മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നിലവിട്ട് പെരുമാറ്റം വീണ്ടും. രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. വര്‍ഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമര്‍ശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ ഭീഷണി മുഴക്കിയത്. പത്തു ദിവസം അകത്തു കിടന്നാലും കുഴപ്പമില്ലെന്നും അന്‍വര്‍ പറയുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയശങ്കര്‍ കേരളം ആദരിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയാണ്. എല്ലാ പൊതു വിഷയങ്ങളിലും തന്റെ അഭിപ്രായം പറയാറുണ്ട്. എഡിജിപി അജിത് കുമാറിനെതിരെ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളേയും ശരിപക്ഷത്തു നിന്ന് നോക്കി കണ്ട വ്യക്തിയാണ് അദ്ദേഹം. ചാനല്‍ ചര്‍ച്ചകളിലും മറ്റും നിരീക്ഷണം അന്‍വറിന് എതിരാവുകയും ചെയ്തു. ഇതിലെ പ്രകോപനമാകും പുതിയ വീഡിയോയ്ക്ക് പിന്നിലെന്ന നിരീക്ഷണം ശക്തമാണ്. നിയമ വ്യവസ്ഥയേയും പോലീസിനേയും എല്ലാം വെല്ലുവിളിക്കുകയാണ് അന്‍വര്‍. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നതിന് തെളിവ് കൂടിയാണ് ഈ വീഡിയോ. ഭരണ പക്ഷ പിന്തുണയുള്ള എംഎല്‍എയാണ് അന്‍വര്‍. അതുകൊണ്ട് തന്നെ ഈ വീഡിയോയില്‍ പോലീസ് എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

പോലീസ് ബോര്‍ഡ് മാത്രമല്ല യൂനിഫോമും ലഹരി സംഘത്തിനു നല്‍കിയിട്ടുണ്ടെന്ന് പി.വി അന്‍വര്‍ എംഎല്‍എ ഇന്ന് ആരോപിച്ചിരുന്നു. ലഹരി കച്ചവടം നടത്താന്‍ റോ മെറ്റീരിയല്‍ എത്തിച്ചുകൊടുക്കുന്ന പൊലീസ് ഉണ്ട്. സുജിത് ദാസിന് ഉന്നതരുടെ പിന്തുണയുണ്ടെന്നും ആരോപിച്ചിരുന്നു. ജനങ്ങളെയും സര്‍ക്കാരിനെയും പറ്റിച്ച് നിരപരാധികളെ കേസില്‍ കുടുക്കുന്ന പരിപാടികളാണ് കുറേകാലമായി അജിത് കുമാറും സുജിത് ദാസും ഡാന്‍സാഫ് സംഘവും കേരളത്തില്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. സുജിത് ദാസ് പൊലീസ് വകുപ്പില്‍ കയറിയതുതൊട്ട് സാമൂഹികവിരുദ്ധ, രാജ്യദ്രോഹക്കുറ്റങ്ങള്‍ ചെയ്തു പണമുണ്ടാക്കാനും ഇതിനു പൊലീസ് സേനയെ ഉപയോഗിക്കാനും ഗവേഷണം നടത്തി കോടികള്‍ സമ്പാദിച്ചയാളാണ് സുജിത് ദാസും എഡിജിപി അജിത് കുമാറും.''-ഇതാണ് അന്‍വറിന്റെ പുതിയ പ്രതികരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ജയശങ്കറിനെതിരായ വീഡിയോയും പുറത്തു വിട്ടത്.

ഈ മാഫിയയിലെ രണ്ട് കണ്ണികള്‍ മാത്രമാണ് സുജിത് ദാസും അജിത് കുമാറും. മലപ്പുറം എന്നും ഇതിന്റെ കേന്ദ്രമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് എത്തിക്കുന്നതും കച്ചവടം ചെയ്യുന്നതും പിടിക്കുന്നതും കേസുണ്ടാക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്. ഇതിന്റെ ഉത്ഭവസ്ഥാനം ഇതുവരെ പിടിക്കുകയും മുറിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതിന്റെ പിന്നില്‍ ഇവര്‍ തന്നെയായതുകൊണ്ടാണിതെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപി അജിത് കുമാര്‍ ഡിജിപിക്കു നല്‍കിയ മൊഴിയിലും അന്‍വര്‍ പ്രതികരിച്ചിരുന്നു.

ഇതുതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദി എന്നു വിളിക്കാന്‍ വളരെ എളുപ്പമാണല്ലോ.. തന്‍ ഉദ്ദേശിച്ചിടത്തേക്കാണു കാര്യങ്ങള്‍ പോകുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.