- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹതടവുകാരോട് സംസാരിക്കുന്നത് ഫാഷൻ ഷോയെ കുറിച്ച്; വനിതയും ഗൃഹലക്ഷ്മിയും വായിച്ചു ബോറടി മാറ്റും; അമ്മയും മകനും വന്നതോടെ സന്തോഷം ഇരട്ടിച്ചു; ഭർത്താവ് വരാത്തതിൽ ദുഃഖമില്ല; ജയിലിൽ നിന്നിറങ്ങി മോഡലിങ് രംഗത്ത് സജീവമാകുമെന്നും വീമ്പ് പറച്ചിൽ; കള്ളനോട്ട് കേസ് പ്രതി ജിഷ മാവേലിക്കര സബ് ജയിലിൽ ഹാപ്പി
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലാകുമ്പോൾ കടുത്ത വിഷാദരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട ജിഷമോൾ ഇപ്പോൾ ഹാപ്പിയാണ്. പുറത്തെക്കാൾ സുഖം ജയിലിലാണെന്നാണ് വിലയിരുത്തൽ. ആരാധനയോടെ അടുത്ത് കൂടുന്ന തടവുകാരോട് മോഡലിംഗിനെയും ഫാഷൻ ഷോയേയും കുറിച്ച് വാതോരാതെ സംസാരിക്കും. സത്യത്തിൽ സഹതടവുകാർക്ക് മോഡലിങ് സംബന്ധിച്ച് ക്ലാസെടുപ്പാണ് ജിഷ മോളുടെ പ്രധാന ഹോബി. മോഷണം അടക്കം വിവിധ കുറ്റകൃത്യങ്ങളിൽ പ്പെട്ട വിരലിൽ എണ്ണാവുന്ന തടവുകാരെ ജിഷക്ക് ഒപ്പം ഉള്ളൂ. അവരുടെ മുന്നിൽ താരപരിവേഷത്തോടെയാണ് കഴിയുന്നത്. ജിഷയുടെ സഹായിയായും ചില തടവുകാർ ഉണ്ട്. സെല്ല് വൃത്തിയാക്കൽ , തുണി അലക്കൽ എന്നിവയ്ക്കാണ് ജിഷയ്ക്ക് സഹായി ഉള്ളതായി അറിയുന്നത്.
വായിക്കാൻ വനിതയും ഗൃഹലക്ഷ്മിയും ദിനപത്രങ്ങളും ആഴ്ചയിലൊരിക്കൽ മട്ട കൂട്ടി ഉച്ചയൂണ്. ഒന്നിനും കുറവില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും ടി.വി കാണാനും കഴിയും. എല്ലാം കൂടി നോക്കുമ്പോൾ ജിഷയ്ക്ക് ജയിലിൽ സുഖവാസം തന്നെ. ഇവിടെ സഹതടവുകാരുമായി സഹകരിച്ചു സന്തോഷത്തോടെയാണു കഴിയുന്നതെന്നു ജയിൽ അധികൃതരും അറിയിച്ചു. കൃത്യമായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. മുടങ്ങാതെ പത്രം വായിക്കും, വനിതാ പ്രസിദ്ധീകരണങ്ങളും വായിക്കാറുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. ജിഷയുടെ അമ്മയാണ് മിക്കവാറും കാണാൻ വരുന്നത്.
മകനെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നു കഴിഞ്ഞയാഴ്ച അമ്മ ജിഷയുടെ മകനുമൊത്താണു വന്നത്. ഭർത്താവ് വരാറില്ല.അതിൽ ജിഷയ്ക്ക് ദുഃഖവുമില്ല. അന്വേഷണ സംഘം ഒരു തവണ ജയിലിലെത്തി ജിഷയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായപ്പോൾ തന്നെ വിഷാദ രോഗമാണെന്നും ചികിത്സ വേണമന്നും ജിഷ മോളുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കോടതി നിർദ്ദേശ പ്രകാരം മൂന്നാഴ്ചയിൽ കൂടുതൽ ജിഷ മോൾ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. ജിഷ മോൾ അറസ്റ്റിലായപ്പോൾ ഇവരുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് കഥകളും പുറത്ത് വന്നിരുന്നു.
