- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവർത്തനാത്മക ശക്തിയുടെ തെളിവ്; ജെസ്നാ സലിമിനെ താരമാക്കി പ്രധാനമന്ത്രിയുടെ പോസ്റ്റ്; മകളുടെ കല്യാണ തിരിക്കിനിടെയിലെ സുരേഷ് ഗോപിയുടെ ഇടപെടൽ ചർച്ചകളിൽ; ഇത് കണ്ണനെ സ്നേഹിക്കും കൊയിലാണ്ടിക്കാരിയുടെ ഭക്തിക്കഥ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ പെയിന്റിങ് സമ്മാനിച്ച മലയാളി യുവതി സോഷ്യൽ മീഡിയയിൽ താരം. കൊയിലാണ്ടി സ്വദേശി ജസ്‌ന സലിമാണ് മോദിക്ക് താൻ വരച്ച ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനമായി നൽകിയത്. സമ്മാനം ലഭിച്ചതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. മലയാളത്തിലായിരുന്നു പോസ്റ്റ്.
ഗുരുവായൂരിൽവച്ച് ജസ്ന സലിം ജി വരച്ച കൃഷ്ണന്റെ ചിത്രം എനിക്കു സമ്മാനിച്ചു. കൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവർത്തനാത്മക ശക്തിയുടെ തെളിവാണ്. പ്രധാന ഉത്സവങ്ങളിൽ ഉൾപ്പെടെ ഗുരുവായൂരിൽ വർഷങ്ങളായി ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ അവർ സമർപ്പിക്കുന്നുണ്ട്-മോദി എക്‌സിൽ കുറിച്ചു. ശ്രീകൃഷ്ണന്റെ കടുത്ത ആരാധികയാണ് കൊയിലാണ്ടി സ്വദേശിയായ ജസ്‌ന സലിം. ഇതുവരെ കൃഷ്ണന്റെ 500ഓളം ചിത്രങ്ങൾ വരച്ചു. നിരവധി ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിനാണ് നൽകിയത്. വളരെ ചെറുപ്പം മുതലേ കൃഷ്ണന്റെ ആരാധികയാണ് ജസ്‌ന. ചെറുപ്പത്തിൽ ഉമ്മ തന്നെ കണ്ണനെന്നാണ് വിളിച്ചിരുന്നതെന്ന് ജസ്‌ന പറയുന്നു. പിന്നീട് സഹോദരങ്ങളും അങ്ങനെ വിളിച്ചു. ഭർത്താവും തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്നും ജസ്‌ന പറയുന്നു.
24ാം വയസ്സിലാണ് ആദ്യമായി കൃഷ്ണന്റെ ചിത്രം വരക്കുന്നത്. അതും ന്യൂസ് പേപ്പറിൽ. അതുവരെ ചിത്രം വരച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് നിരവധി ചിത്രങ്ങൾ വരച്ചു. ഭർത്താവും കുടുംബവും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും ജസ്‌ന പറഞ്ഞു. ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലീമിന്റെ ആഗ്രഹം സഫലമാക്കിയത് സുരേഷ് ഗോപിയാണ്. മകൾ ഭാഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്‌ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കുകയായിരുന്നു.
പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിലും ചിത്രം കൈമാറാൻ സാധിച്ചതിലുമുള്ള സന്തോഷം യുവതി പ്രകടിപ്പിച്ചിരുന്നു. ഒരു അച്ഛന്റെ തിരക്കിലും സമ്മർദ്ദത്തിനുമിടയിൽ തന്നെ പരിഗണിച്ചതിന് സുരേഷ് ഗോപിക്കും ജസ്‌ന നന്ദി പറഞ്ഞു. ''പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാൻ വേണ്ടിയും സുരേഷേട്ടന്റെ മകളുടെ കല്യാണം കാണാനും വേണ്ടിയാണ് ഗുരുവായൂർ അമ്പലത്തിൽ എത്തിയത്. രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. സ്വന്തം മകളുടെ വിവാഹമായിട്ടും ആ തിരക്കിനിടയിലാണ് എന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകാൻ സുരേഷേട്ടൻ സഹായിച്ചത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. കല്യാണ തിരക്കിലും എന്റെ പേപ്പറുകളെല്ലാം ശരിയാക്കി തന്ന് പ്രധാനമന്ത്രിക്കരികിലെത്തിച്ചു''.
''ഒരുപാട് സന്തോഷമുണ്ട്. വലിയ ഒരു ആഗ്രഹമാണ് സഫലമായത്. ഭഗവാൻ ശ്രീകൃഷ്ണനെ വരച്ചു തുടങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് പ്രധാനമന്ത്രിക്ക് ഒരു ചിത്രം നൽകണമെന്നുള്ളത്. ആ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം കൊണ്ട് ഗുരുവായൂരിൽ ഒരു ഫോട്ടോ കൂടി ഞാൻ സമർപ്പിക്കും. സുരേഷേട്ടൻ എനിക്കൊരു സമ്മാനവും തന്നു. ഒരു സെറ്റ് സാരി. മകളുടെ വിവാഹം എന്നു പറയുന്നത് ഏതൊരാൾക്കും വലിയ ടെൻഷൻ ഉണ്ടാക്കുന്ന സമയമാണ്. അതിനിടെയാണ് സുരേഷേട്ടൻ നമ്മളെ പോലുള്ളവരെ പരിഗണിക്കുന്നത്''- ജസ്‌ന സലീം പറഞ്ഞിരുന്നു.
രാത്രി ഉറക്കമിളച്ചും തന്റെ പണി ചെയ്യാറുണ്ട് ജസ്ന. ചെറുപ്പത്തിൽ കണ്ണൻ എന്നാണ് ജസ്നയെ വീട്ടുകാർ വിളിച്ചിരുന്നത്. അപ്പോൾ കണ്ണനെ കണ്ടിട്ടില്ല, ആരാണ് കണ്ണൻ എന്ന് അറിയില്ല. വീടിന്റെ അടുത്ത് അമ്പലവും കാര്യങ്ങളും ഒന്നും തന്നെയില്ല. വിവാഹം കഴിഞ്ഞശേഷം ഭർത്താവാണ് കണ്ണനെ ആദ്യമായി ജെസ്‌നയ്ക്ക് കാണിച്ചു കൊടുക്കുന്നത്.
ഗുരുവായൂരിൽവച്ച് ജസ്ന സലിം ജി വരച്ച കൃഷ്ണന്റെ ചിത്രം എനിക്കു സമ്മാനിച്ചു. കൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവർത്തനാത്മക ശക്തിയുടെ തെളിവാണ്. പ്രധാന ഉത്സവങ്ങളിൽ ഉൾപ്പെടെ ഗുരുവായൂരിൽ വർഷങ്ങളായി ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ അവർ സമർപ്പിക്കുന്നുണ്ട്. pic.twitter.com/8UjsGU7GJL
- Narendra Modi (@narendramodi) January 18, 2024


