- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരാളുടെ കൈയിൽ കത്തി കൊടുത്തിട്ട് സ്വയം കൊല്ലാൻ ഉത്തരവിടുന്നത് പോലെ' : സമുദായം മാറി വിവാഹം ചെയ്യുന്നവരെ പുറത്താക്കുന്ന ക്നാനായക്കാരുടെ ഏർപ്പാട് സമാധാനപരമല്ലെന്ന് കോടതി; ക്നാനായക്കാർ പ്രത്യേക മതവിഭാഗമല്ലെന്ന വിധിയുടെ പ്രത്യാഘാതങ്ങൾ ചർച്ചയാകുമ്പോൾ
കോട്ടയം: ക്‌നാനായ സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സിവിൽ കോടതി വിധി വലിയ സംവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ഹർജിയിൽ കോട്ടയം ജില്ലാ അഡീഷണൽ അസി.സെഷൻസ് കോടതി ഒരുമാസം മുമ്പ് പുറപ്പെടുവിച്ച വിധിയാണ് സമുദായത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോടതിവിധിയുടെ പൂർണരൂപം ലഭ്യമായതോടെ, സമുദായാംഗങ്ങൾക്കിടയിൽ ചേരിതിരിഞ്ഞ് സംവാദവും നടക്കുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം മതവിശ്വാസത്തിനുള്ള അവകാശത്തെയും, ആർട്ടിക്കിൾ 21 പ്രകാരം വിവാഹത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് പുറത്താക്കൽ നടപടി( വംശശുദ്ധി) എന്ന് കോടതി വിലയിരുത്തി. ക്നാനായ നവീകരണ സമിതിക്കു വേണ്ടി ഭാരവാഹികളായ നാലുപേർ വാദികളായ കേസിൽ കോട്ടയം അതിരൂപത, രൂപത മെത്രാൻ, സിറോ മലബാർ സഭ തലവൻ മാർ ജോർജ് ആലഞ്ചേരി എന്നിവർ എതിർകക്ഷികൾ ആയാണ് കോടതി നടപടികൾ പൂർത്തിയായത്.
വിവാഹത്തിനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകം
ഹാദിയ കേസിൽ വിവാഹത്തിനുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്നും കെഎസ് പുട്ടസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ കേസുകളിലെ വിധികൾ പരാമർശിച്ചുകൊണ്ടാണ് വിവാഹത്തിനുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമെന്ന് കോടതി വിലയിരുത്തിയത്. ക്‌നാനായ സഭയുടെ കോട്ടയം രൂപതയ്ക്ക് ആചാരത്തിന്റെ പേരിൽ ഈ അവകാശം ഹനിക്കാനാവില്ലെന്ന് അസി.സെഷൻസ് കോടതി വിധിച്ചു. സ്വതന്ത്ര മനുഷ്യർക്ക് ആനന്ദഭരിതമായ ജീവിതം നയിക്കാൻ വിവാഹ സ്വാതന്ത്ര്യം സുപ്രധാന വ്യക്ത്യവകാശമായി പണ്ടുമുതലേ അംഗീകരിച്ചുപോന്നിട്ടുണ്ട്. മതേതര കോടതികൾ ഇക്കാര്യം ശരിവച്ചിട്ടുമുണ്ട്, കോടതി നിരീക്ഷിച്ചു.
