കോട്ടയം: ജെസ്ന തിരോധാന കേസിൽ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് സിബിഐ ആരോപിച്ച് അന്വേഷണം നിർത്തുമ്പോൾ ജെസ്‌നയെ കണ്ടെത്തിയതിന്റെ തൊട്ടുടത്ത് എത്തിയെന്ന് കേരളത്തിന്റെ ക്രൈംബ്രാഞ്ച് പറഞ്ഞതിന് പിന്നിലെ കാര്യകാരണങ്ങൾ ഇനിയും അജ്ഞാതം. കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി കാട്ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം ആരോപിക്കുന്നത്. കോവിഡിനിടെയാണ് അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരിയുടെ വെളിപ്പെടുത്തൽ എത്തിയത്. പത്തനംതിട്ട എസ് പിയായിരുന്ന കെ ജി സൈമൺ ജെസ്‌നയെ കണ്ടെത്തിയെന്നായിരുന്നു ആ സൂചനകൾ. പക്ഷേ ആ അന്വേഷണം എങ്ങും എത്തിയില്ല.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പൊലീസ് സംഘം പല തവണ ജെസ്‌നയെ തേടിയെങ്കിലും ഫലമുണ്ടായില്ല. പ്രശസ്ത കുറ്റാന്വേഷകനായ കെ.ജി.സൈമൺ പത്തനംതിട്ട എസ്‌പി ആയതോടെ കേസ് തെളിയുമെന്ന പ്രതീക്ഷയുണ്ടായി. ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന സൂചനയാണ് സൈമൺ പങ്കുവച്ചത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും അന്വേഷണ സംഘം ജെസ്‌നയുടെ അരികിൽ എത്തിയെന്ന സൂചനയാണ് നൽകിയത്. പക്ഷേ, ജെസ്‌നയെ ഒരു അന്വേഷണ സംഘത്തിനും കണ്ടെത്താനാകുന്നില്ല. സിബിഐയും കൈമലർത്തി. ജെസ്‌ന ജീവനോടെയുണ്ടെന്ന് തന്നെയാണ് സിബിഐയുടേയും വിലയിരുത്തൽ. തച്ചങ്കരിയും സൈമണും ഇനി പഴയ പ്രസ്താവനകളോട് പ്രതികരിക്കുമോ എന്നതും നിർണ്ണായകമാണ്.

സിബിഐയുടെ ക്ലോഷർ റിപ്പോർട്ടിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ജസ്‌നയെ കാണാതായി ആദ്യ 48 മണിക്കൂറുകളിൽ പൊലീസ് ഒന്നും ചെയ്തില്ലെന്നും ഒരു മാൻ മിസ്സിങ് കേസിൽ ആദ്യ മണിക്കൂറുകൾ നിർണായകമാണെന്നിരിക്കെയാണ് ഇത്തരമൊരു വീഴ്ചയെന്നും സിബിഐ ആരോപിക്കുന്നു. അതോടൊപ്പം ജസ്‌ന ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും എന്നാൽ അത്തരത്തിൽ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്നയുടെ യാത്ര. ജെസ്നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കേരള പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം സിബിഐ അന്വേഷണവും ശരിവയ്ക്കുന്നുവെന്നതാണ് വസ്തുത.

കാണാതായി ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്നും ജസ്‌നയുടെ തിരോധാനത്തിൽ പിതാവിനോ സുഹൃത്തിനോ ഒരു പങ്കുമില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അന്വേഷണമാണ്് സിബിഐ അവസാനിപ്പിച്ചത്. കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ച് റിപ്പോർട്ടും നൽകി. ജെസ്‌നയ്ക്ക് എന്തുസംഭവിച്ചെന്ന് തങ്ങൾക്ക് കണ്ടെത്താനായില്ലെന്നും തിരോധാനം സംബന്ധിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചു.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടിൽ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. ജെസ്നയുടെ അവസാന സന്ദേശം അയാം ഗോയിങ് ടു ഡൈ എന്നായിരുന്നു എന്നും പറയുന്നു. കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. ഒടുവിൽ കഴിഞ്ഞ ഏപ്രിലിൽ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ പ്രചാരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് സിബിഐ തന്നെ സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം ജെസ്ന സിറിയിയിൽ എന്ന നിലയിൽ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ വിശദീകരണം നൽകിയത്. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹർജിയിൽ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

രാവിലെ എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയതാണ് ജെസ്‌ന മരിയ ജെയിംസ്. പിന്നീട് എന്ത് സംഭവിച്ചൂവെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തെറ്റെന്നും സിബിഐ കണ്ടെത്തി. ഇതിനിടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സിബിഐക്ക് ഫോൺവിളിയെത്തുന്നത്. പോക്‌സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജെസ്‌ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു.

മൊഴിയിലെ പ്രധാന ഭാഗം ഇങ്ങിനെയായിരുന്നു. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കൽ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൽ സിബിഐ പരിശോധന നടത്തി. എന്നാൽ ഭാവന മാത്രമാണ് ഈ മൊഴിയെന്നായിരുന്നു കണ്ടെത്തിയത്. അതോടെ ജെസ്‌ന അന്വേഷണം എങ്ങുമെത്താതെയായി.

സെൻട്രൽ ജയിലിലെ പ്രതി നൽകിയ മേൽവിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസം. പത്തനംതിട്ടയിലെ മേൽവിലാസവും ശരിയാണ്. പക്ഷെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്. രണ്ട് പ്രതികൾ ജയിലിൽ നടത്തിയ സംഭാഷണമായതിനാൽ ജെസ്‌നയേക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആണെന്നും വ്യക്തമായി. ഇതിനൊപ്പം മറ്റു ചിലതു കൂടി സിബിഐ കണ്ടെത്തി. ജന്മനാ തന്നെ തട്ടിപ്പു നടത്തുന്ന വ്യക്തിയാണ് ഒളിവിലുള്ളത്. ഭാവനയിൽ മെനഞ്ഞെടുക്കുന്ന കഥ ഉപയോഗിച്ച് പോക്സോ കേസിലെ പ്രതിയെ പറ്റിക്കാനായിരുന്നു ശ്രമം.

പത്താംക്ലാസ് പോലും ജയിക്കാത്ത വ്യക്തിയാണ് പത്തനംതിട്ടയിലെ കള്ളൻ. ഇയാൾ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് പറഞ്ഞ് പോക്സോ കേസിലെ പ്രതിയിൽ നിന്നും അഞ്ചു ലക്ഷവും വാങ്ങിയത്രേ. കേസിൽ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിന് വേണ്ടി വിശ്വാസ്യത നേടാൻ പല കഥകളും പറഞ്ഞു. അതിൽ ഒന്നു മാത്രമാണ് ജെസ്നയിലെ വീരവാദം. അതുകൊണ്ട് തന്നെ ഇതിന് പിറകേ പോകേണ്ടതില്ലെന്ന് സിബിഐ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ പല കഥകൾക്ക് വഴിവച്ചതായിരുന്നു ജെസ്‌നയുടെ തിരോധാനം.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്‌ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതും കേസ് അന്വേഷണത്തെ അട്ടിമറിച്ചു.