- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും.
അതേസമയം, ജോസഫിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എംകെ രാഘവൻ എംപി, ലീഗ് ജില്ല പ്രസി. എം. എ റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസി. പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടിൽ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 4.30ന് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും. അതേസമയം ജോസഫിന്റെ ആത്മഹത്യയിൽ സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. കഴിഞ്ഞ മാസം ഒരു ഗഡു പെൻഷൻ നൽകിയിരുന്നുവെന്നും ജോസഫിന് ഇത് ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ കോൺഗ്രസിന്റെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ രംഗത്തെത്തി. കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തയ്യാറാക്കിയ നാടകമാണ് ഇപ്പോളത്തെ വിവാദമെന്നും മരിച്ച ജോസഫ് കോൺഗ്രസ് അനുഭാവിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മഹത്യാ ഭീഷണി ഇപ്പോൾ തുടങ്ങിയതല്ല. മുമ്പ് കളക്ടറേറ്റിൽ പോയി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളാണെന്നും പ്രസിഡന്റ് പറഞ്ഞു.
പെൻഷൻ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യ എന്ന വാദം അസംബന്ധമാണ്. പഞ്ചായത്ത് എല്ലാ അനുകൂല്യവും നൽകിയിട്ടുണ്ട്. നിരവധി സമരം അദ്ദേഹം നടത്തിയിട്ടുണ്ട്. അതിലൊക്കെ വല്ല വസ്തുതയും ഉണ്ടോ എന്നും കെ സുനിൽ ചോദിച്ചു. എൽഡിഎഫ് സർക്കാരാണ് ഉയർന്ന പെൻഷൻ കൊടുത്തിരുന്നത് എന്നറിയാത്തവരാണോ ജോസഫിന്റെ പെൺമക്കൾ? ജോസഫ് നാടിനു വേണ്ടിയുള്ള പോരാട്ടമല്ല നടത്തിയത്. വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് മുമ്പും സമരം നടത്തിയത്. ഒരാൾ ഒരു ആവശ്യത്തിന് വേണ്ടി മണ്ണെണ്ണയുമായി ആത്മഹത്യ ഭീഷണി നടത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്? അത് കേരളത്തിലെ സമര രീതിയെ അപഹസിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അദ്ദേഹം ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭാര്യ മരിച്ചതിന് ശേഷം മകളെ കന്യാസ്ത്രീ മഠത്തിലാക്കി. ഒറ്റക്ക് താമസിക്കുന്ന ഒരാളെന്ന നിലക്ക് അനാഥത്വം പേറുന്ന ആളായിരുന്നു. അതുകൊണ്ട് പെൻഷൻ കിട്ടാത്തതുകൊണ്ടാണെന്ന് വരുത്തി തീർക്കേണ്ട കാര്യമില്ല. എന്തെങ്കിലും മാനസിക സംഘർഷമായിരിക്കും അദ്ദേഹത്തിന് എന്നേ എനിക്ക് പറയാനുള്ളൂ. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇന്നലെയാണ് ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചൻ -77) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫിന് അഞ്ചുമാസമായി വികലാംഗ പെൻഷൻ ലഭിച്ചിരുന്നില്ല. കഴിഞ്ഞവർഷം നവംബർ ആദ്യവാരം ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിലെത്തി പെൻഷനില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നു കാണിച്ച് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.ഇദ്ദേഹവും ഓട്ടിസം ബാധിച്ച മൂത്ത മകൾ ജിൻസിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവർക്കും കിട്ടുന്ന പെൻഷൻകൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
പെൻഷൻ മുടങ്ങിയതോടെ പലരിൽനിന്നും കടം വാങ്ങിയാണ് നിത്യച്ചെലവ് നിർവഹിച്ചതെന്നും 15 ദിവസത്തിനുള്ളിൽ പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ജോസഫ് കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അസുഖബാധിതയായ മകളെ കോഴിക്കോട് ആശ്രയ കേന്ദ്രത്തിലാക്കിയാണ് ജോസഫ് ആത്മഹത്യ ചെയ്തത്. മുതുകാട് ഇദ്ദേഹം താമസിക്കുന്നത് ദുർഘടമായ പ്രദേശത്താണ്. അവിടെനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് പെൻഷനുവേണ്ടി ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നത്. ആത്മഹത്യ ഭീഷണി ഉയർത്തിയ നോട്ടീസ് പഞ്ചായത്ത് സെക്രട്ടറിക്കുപുറമെ പെരുവണ്ണാമൂഴി പൊലീസിനും നൽകിയിരുന്നു. കഴിഞ്ഞദിവസവും മുതുകാട് ടൗണിലെത്തി പെൻഷൻ കിട്ടാതെ ജീവിക്കാൻ നിർവാഹമില്ലെന്നും ആത്മഹത്യചെയ്യുമെന്നും അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.