ജിഷമോൾ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെയാണ് ഹണിട്രാപ് പ്രയോഗിച്ചത്. ഇക്കാര്യം അന്ന് ജിഷാമോളോടൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരാണ് വെളിപ്പെടുത്തിയത്. ജിഷ ഏതാനും വർഷം മുൻപ് മാരാരിക്കുളം തെക്ക് കൃഷിഭവനിൽ ജോലി ചെയ്യുമ്പോഴാണിത്. ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ പെടുത്താൻ നോക്കിയത്.എലിക്കെണി പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാനുള്ള തന്ത്രമായി അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ പ്രതികൂട്ടിൽ നിർത്തുകയായിരുന്നു തന്ത്രം.
ജിഷ മോൾ മരാരികുളത്ത് ജോലി ചെയ്യുമ്പോൾ കേരഗ്രാമം പദ്ധതിയിലും ക്രമക്കേടു കണ്ടെത്തിയിരുന്നു. അതും ഉന്നത സ്വാധീനത്തിൽ നടപടി എടുക്കാതെ മുക്കി. മാരാരിക്കുളം തെക്ക് കൃഷിമന് കീഴിലെ കർഷകർക്ക് 50% സബ്സിഡിയിൽ എലിക്കെണി നൽകുന്ന പദ്ധതിയിൽ 360 എലിക്കെണി നൽകേണ്ടിയിരുന്നു. എന്നാൽ, 54 പേർക്കേ നൽകിയുള്ളൂ എന്നും കുറച്ചെണ്ണം കൃഷിഭവനിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. കണക്കു പരിശോധിച്ചപ്പോൾ ആകെ 116 എണ്ണത്തിന്റെ കണക്കേ ഉണ്ടായിരുന്നുള്ളൂ. കൃഷി ഓഫിസർ 88,000 രൂപ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദ്ദേശിക്കുകയും ചെയ്തു. ഇതെപ്പറ്റി അന്വേഷിക്കാനെത്തിയ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണിട്രാപ്പിൽ പെടുത്തിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജ പരാതി നൽകിയെന്നും അറിയുന്നു. സമ്മർദ്ദങ്ങൾക്കോ മറ്റ് ഉന്നത ശുപാർശകൾക്കോ വഴങ്ങാത്തതിനാലാണ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ പെടുത്തിയത്.
ഒടുവിൽ ജിഷ മോൾക്കെതിരെയുള്ള നടപടി അവസാനിപ്പിച്ച് സ്ഥലം മാറ്റം വാങ്ങി പോയാണ് ഉദ്യോഗസ്ഥൻ പ്രശ്നത്തിൽ നിന്നും തലയൂരിയത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് വിജിലൻസ് ഉദ്യോഗസ്ഥനെ സമ്മർദത്തിലാക്കിയ ജിഷമോൾ വഴിപ്പെടാതെ വന്നതോടെയാണ് ഹണി ട്രാപ്പ് പ്രയോഗിച്ചത്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കളരിപരിശീലകനായ സുഹൃത്തിനെക്കുറിച്ചും പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു നൽകിയത്. ഇതിന് പുറമെ പിന്നീട്അറസ്റ്റിലായ ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെതിരെ വേറെയും കള്ളനോട്ട് കേസുണ്ടെന്ന് വ്യക്തമായി.ഇതോടെയാണ് കേസിന്റെ നെറ്റ് വർക്ക് സംബന്ധിച്ച വിവരങ്ങൾ പൂർണമായും അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് 24 നാണ് ചികിത്സ പൂർത്തിയായതിനെ തുടർന്ന് ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തിരികെ ജയിലിൽ എത്തിച്ചത്.
കേസ് അന്വേഷണം കഴിഞ്ഞ മാസം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഫലയലുകൾ ആലപ്പുഴ സൗത്ത് പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷം ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ജിഷയെ കാണാനും ജയിലിൽ എത്തിയിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിഷ മോൾക്ക് എങ്ങനെയാണ് കള്ളനോട്ട് ലഭിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് സ്വദേശിയായ സനീറും കണ്ണൂർ സ്വദേശിയായ അഖിലും ചേർന്ന് ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിമിനു കള്ളനോട്ടുകൾ കൈമാറും.
ഇതിന് ശേഷം ഇയാളാണ് ആലപ്പുഴ സ്വദേശിയായ ഷിഫാസിനു പണം കൈമാറുന്നത്. ഷിഫാസ് ഗോകുലിനു നോട്ടുകൾ കൈമാറി. ഗോകുലിന്റെ സുഹൃത്താണ് ഗുരുപുരം സ്വദേശിയും കളരി ആശാനുമായ അജീഷ്. അജീഷ് വഴിയാണ് ജിഷമോൾക്കു കള്ളനോട്ടുകൾ ലഭിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്