- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ഏതു സാധാരണക്കാരനും മലയാളത്തിൽ പരാതി പറയാം; പ്രധാനമന്ത്രി ഹിന്ദിയിൽ തന്നെ കേൾക്കും; നരേന്ദ്ര മോദിയുടെ 'ചെവിയായി' മലയാളിയുടെ സാങ്കേതികവിദ്യ; ആലപ്പുഴക്കാരൻ ജോയ് സെബാസ്റ്റ്യന്റെ 'ടെക്‌ജെൻഷ്യ കമ്പനി' വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നു; തൃപ്രയാറിലും 'ഭാഷിണി പോഡിയം' സജ്ജം

തൃശ്ശൂർ: ഭാഷയുടെ തടസ്സങ്ങളൊന്നും ഇനി നേതാക്കൾക്ക് പ്രശ്‌നമാകില്ല. അതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു കഴിഞ്ഞു. അതിന്റെ ഗുണഭോക്താവായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുണ്ട്. ഇന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ രാമായണ പാരായണം അടക്കമുള്ള ചടങ്ങുകൾ മറ്റുള്ളവർ മലയാളത്തിൽ കേൾക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിൽ കേൾക്കും. അതിനുള്ള സാങ്കേതിക വിദ്യ സ്വ്വായത്തമാക്കിയത് ഒരു മലയാൡയുടെ കമ്പനിയാണ്.
ഏതു ഭാഷയിൽ പറയുന്നതും തൽക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്‌ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ തയാറാക്കിയത് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ 'ടെക്‌ജെൻഷ്യ കമ്പനി'യാണ്. വീഡിയോ കോൺഫറൻസ് ആപ്പ് വികസിപ്പിച്ചു നേരത്തെ തന്നെ കേന്ദ്രസർക്കാറിന്റെയും പുരസ്‌ക്കാരങ്ങൾ നേടി ടെക്‌ജെൻഷ്യ കമ്പനി വീണ്ടും അത്ഭുതം സൃഷ്ടിക്കുകയാണ് ഇതുവഴി.
കേന്ദ്ര സർക്കാരിന്റെ 'ഭാഷിണി ചാലഞ്ച്' മത്സരത്തിലേക്കു തയാറാക്കിയ 'ഭാഷിണി പോഡിയം' ആപ് ആണു മാറ്റങ്ങളോടെ ഇവിടെ സജ്ജീകരിക്കുന്നത്. ഇതിന്റെ പരീക്ഷണത്തിനു പ്രധാനമന്ത്രി തന്നെ തയാറാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ ആപ് ഉപയോഗിച്ച്, വലിയ സമ്മേളനങ്ങളിൽ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തി കേൾപ്പിക്കാം. ആപ്പിന്റെ നേർവിപരീത ഉപയോഗമാണ് ഇന്നു തൃപ്രയാറിൽ പരീക്ഷിക്കുന്നത്. മറ്റുള്ളവരുടെ വാക്കുകൾ പ്രധാനമന്ത്രിയാണ് ഹിന്ദിയിൽ കേൾക്കുക.
ഒരു വാചകം കേട്ടശേഷം അതിന്റെ അർഥം ഉൾക്കൊണ്ടു മൊഴിമാറ്റുന്ന ജനറേറ്റീവ് എഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ശബ്ദത്തിൽ പരിഭാഷയ്ക്കു സൗകര്യമുണ്ട്. ഇന്നലെ ബെംഗളൂരുവിലെ ക്ഷേത്ര സന്ദർശനത്തിലും ഇതേ സാങ്കേതികവിദ്യ പ്രധാനമന്ത്രി ഉപയോഗിച്ചു.
വിഡിയോ കോൺഫറൻസുകളിലും വെബിനാറുകളിലും സംസാരം തൽക്ഷണം പരിഭാഷപ്പെടുത്തി കേൾപ്പിക്കുന്ന ആപ്പാണ് ഭാഷിണി ചാലഞ്ചിൽ ടെൻജെൻഷ്യ അവതരിപ്പിച്ചത്. 2020ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വികൺസോൾ (ഭാരത് വിസി) എന്ന വിഡിയോ കോൺഫറൻസിങ് ആപ് അവതരിപ്പിച്ച് ടെക്‌ജെൻഷ്യ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയിരുന്നു. ഡൽഹിയിലെ ജി 20 ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ ചില പരിപാടികളിലും ടെക്‌ജെൻഷ്യയുടെ ഈ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ലോക്ഡൗൺ കാലത്തു കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയയത് ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസായിരുന്നു. 'മേക്ക് ഇൻ ഇന്ത്യ' വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റ്യൻ വിജയിച്ചത്.
