- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികമേളയിൽ ഉയർന്നുചാടി എത്തിപ്പിടിച്ച് പൊന്നിൻ നേട്ടം; ജീവതത്തിലെ പ്രതിസന്ധികളെ ചാടിക്കടക്കാൻ ജീനയ്ക്ക് വേണ്ടത് ഒരു കൈത്താങ്ങും; മഴപെയ്താൽ വെള്ളം ഇരച്ചുകയറുന്ന വീട്ടിൽ നനഞ്ഞ് ഇല്ലാതാകുന്നത് കേരളത്തിന്റെ നാളെയുടെ കായിക സ്വപ്‌നങ്ങളും; കോതമംഗലത്തെ ജീന ബേസിൽ ജീവിതം പറയുന്നു
കോതമംഗലം: ഒരു മഴയൊന്നു പെയ്താൽ വീട്ടിനു മുന്നിലെ തോട്ടിൽ വെള്ളം ഉയരും.. നിമിഷനേരം കൊണ്ട് അത് ഇരച്ചെത്തുന്നത് വീട്ടിലേക്കും.അപ്രവചനാതീതമായ മഴക്കാലം പോലും സജീവമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ ഒരു വീട്ടിൽ നിന്ന് കാണുന്ന സ്വപ്‌നങ്ങൾക്ക് പോലും പരിധിയുണ്ട്.
പക്ഷെ ഈ ദുരിതങ്ങൾ കരിനിഴൽ വീഴ്‌ത്തുന്നത് നാളെ രാജ്യത്തിന് തന്നെ ഒട്ടേറെ അഭിമാന നേട്ടങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരു കായികതാരത്തിന്റെ സ്വപ്‌നങ്ങൾക്കാണ്.സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾ വാൾട്ടിൽ ഒന്നാമതെത്തിയ ജീന ബേസിൽ തന്റെ ജീവിതത്തെ വരച്ചിടുന്നത് ഇങ്ങനെയാണ്..
കായികരംഗത്ത് ഒട്ടേറെ സ്വപ്‌നങ്ങളുള്ള ജീനയ്ക്ക് ഇനി മുന്നോട്ട് പോകണമെങ്കിൽ ഒരു സ്‌പോൺസർ കൂടിയേ തീരു.ഇല്ലായ്മയിൽ നിന്നും എത്തിയാണ് മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി ജൂനിയർ ഗേൾസ് പോൾവാൾട്ടിൽ സ്വർണം നേടിയത്.
വളങ്ങാട് പുത്തൻകുരിശ് വെള്ളാമക്കുത്ത് പുതുപ്പാടിയിൽ ബേസിൽ- മഞ്ജു ദമ്പതികളുടെ മകളാണ് ജീന. കിടപ്പുരോഗികളായ വല്ല്യച്ചൻ, വല്ല്യമ്മ, അച്ഛന്റെ പെങ്ങൾ, സഹോദരി എന്നിവരെ പരിചരിക്കാനാണ് ജീനയുടെ മാതാപിതാക്കൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്.മറ്റൊരു ജോലിക്കും ഇതുമൂലം പോകാനുമാകുന്നില്ല.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജീനയുടെ സ്പോർട്സ് കഴിവുകളെ തിരിച്ചറിഞ്ഞത്. ഇതോടെ മാർ ബേസിൽ സ്‌കൂൾ മാനേജ്മെന്റ് ജീനയെ ഏറ്റെടുക്കുകയായിരുന്നു. മാർ ബേസിൽ സ്‌കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപികയായ ഷിബി മാത്യുവിന്റെ പരിശീലനത്തിൽ സംസ്ഥാന തലത്തിൽ ലോങ് ജമ്പിലും ഹഡിൽസിലും ജീന മൂന്നാമതെത്തിയിട്ടുണ്ട്.
പിന്നീട് ജീനയുടെ പോൾ വാൾട്ടിലെ കഴിവുകളെ തിരിച്ചറിഞ്ഞ ഷിബി മാത്യു പരിശീലനം കായികാധ്യാപകൻ പി ആർ മധുവിനെ ഏൽപ്പിച്ചു. തുടർന്ന് നടന്ന കഠിന പരിശ്രമത്തിനൊടുവിലാണ് പോൾ വാൾട്ടിലെ സ്വർണക്കൊയ്ത്ത്. ബോഡി വെയ്റ്റിനനുസരിച്ച് പോൾ മാറ്റേണ്ടി വരുമെന്നും ഇതിന് ലക്ഷങ്ങൾ ചെലവാകുമെന്നും ഷിബി മാത്യു പറഞ്ഞു.
കവളങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ പത്ത് സെന്റ് സ്ഥലത്ത് ഓടിട്ട വീട്ടിൽ താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് മഴ പെയ്താൽ സമീപത്തെ തോട്ടിൽ നിന്നും വെള്ളവും കയറും.ഇതോടെ രോഗികളായ കുടുംബത്തെയുമെടുത്ത് സമീപത്തെ വീടുകളിലേക്ക് മാറേണ്ട സ്ഥിതിയാണുള്ളത്. ഇതിന് ഒരു സംരക്ഷണ ഭിത്തി പോലും കെട്ടാനായിട്ടില്ല.
ഇങ്ങനെ ജീവിത പ്രതിസന്ധിക്കിടയിൽ തന്റെ കായിക സ്വപ്‌നങ്ങളെയും നെഞ്ചോട് ചേർത്ത് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ജീന.ഇനിയും മുന്നോട്ട് പോകണമെങ്കിൽ നല്ലൊരു സ്പോൺസർ വേണം.ഒരുപാട് മെഡൽ കായികകേരളത്തിന് സമ്മാനിക്കാൻ കെൽപ്പുള്ള ജീനയെ തേടി ഒരു സ്പോൺസർ വരുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
മറുനാടന്‍ മലയാളി ലേഖകന്.