- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വെളിച്ചമായ ദമ്പതികൾ; 50 ാം വിവാഹവാർഷിക ദിനത്തിൽ ആഡംബരമൊഴിവാക്കി സഹായിക്കുന്നത് 50 ആലംബഹീനരായ സ്ത്രീകളെ; കളത്തിപ്പടി സ്വദേശി ജോസഫും സ്വിറ്റ്സർലൻഡുകാരി സൂസന്നയും നാടിന് പകർന്ന് നൽകുന്നത് കരുണ വറ്റാത്ത മനസ്സുകൾ ഇന്നും അന്യമല്ലെന്ന സന്ദേശം
കോട്ടയം:ജോസഫിന്റെ ജീവിതം തന്നെ ഒരർത്ഥത്തിൽ പറഞ്ഞാൽ ഭിന്നശേഷിക്കാർക്കു വെളിച്ചം പകർന്ന് നൽകുന്ന ഒന്നാണ്.നിരാലംബരെ സഹായിക്കുക എന്നത് തന്റെ ജോലിയിൽനിന്നാണ് ജോസഫ് ആദ്യം പഠിച്ചെടുത്തത്.അറുപതുകളിൽ ജോസഫ് സ്വിറ്റ്സർലൻഡിൽ എത്തിയത് തിയോളജി പഠിക്കാനാണ്. പക്ഷേ അവിടെ ചെന്നപ്പോൾ പഠിച്ചതാകട്ടെ സൈക്കോളജിയും.ജോലിചെയ്തത് സ്വിസ് സർക്കാർ വകുപ്പിൽ. ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് എങ്ങനെ സ്വന്തം വീട്ടിൽ ജീവിച്ച് വരുമാനമുണ്ടാക്കാമെന്ന് കണ്ടെത്തുകയായിരുന്നു ജോലി. 30 വർഷം തൊഴിലിടത്തിൽ എത്രയോ പേരെ സ്വന്തം ചുമലിൽ ജീവിതത്തെ താങ്ങിനിർത്താൻ സഹായിച്ചു.പക്ഷേ സ്വന്തം നാട്ടിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രയാസം അദ്ദേഹത്തിന്റെ മനസ്സിൽ മാറാതെ നിന്നു.
സൂസൻ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ ഇക്കാര്യത്തിൽ എന്ത് ചെയ്യാമെന്നായി ഇരുവരുടേയും ചിന്ത. 1977-ൽ സ്വിറ്റ്സർലൻഡിൽ 'റീഹാസ്വിസ്' എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപംകൊടുത്തു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ മുതൽ സ്വിസ് സർക്കാർ ഉൾപ്പെടെ പലയിടത്തുനിന്നും സഹായം വാങ്ങി ഇന്ത്യയിൽ ഭിന്നശേഷിക്കാർക്ക് ജോസഫ് സഹായം എത്തിച്ചുകൊടുത്തു തുടങ്ങി. സ്വന്തം വീട്ടിൽ ജീവിച്ച് സ്ഥിരവരുമാനം കണ്ടെത്താനുള്ള അവസരമാണ് ഓരോത്തർക്കും നൽകിയത്. അതിലൂടെ അരലക്ഷത്തിലേറെ പേർക്കാണ് പ്രതീക്ഷയുടെ പുതുവഴി തുറന്നത്.
കളത്തിപ്പടി സൂസൻ വില്ലയിൽ താമസിക്കുന്ന കോട്ടയം തോട്ടയ്ക്കാട് കൊണ്ടോടിക്കൽ ഏർത്തോട്ട് വീട്ടിൽ ജോസഫും ഭാര്യ സ്വിറ്റ്സർലൻഡ് സ്വദേശിനി സൂസന്നയും വിവാഹത്തിന്റെ 50-ാം വാർഷികം ഇക്കുറി ആഡംബരമാക്കിയില്ല.പകരം വലിയൊരു തീരുമാനമാണ് അവരെടുത്ത്.ക്രിസ്മസിന് മൂന്ന് ദിനം കഴിഞ്ഞെത്തിയ അന്പതാണ്ടിന്റെ സന്തോഷത്തിൽ അശരണരായ 50 സ്ത്രീകളുടെ ജീവിതത്തിലേക്ക് പ്രകാശം ചൊരിയാമെന്ന തീരുമാനം.നേരത്തേ ഇരുവരും ചേർന്ന് അര ലക്ഷത്തോളം ഭിന്നശേഷി ജീവിതങ്ങളിൽ വെളിച്ചമെത്തിച്ചത് പുതിയ തീരുമാനത്തിലും വഴികാട്ടിയായി.
ജനുവരി 14-ന് ഇരുവരുടേയും വിവാഹം നടന്ന തോട്ടയ്ക്കാട് സെന്റ്ജോർജ് പള്ളിയിലെ കൂട്ടായ്മയിൽ 50 സ്ത്രീകൾക്ക് 5000 രൂപവീതം സഹായധനം നൽകും.ജീവിതത്തിൽ പുരുഷന്മാർ ഉപേക്ഷിച്ച അല്ലെങ്കിൽ നഷ്ടപ്പെട്ട 50 സ്ത്രീകളെയാണ് സഹായിക്കുക.ഒപ്പം ചെറിയ ഒരു വിരുന്നും.സ്വിറ്റ്സർലൻഡിൽനിന്ന് മൂത്തമകൻ സന്തോഷ് ജോസഫും കുടുംബവും ബംഗ്ളാദേശിൽനിന്ന് രണ്ടാമൻ സുഷീൽ ജോസഫും കുടുംബവും ആശംസകളറിയിച്ചപ്പോൾ ജോസഫിനും സൂസന്നയ്ക്കും കൂടുതൽ സന്തോഷം.
ഇന്ന് ജാതിമതഭേദമെന്യേ 17 സംസ്ഥാനങ്ങളിൽ ജോസഫിന്റേയും-സൂസന്റേയും നേതൃത്വത്തിലുള്ള 'റീഹാസ്വിസ്' സഹായം എത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശിലും. പ്രതിവർഷം രണ്ട് കോടി രൂപയിലേറെ സഹായമായി നൽകുന്നു. 10 വർഷം മുന്പ് ഇരുവരും കോട്ടയത്ത് സ്ഥിരതാമസമാക്കുമ്പോൾ സൂസൻ മറ്റൊരു പദ്ധതിക്ക് തുടക്കമിട്ടു. 'ആശ ടാലന്റ് ഫൗണ്ടേഷൻ'. സ്ത്രീകളെക്കൊണ്ട് തുണിഉത്പന്നങ്ങളുണ്ടാക്കി സ്വിറ്റ്സർലൻഡിലെത്തിച്ച് വിറ്റ് അവർക്ക് പണം നൽകുന്ന പദ്ധതി. തോട്ടയ്ക്കാട് കുടുംബവീതമായി കിട്ടിയ മൂന്നേക്കറിലെ റബ്ബർ വെട്ടിക്കളഞ്ഞ് ആടുവളർത്തൽ കേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് ഇനി.ആടുകളിൽനിന്നു ആറ്മാസത്തിനുള്ളിൽ വരുമാനമായി കിട്ടുന്ന പകുതി ആട്ടിൻകുട്ടികളെ ശാരീരികപരിമിതിയുള്ളവർക്ക് സൗജന്യമായി വളർത്താൻ കൊടുക്കാനാണ് പദ്ധതിയിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