ടെക്ജൻഷ്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ജോയ് സെബാസ്റ്റ്യൻ. കമ്പനിയുടെ 5 ഡയറക്ടർമാരിൽ ഒരാളൊഴികെ എല്ലാവരും മലയാളികൾ. പന്ത്രണ്ടായിരത്തിലേറെ കമ്പനികളിൽ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി മാറിയത്. അതും നിരവധി പ്രമുഖ കമ്പനികളോട് ഏറ്റുമുട്ടിയാണ് ഈ ആലപ്പുഴക്കാരന്റെ വിജയം. ചേർത്തല ഇൻഫോ പാർക്കിലുള്ള കമ്പനിയാണ് ടെക്ജെൻഷ്യ. ഇന്ത്യയിലെ ചില വൻ കമ്പനികൾ പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. കേരളത്തിൽ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാൻ സാധിച്ചില്ല.
പത്ത് വർഷത്തോളം ഈ മേഖലയിൽ ജോയ് സെബാസ്റ്റ്യനും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമാണു വികൺസോൾ. മലയാളം ഉൾപ്പട്ടെ 8 ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കും. ഫേസ്‌ബുക്കിലെ സുഹൃത്തുക്കളാണ് മൊഴിമാറ്റം നടത്തി സഹായിച്ചത്. ഒട്ടേറെപ്പേർ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ സംസാരിക്കുന്ന വ്യക്തിക്കു പ്രാമുഖ്യം കിട്ടുന്ന തരത്തിൽ വിഡിയോ സ്‌ക്രീൻ ലേഔട്ട് തനിയെ മാറുന്ന വിഡിയോ മിക്സിങ് സംവിധാനമുണ്ട്. ഇഷ്ടമുള്ള ലേഔട്ട് ഉപയോക്താവിനു തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറുന്നതിനാൽ മീറ്റിങ്ങിനു തടസ്സമുണ്ടാകില്ല. സുരക്ഷ ഉറപ്പാക്കാൻ, മീറ്റിങ്ങിൽ ജോയിൻ ചെയ്യുന്നവർക്ക് ഒടിപി വാലിഡേഷൻ സൗകര്യവുമുണ്ട്. കാലാകാലങ്ങളായി കോടിക്കണക്കിനു രൂപയാണ് വിഡിയോ കോൺഫറൻസിങ് ഉപകരണങ്ങൾ വാങ്ങാൻ സർക്കാരുകൾ മുടക്കുന്നത്. നിലവിൽ വാങ്ങിയിട്ടുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വികൺസോൾ പ്രവർത്തിപ്പിക്കാനാവും
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്കത്തയ്യിൽ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകൻനാണ് ജോയ്. ഭാര്യ: ലിൻസി ജോർജ്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ അദ്ധ്യാപിക. മക്കൾ: അലൻ ബാസ്റ്റ്യൻ ജോയി, ജിയ എൽസ ജോയി. ജോയ് സെബാസ്റ്റ്യനും സുഹൃത്ത് ടോണി തോമസും ചേർന്ന് 2009 ൽ ആരംഭിച്ച 'ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ്' എന്ന കമ്പനി പിന്നീട് ചേർത്തല ഇൻഫോപാർക്കിലേക്കു മാറുകയായിരുന്നു.കമ്പനിയുടെ 5 ഡയറക്ടർമാരിൽ ജോയ് ഉൾപ്പെടെ 4 പേരും മലയാളികളാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സോബിൻ തോമസ്, ഡയറക്ടർമാരായ വിശാഖ് ബാലചന്ദ്രൻ, സുജിത്ര സ്വാമിനാഥൻ എന്നിവരാണു മറ്റു മൂന്നുപേർ. അങ്കുർ ദീപ് ജയ്സ്വാൾ ആണ് ചീഫ് ടെക്നിക്കൽ ഓഫിസർ.


