- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''സിനിമയിലൂടെ മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല; മുസ്ലിങ്ങളെ വിമർശനാത്മകമായി കാണുന്ന സിനിമ ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല'; ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാദ കാലത്ത് പറഞ്ഞത് ഇങ്ങനെ; വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
കോഴിക്കോട്: 'കാതൽ ദ കോർ' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ജിയോബേബിയെ, കോഴിക്കോട് ഫാറൂഖ് കോളജുകാർ അപമാനിച്ചുവെന്ന വാർത്തസോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിക്കഴിഞ്ഞു. ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്.
പരിപാടിക്കുവേണ്ടി കോഴിക്കോട്ട് എത്തിയപ്പോഴാണ് അതു റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിച്ചതെന്ന് ജിയോ ബേബി പറയുന്നു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താൻ അപമാനിതനായെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഇതിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
സ്വവർഗാനുരാഗിയായ ഒരു മനുഷ്യന്റെ കഥ പറയുന്ന ചിത്രമാണ് ജിയോ ബേബിയുടെ 'കാതൽ ദ കോർ'. അതുകൊണ്ടുതന്നെ മതവിരുദ്ധമാണെന്ന രീതിൽ അത് വ്യാഖ്യാനിക്കപ്പെട്ടത് തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിൽ. ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ കത്തിൽ ഇങ്ങനെ പറയുന്നു. ''ഫാറൂഖ് കോളജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023 ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്.
അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല'. ഈ കത്തും സോഷ്യൽ മീഡിയയിൽ വെറലാവുകയാണ്. പക്ഷേ അപ്പോഴാണ് പഴയ ഒരു സംഭവം സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന ജിയോബേബിയുടെ സിനിമ ഇറങ്ങിയ കാലത്തെ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൺസൈഡ് നവോത്ഥാനവാദത്തിന് ഉദാഹരമായി ചിലർ ചൂണ്ടിക്കാട്ടുന്നത്.
വിമർശനം ഓൺലി ഹൈന്ദവം മാത്രം!
'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും, ശബരിമല വിശ്വാസങ്ങളുടെ പേരിലുള്ള സ്ത്രീവിരുദ്ധതയുമൊക്കെയാണ്, പ്രമേയമാക്കിയത്. അപ്പോഴാണ് മറ്റുമതങ്ങളിലെ ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾക്കും, ദുരാചാരങ്ങൾക്കും എതിരെ നിങ്ങൾ സിനിമയെടുക്കുമോ എന്ന ചോദ്യം ജിയോ ബേബിക്കുനേരെ ഉയർന്നത്. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.- ''എന്നെ സംബന്ധിച്ചിടത്തോളം, സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയും മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല. ഇവൻ മുസ്ലിങ്ങളെ വിമർശിച്ച് സിനിമയെടുക്കൂലെ എന്നാരെങ്കിലും ചോദിച്ചാൽ മുസ്ലിങ്ങളെ വിമർശനാത്മകമായി കാണുന്ന സിനിമ ചെയ്യാൻ തത്ക്കാലം എനിക്ക് ഉദ്ദേശമില്ല എന്ന് തന്നെയാണ് ഉത്തരം. അതെന്റെ തീരുമാനമാണ്. ആവശ്യത്തിലധികം പ്രശ്നങ്ങൾ ആ ജനത അനുഭവിക്കുന്നുണ്ട്. സിനിമ എടുത്തിട്ട് അതിനാക്കം കൂട്ടാൻ ഞാനാഗ്രഹിക്കുന്നില്ല''- ജിയോ ബേബി വ്യക്തമാക്കി.
