻ ജോർജിനും പ്രയപ്പെട്ടവരായിരുന്നു. വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിച്ചിരുന്നത്. വിഷബാധയേറ്റ അഞ്ച് കന്നുകാലികളുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്നെണ്ണത്തിന്റെ നിലയിൽ പ്രതീക്ഷയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എട്ട് പശുക്കളും എട്ട് കിടാരികളും ആറ് മൂരികളും ഉൾപ്പെടെ ആകെ 22 കന്നുകാലികളാണ് ഫാമിൽ ഉണ്ടായിരുന്നത്.
മാത്യുവിന് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ ബെന്നി മരിക്കുന്നത്. മരണശേഷം പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ കടുംപിടുത്തത്തിനുമുൻപിൽ വീട്ടുകാർക്ക് വഴങ്ങേണ്ടിവന്നു. പശുക്കളെ വിറ്റില്ല. മാത്യുവാണ് അന്നുമുതൽ പ്രധാന പശുപരിപാലകൻ. ജ്യേഷ്ഠൻ ജോർജും അമ്മ ഷൈനിയും സഹോദരി റോസ്‌മേരിയും സഹായിക്കും. നല്ലനിലയിൽ ഫാം നടന്നുവരുമ്പോഴാണ് പച്ചക്കപ്പ ഉണക്കിനൽകുന്ന സ്ഥലത്തുനിന്ന് കപ്പത്തൊലിവാങ്ങി ഇവയ്ക്കുനൽകിയത്. ഇത് ദുരന്തമായി. ഇത് കഴിച്ചതോടെ പശുക്കൾ ഒന്നൊന്നായി കുഴഞ്ഞുവീണു. നുരയും പതയും വായിലും മൂക്കിലും വന്ന്, കൈകാലിട്ടടിച്ചു ഓരോന്നായി ചത്തുവീണു.
ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധന കാരണം കന്നുകാലികളെ ഇൻഷുർ ചെയ്യാൻ മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. ഇത്തരമൊരു ദുരന്തം അവർ പ്രതീക്ഷിച്ചിരുന്നുമില്ല. 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്. ഇതെല്ലാം മനസ്സിലാക്കിയാണ് ജയറാം ഇടപെടലിന് വരുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യു ബെന്നിയെ തിങ്കളാഴ്ച ഉച്ചയോടെ മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ച് അശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ച് സഹായങ്ങൾ ഉറപ്പുനൽകി. പി.ജെ.ജോസഫ് എംഎൽഎ. വീട്ടിലെത്തി അശ്വസിപ്പിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ ജയൻ നേരിട്ടത്തി വീട്ടിലുണ്ടായിരുന്ന സഹോദരൻ ജോർജിനെ കാണുകയും ആദ്യഘട്ട സഹായവും വാഗ്ദാനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