തൊടുപുഴ: ജയോച്ചന്റെ മരണവാർത്ത അറിഞ്ഞവരിൽ ഒട്ടുമിക്കവരുടെയും മനസിൽ ആദ്യമെത്തിയത് 33 വർഷം മുമ്പുള്ള ആ സംഭവത്തെക്കുറിച്ചുള്ള ഓർമ്മകളാണ്.

25 അടിയോളം ആഴമുള്ള കിണറ്റിൽ, 16 അടിയോളം താഴ്ചയിൽ അകപ്പെട്ട കുരുന്നിനെയും കൈയിൽപിടിച്ച് ജലപ്പരപ്പിന് മുകളിലേയ്ക്ക് ജയോച്ചൻ ഉയർന്നുവന്നത് ഇന്നലെയെന്ന പോലെ ഇവരിൽ പലരുടെയും മനസ്സിലുണ്ട്.

രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് ബഹുമതി ജയോച്ചൻ എന്ന ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസിനെ തേടി എത്തുന്നതിന് വഴിതെളിച്ചതും ഈ സംഭവം തന്നെ. 1989 ഡിസംമ്പർ 27-ന് ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറ കേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെത്തിയത്.കിണറ്റിലേയ്ക്ക് നോക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നിനെയാണ് ജയോച്ചൻ കാണുന്നത്.

ഒരു നിമിഷം പാഴാക്കാതെ ജയോച്ചൻ കിണറ്റിലേയ്ക്ക് എടുത്തിചാടി വെള്ളത്തിനടിയിലേയ്ക്ക് ഊളയിട്ടു. പൊങ്ങിയപ്പോൾ രണ്ടുവയസുകാരനെ കൈയിൽ ചേർത്തുപിടിച്ചിരുന്നു. ഓടിക്കൂടിയവർ ഇട്ടുകൊടുത്ത വടത്തിൽ തൂങ്ങി, കുഞ്ഞിനെ നെഞ്ചോട്് ചേർത്ത് ജയോച്ചൻ കരയ്ക്കെത്തിയതോടെയാണ് കൂടി നിന്നവരുടെ ശ്വാസഗതി സാധാരണ നിലയിലേയ്ക്ക് എത്തിയത്. പഴയേരിൽ അലിയാരിന്റെ മകൻ അഫ്സലിന്റെ ജീവനാണ് ജയോച്ചന്റെ ധീരമായ ഇടപെടൽ മൂലം അന്ന് രക്ഷപെട്ടത്.

സ്വജീവൻ തൃണവൽഗണിച്ച് ഒരു കുഞ്ഞിന്റെ രക്ഷിക്കാനിറങ്ങിയ ജയോച്ചന്റെ നല്ലമനസ്സിനെ നാട് ഒന്നാകെ അഭിനന്ദിച്ചിരുന്നു.പഞ്ചായത്ത് അനുമോദനത്തിനൊപ്പം 500 രൂപ ക്യാഷ് അവാർഡും നൽകി. ആ വർഷത്തെ രാഷ്ട്രപതിയുടെ ജീവൻ രക്ഷപതക് ബഹുമതിക്ക് ജയോച്ചനും തിരഞ്ഞെടുക്കപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നതോടെ ഒരിക്കൽക്കൂടി നാട്ടുകാർ ജയോച്ചനെ അഭിനന്ദനങ്ങൾകൊണ്ട് മൂടി.

അന്ന് ഈ ബഹുമതിനേടിയ 12 മലയാളികളിൽ ഉൾപ്പെട്ട ഏക ഇടുക്കി ജില്ലക്കാരനായിരുന്നു ജയോച്ചൻ. ഇതെ വർഷം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനിൽ നിന്നാണ് ജയോച്ചൻ ബഹുമതി ഏറ്റുവാങ്ങിയത്.

സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് ഇന്ന് രാവിലെയാണ് ജയോച്ചൻ(69) ജീവൻ വെടിഞ്ഞത്. സംസ്‌ക്കാരം നാളെ രാവിലെ 11-ന് സഹോദരൻ സേവിയുടെ വീട്ടിൽ ശൂശ്രൂഷ ചടങ്ങുകൾ ആരംഭിക്കും.സംസ്‌കാരം കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ റോസമ്മ ഉള്ളനാട് മാടയ്ക്കൽ കുടുംബാംഗം.മക്കൾ:അജിത്ത്,ഷീജ,അനിത.മരുമകൻ: ജിയോ, മലേക്കണ്ടം, കോതമംഗലം(ദുബായ്).