തൊടുപുഴ:പിണങ്ങിപ്പോയ കാമുകിയെ സമ്മർദ്ദത്തിലാക്കി, ഒപ്പം കൂട്ടുന്നതിനുള്ള തന്ത്രമായിരുന്നു ആംബുലൻസ് ഡ്രൈവർ കോലാനി സ്വദേശി ജോജോ ജോർജ്ജിന്റെ ആത്മഹത്യ ശ്രമമെന്ന് സംശയം അതിശക്തം. കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പാലത്തിൽ നിന്നുമാണ് ജോജോ പുഴയിലേയ്ക്ക് ചാടിയത്. ചാടിയ ഭാഗത്തുനിന്നും മീറ്റുകൾ മാത്രം അകലെ പാലത്തിന്റെ തൂണിൽ പിടിച്ചുനിൽക്കുന്ന നിലയിലാണ് പിന്നീട് രക്ഷപ്രവർത്തകർ ഇയാളെ കാണുന്നത്.

നീന്തൽ അറിയാമായിരുന്നതിനാൽ രക്ഷപെടാൻ കഴിയുമെന്ന ആത്മവിശ്വത്തിലാണ് ഇയാൾ പുഴയിൽച്ചാടിയതെന്നും ഒഴുക്കിൽപ്പെട്ടപ്പോൾ നീന്തിയെത്തി പാലത്തിന്റെ തൂണിൽപ്പിടിച്ച് ജീവൻ സുരക്ഷിതമാക്കുകയായിരുന്നെന്നുമാണ് രക്ഷാപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. മൂന്നുവർഷം മുമ്പ് പ്രണയത്തിൽക്കുടുക്കി സ്വന്തമാക്കിയ നേഴ്സുമായി ജോജോ കുടുംബജീവിതം ആരംഭിച്ചിരുന്നെങ്കിലും അസ്വരാസ്യങ്ങളെത്തുടർന്ന് ഈ ബന്ധം തകർന്നിരുന്നു.പിന്നീട് കഷ്ടപ്പെട്ട് വളച്ചെടുത്ത ഇടുക്കിക്കാരിയായ നേഴ്സും കൈവിട്ടതോടെയാണ് ജോജോ ആത്മഹത്യ നാടകവുമായി ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പൊലീസ് നടത്തിയ വിവരശേഖരണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ കരയ്ക്കെത്തിച്ചത്. വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം. ജോജോ പാലത്തിൽ നിന്നും ചാടുന്നത് കണ്ട വഴിയാത്രക്കാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ച പ്രകാരം ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി.പുഴയിൽ ഇറങ്ങി ,ജോജോയുടെ അടുത്തെത്തി ധൈര്യം പകരുന്നതിനായിരുന്നു ദൗത്യസംഘത്തിന്റെ ആദ്യനീക്കം.ഇത് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ പാലത്തിൽ നിന്നും കെട്ടിയ വടത്തിൽ തൂങ്ങി സേനാംഗങ്ങൾ ജോജോ നിലയുറപ്പിച്ചിരുന്ന പാലത്തിന്റെ തൂണിന് സമീപം എത്തി.തുടർന്ന് ഇയാളെ വല ഉപയോഗിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.

ഒരു മാസം മുമ്പാണ് സർക്കാർ ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്ന നേഴ്സിനെ കാണാതാവുന്നത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ജോജോയ്ക്കൊപ്പം കോലാനിയിലെ വീട്ടിൽ താമസം ആരംഭിച്ചതായി വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ജോജോ മറ്റൊരു യുവതിയെയും ഇത്തരത്തിൽ വീട്ടിൽകൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന വിവരം നഴ്സ് അറിഞ്ഞതോടെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കായി.ഒത്തുപോകാൻ കഴിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്.

ഇതോടെ മാതാപിതാക്കളെ വിളിച്ചു വരുത്തി,സ്വന്തം വീട്ടിലേയ്ക്ക് പോകാൻ യുവതി തീരുമാനിച്ചു.യുവതി അറിയിച്ചത് പ്രകാരം മാതാപിതാക്കൾ കോലാനിയിലെ വീട്ടിൽ എത്തി മകളെ കൊണ്ടുപോകാൻ തുനിഞ്ഞപ്പോൾ ജോജോ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. വാക്കേറ്റം കയ്യാങ്കളിയിലാണ് അവസാനിച്ചത്. തുടർന്ന് യുവതിയുടെ വീട്ടുകാർ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഈ പരാതി അന്വേഷണത്തിനായി തൊടുപുഴ പൊലീസിൽ എത്തുകയും ഇരുകൂട്ടരെയും വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

മാതാപിതാക്കൾക്കൊപ്പം പോകാനാണ് താൽപര്യം എന്നായിരുന്നു യുവതിയുടെ നിലപാട്. മറ്റ് നിയമ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പൊലീസ് ഇതിന് സമ്മതം മൂളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഷനിൽ നിന്നിറങ്ങിയ ജോജോ പുഴയിൽച്ചാടുന്നത്. ആശുപത്രിയിൽ എത്തിച്ച ജോജോ കാര്യമായ ശാരീക അസ്വസ്ഥതകൾ ഇല്ലായിരുന്നെന്നാണ് ലഭ്യമായ വിവരം. രക്ഷാപ്രവർത്തനത്തിന് ഡിവൈഎസ്‌പി എം.ആർ.മധുബാബു, സിഐ വി സി.വിഷ്ണുകുമാർ എന്നിവർ നേതൃത്വം നൽകി.