പക്ഷേ അന്നുതന്നെ ഈ മറുപടി വിവാദമായിരുന്നു. മുസ്ലീങ്ങൾക്ക് എതിരെ നിങ്ങൾ സിനിമയെടുക്കുമോ എന്നായിരുന്നില്ല ജിയോ ബേബിക്കുനേരെ വന്ന ചോദ്യം. ഇസ്ലാം അടക്കമുള്ള മറ്റ മതങ്ങളിലെ അനാചാരങ്ങൾക്ക് എതിരെയും നിങ്ങൾ പ്രതികരിക്കമോ എന്നതായിരുന്നു. എന്നാൽ അതിന്റെ വളച്ചൊടിച്ച് ജിയോബേബി മുസ്ലീങ്ങൾക്ക് എതിരെയാക്കി. എന്നിട്ട് അവിടെ അവർ ഇരകൾ ആണെന്ന പതിവ് വാദവും ഉണ്ടാക്കി. ഈ വൺസൈഡ് നവോത്ഥാന വാദത്തിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കിട്ടുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്. -'' മതം എന്നത് അത് ഏതായാലും അന്ധവിശ്വാസങ്ങുടെ കൂട് തന്നെയാണ്. അതിൽ ആധുനിക ജനാധിപത്യമൂല്യങ്ങൾ വരുന്നില്ല. ഇപ്പോൾ ഒറ്റ സിനിമ കൊണ്ട് ജിയോബേബിക്ക് അത് മനസ്സിലായിക്കാണും. കാതൽ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം നിരോധിച്ചിരിക്കയാണ്. അതിന്റെ തുടർച്ചയാണ് ഫാറൂഖ് കോളജിലും സംഭവിച്ചത്. മതങ്ങളെ തൂക്കിനോക്കുമ്പോൾ മതേതര വാദികൾക്ക് കൈവിറക്കരുത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണിത്. മത വിമർശനം എന്നാൽ ഓൺലി ഹൈന്ദവം മാത്രം എന്ന നിലപാടിൽനിന്ന് നാം പുറത്തുകടക്കണ്ടതുണ്ട്. ''- സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ നിക്സൻ ചൂണ്ടിക്കാട്ടുന്നു.
''.ഈ മതം അങ്ങനെയാണെന്ന് ജിയോ ബേബിക്ക് അറിയാഞ്ഞിട്ടല്ല. പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ ആവരണം തീർത്ത് ഇസ്ലാമിനെ തൊടാൻ മടിക്കുന്ന വൺസൈഡ് മതേതരവാദികളുടെ കൂട്ടത്തിലേക്ക് കയറി നില്ക്കുകയാണ് അദ്ദേഹം. എന്നു മാത്രവുമല്ല, പേരിനെങ്കിലും മുസ്ലിം പൗരോഹിത്യത്തെ എതിർത്ത്, സിനിമയോ നാടകമോ ഒക്കെ എടുക്കാൻ ശ്രമിക്കുന്നവരെ സംശയത്തിന്റെ മുൻവിധിയുണ്ടാക്കുക എന്നത് കൂടിയാണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത്. അതു കൊണ്ട് തൽക്കാലം ജിയോ ബേബിക്കു പിന്തുണ കൊടുക്കാൻ മനസില്ല എന്നു വേണം പറയാൻ.''- സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.
അനുകൂലിച്ചും എതിർത്തും ചർച്ചകൾ
അതിനിടെ ഫാറൂഖ് കോളേജിലെ സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോളേജിന് പിന്തുണയുമായി, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെതി. സംവിധായകൻ ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെത്തന്നെ, 'എന്റെ സിനിമകണ്ട് പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണെന്ന്' പറയുന്ന ഒരു മനുഷ്യനെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ട എന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് പി.കെ. നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ജിയോ ബേബിയുടെ പ്രതിഷേധത്തോടൊപ്പം നിൽക്കുന്നുവെന്ന് നടി മാലാ പാർവതിയും അറിയിച്ചു. പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന, സമൂഹത്തെ മുന്നോട്ട് നയിക്കുന്ന, നല്ല രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന, ഇന്ത്യയിലെ തന്നെ മികച്ച സിനിമാ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ ധാർമിക നിലപാടുകളുടെ പ്രശ്നം എന്താണ് എന്ന് ഫാറൂഖ് കോളജിലെ വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കണമെന്നും മാലാ പാർവതി പറഞ്ഞു.
''അരികുവൽകരിക്കപ്പെടുന്നവരുടെയും സാധാരണക്കാരന്റെയും ഒപ്പമാണ് ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകൻ. മനുഷ്യത്വഹീനമായ പ്രവൃത്തികൾ, അത് ആർക്കു നേരെയാണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്. നീതിയും സമത്വവും മനുഷ്യത്വവുമാണ് ജിയോ മുന്നോട്ടു വച്ചിട്ടുള്ള ധാർമിക മൂല്യങ്ങൾ. മലയാള സിനിമയെത്തന്നെ പ്രശസ്തിയിലേക്കെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ് ഫാറൂക്ക് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ? ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.'' മാലാ പാർവതി ചോദിച്ചു. ഈ രീതിയിൽ സോഷ്യൽ മീഡിയയിലും ചർച്ചകൾ പുരോഗമിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