പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്ക് മടങ്ങുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ എഎസ്ഐ മദ്യപിച്ച് ബഹളം കൂട്ടി. എസ്‌പിയുടെ നിർദ്ദേശ പ്രകാരം കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധന നടത്താനുള്ള ശ്രമത്തിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫാണ് മദ്യപിച്ച് ബഹളം കൂട്ടിയത്. ഇന്നലെ രാവിലെ ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടങ്ങിയ തിരുവാഭരണ സംഘം ളാഹ സത്രത്തിൽ വിശ്രമിക്കുമ്പോൾ രാത്രിയിലാണ് ജെസ് ജോസഫ് മദ്യപിച്ചെത്തിയതെന്ന് പറയുന്നു.

തിരുവാഭരണം മകരവിളക്കിന് സന്നിധാനത്ത് എത്തിച്ച ശേഷം മാതാവിന് രോഗമുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജെസ് ഇന്നലെയാണ് തിരിച്ചു വന്നത്. വന്നപ്പോൾ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പറയുന്നു. തിരുവാഭരണത്തിന്റെ ഗാർഡ് ഡ്യൂട്ടിയിലുള്ള ജെസ് ബഹളം കൂട്ടിയതോടെ വിവരം ആരോ എസ്‌പിയെ അറിയിച്ചു.

തുടർന്ന് എസ്‌പിയുടെ നിർദ്ദേശപ്രകാരം ഇയാളെ കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധന നടത്താൻ ഇൻസ്പെക്ടർ എത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.