- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ! വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു; പരിഹാസവുമായി ജോയ് മാത്യു
കോഴിക്കോട്: ഇന്ധന സെസ് ഉയർത്തിയതിൽ അടക്കം മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ജനരോഷം ഇരമ്പുകയാണ്. അതേസമയം ഈ ജനരോഷമൊന്നും വകവെക്കാതെ മുന്നോട്ടുപോകാനാണ് സർക്കാറിന്റെ തീരുമാനം. ഇതിനിടെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കെഎസ് യു പ്രവർത്തകയെ പുരുഷ പൊലീസുകാരൻ കോളറിൽ പിടിച്ചു തടയാൻ ശ്രമിച്ച സംഭവം പുറത്തുവന്നതും. ഈസംഭവത്തിൽ യൂത്ത് കോൺഗ്രസിനുള്ളിൽ അടക്കം കടുത്ത പ്രതിഷേധം പുകയുകയാണ്. ഇതിനിടെ വിഷയത്തിൽ സർക്കാറിനെ പരിഹസിച്ചു കൊണ്ട് സംവിധായകൻ ജോയ് മാത്യു രംഗത്തുവന്നു.
നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ. വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും? കൊടുക്കണം എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു വനിതാ നേതാവ് മിവയെ എസ്ഐ കോളറിൽ കുത്തിപ്പിടിച്ച് വലിച്ച വീഡിയോയും ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിപുന്നു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപ്പെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രതിഷേധം ഇനിയും ആളിക്കത്തും. മുഖ്യമന്ത്രിയുടെ പരിപാടികളിൽ എല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണഅ കെ എസ് യു-യൂത്ത് കോൺഗ്രസ് തീരുമാനം.
കളമശേരി സിഐയുടെ നേതൃത്വത്തിൽ ഒരുപറ്റം പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ കയറിപ്പിടിച്ചെന്നും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്നുമാണ് പരാതി. ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും. കളി കോൺഗ്രസിനോട് വേണ്ട'' രൂക്ഷ ഭീഷണിയുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റും പിന്നീട് വന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റിനായി അങ്കമാലിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇന്ധന സെസ് വർധനവിനെതിരെ സംസ്ഥാനത്താകമാനം കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് അങ്കമാലിയിലെ കരിങ്കൊടി കാണിക്കൽ.
പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ആരോപണം. ക്രൂരമായാണ് പെരുമാറിയതെന്ന് മിവാ ജോളിയും പറയുന്നു. ദേഹത്ത് പിടിച്ച് വലിച്ചത് പുരുഷ പൊലീസാണ്. പിടിച്ചും തലയ്ക്കടിച്ചുമാണ് പൊലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും മിവാ ജോളിയും പറയുന്നു. ഡിജിപിക്കും പരാതി കൊടുത്തിട്ടുണ്ട്. മിവയെ ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധന സെസിനൊപ്പം ഈ വിഷയവും കോൺഗ്രസ് ശക്തമായി പ്രതിഷേധമായി ഉയർത്തും.
കൊച്ചിയിൽ മുഖ്യമന്ത്രിക്കുനേരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. അങ്കമാലിയിൽ പ്രഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. വഴിയരികിൽ കാത്തുനിന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ നീങ്ങി. ഉച്ചകഴിഞ്ഞ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ കളമശ്ശേരിയിലും പ്രതിഷേധമുണ്ടായി. മുദ്രാവാക്യവുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു നിർത്തിയാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്.
കളമശേരിയിൽ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പ്രതിഷേധം. കണ്ടെയ്നർ റോഡിലെ ഡെക്കാത്ത്ലൺ പാർക്കിങ് ഏരിയയിൽ കാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിക്കയറി കരിങ്കൊടി വീശുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ പനയപ്പിള്ളി, ബ്ലോക്ക് പ്രസിഡന്റ് അൻവർ കരിം, ജില്ലാ സെക്രട്ടറി അൻസാർ തോംരാത്ത്, മണ്ഡലം സെക്രട്ടറി റഷീദ് അടമ്പയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളി എന്നിവരെ അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്യാൻ വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ വാഹനവ്യൂഹം കടന്നു പോകുന്നതു വരെ മിവ ജോളി പ്രതിഷേധം തുടർന്നു.
മിവാ ജോളിയെ പുരുഷ പൊലീസ് കോളറിൽ പിടിച്ച് വലിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംഎൽഎ. ഉമ തോമസും രംഗത്തു വന്നു. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉമ തോമസ് പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പെൺകുട്ടിയെ പിണറായി പൊലീസ് തെരുവിൽ വലിച്ചിഴയ്ക്കുന്ന ചിത്രമാണിത്. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. അഭിവാദ്യങ്ങൾ മിവാ ജോളി,-ഉമ തോമസ് കുറിച്ചു.