- Home
- /
- News
- /
- SPECIAL REPORT
'പിഗ്മാന്‍' സെറ്റില്‍ ലൈംഗികാതിക്രമം; ജയസൂര്യയ്ക്കെതിരായ പരാതിയില്‍ കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പൊലീസ് പരിശോധന
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് പരിശോധന
- Share
- Tweet
- Telegram
- LinkedIniiiii
തൊടുപുഴ: ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടന്‍ ജയസൂര്യക്കെതിരായ പരാതിയില്‍ പൊലീസ് പരിശോധന. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെ ജയസൂര്യ നടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കേസില്‍ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
2013ല്‍ തൊടുപുഴയില്‍ ചിത്രീകരിച്ച 'പിഗ്മാന്‍' സിനിമയുടെ സെറ്റില്‍ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്.
ഇതിന്റെ എഫ്‌ഐആര്‍ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റില്‍ 'ദേ ഇങ്ങോട്ട് നോക്കിയേ' സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയായ നടി 2013 ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടന്‍ പിന്നില്‍ നിന്ന് കടന്ന് പിടിച്ചെന്നാണ് പരാതി.
ആദ്യം നടന്റെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പേര് വെളിപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.
നടിയുടെ പരാതിയില്‍ കരമന പൊലീസ് കേസെടുത്തു. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.
നേരത്തെ കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയിലും തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും ലൈംഗിക അതിക്രമത്തിന് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.