വിവാഹം കഴിക്കാനുള്ള അവകാശം തീർച്ചയായായും സിവിൽ അവകാശമാണ്. ക്‌നാനായ സഭ കോട്ടയം രൂപതയിൽ അംഗത്വം നിലനിർത്തുന്നതും വിവാഹത്തിന് പൗരോഹിത്യ ശുശ്രൂഷ ലഭിക്കാനുള്ള അവകാശവും സിവിൽ അവകാശങ്ങളിൽ പെടുന്നു. സഭാ കോടതികളുടെ അഭാവത്തിൽ സിവിൽ കോടതികൾക്ക് അപൂർവം കേസുകളിൽ ഒഴികെ മതപരമായ തർക്കങ്ങൾ തീർപ്പാക്കാൻ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
ക്‌നാനായ സമുദായം പ്രത്യേക മതവിഭാഗമല്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സംരക്ഷണം അവകാശപ്പെടാവുന്ന പ്രത്യേക മതവിഭാഗമല്ല ക്‌നാനായ സമുദായം എന്നും കോടതി വിധിയിൽ പറയുന്നു. പൊതുഘടനയും സവിശേഷ നാമവും ക്‌നാനായ കത്തോലിക്ക സമുദായത്തിന് ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സിറോ-മലബാർ സഭ, കത്തോലിക്ക സഭ അംഗങ്ങളെ പോലെ തന്നെ ക്രിസ്തുവിലും സുവിശേഷത്തിലുമാണ് ക്‌നാനായ സമുദായാംഗങ്ങളും വിശ്വസിക്കുന്നത്. പൊതുവിശ്വാസത്തിനായി വേറിട്ട വിശ്വാസ-പ്രമാണ സംഹിത ക്‌നാനായ സമുദായത്തിന് നിലവിലില്ലെന്നും കോടതി പറഞ്ഞു.
സ്വവംശ വിവാഹത്തിന് ബൈബിളിനെ കൂട്ടുപിടിക്കേണ്ട
ക്രിസ്തുവിന്റെ സുവിശേഷത്തിലോ വിശുദ്ധബൈബിളിലോ സ്വവംശ വിവാഹത്തിന് വേരുകളില്ല. ദൈവത്തെ ഉപാധികളില്ലാത്ത സ്‌നേഹമായി വിവേചനമില്ലാതെ അംഗീകരിക്കാനാണ് ക്രിസ്തു അനുയായികളെ ഉപദേശിച്ചത്. അതുകൊണ്ട് തന്നെ ക്‌നാനായ സമുദായത്തിന് പുറത്ത് നിന്നുള്ള വിവാഹത്തെ മതവിഷയമായി പരിഗണിക്കാൻ കഴിയില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം കത്തോലിക്ക സഭ അംഗീകരിച്ച ദൈവിക നിയമത്തിൽ നിന്ന് ക്‌നാനായ സമുദായത്തിന് പിന്മാറാനാവില്ല. ക്രിസ്തുവല്ലാതെ മറ്റൊരു ആത്മീയ ഗുരു ക്‌നാനായ സമുദായത്തിനില്ല. തങ്ങളുടെ ആത്മീയ ക്ഷേമത്തിന് സ്വവംശ വിവാഹം അനുഗുണമാണെന്ന് സ്ഥാപിക്കാൻ ക്‌നാനായ സമുദായത്തിന് കഴിഞ്ഞിട്ടില്ല. സമുദായം പിന്തുടരുന്ന വിവിധ ആരാധനാ ക്രമങ്ങളും ആചാരങ്ങളും അവരെ കത്തോലിക്ക സഭയിലെ പ്രത്യേക മതവിഭാഗമാകാൻ തുണയ്ക്കില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ജാതി വർഗ്ഗീകരണം ക്രൈസ്തവ മതം അംഗീകരിക്കുന്നില്ല
രാജഗോപാൽ വേഴ്‌സസ് അറുമുഖം കേസിൽ സുപ്രീം കോടതി വിധി പരാമർശിച്ച് കൊണ്ട് ക്രൈസ്തവ മതം ജാതി വർഗ്ഗീകരണത്തെ അംഗീകരിക്കുന്നില്ലെന്ന് കോടതി വിധിച്ചു. എല്ലാ ക്രൈസ്തവരെയും തുല്യരായാണ്് കണക്കാക്കുന്നത്. ഹിന്ദു സമുദായത്തിലെ വ്യത്യസ്ത ജാതികൾ പോലെ ക്രിസ്ത്യാനികൾക്കിടയിൽ ജാതിവ്യത്യാസമില്ല. ലോകത്ത് ഒരിടത്തും ക്രൈസ്തവ മതം ജാതി തരംതിരിവ് അംഗീകരിക്കുന്നില്ല.
വംശശുദ്ധി വാദം ക്രിസ്തുബോധനത്തിന് എതിര്
ക്രിസ്തുവിന്റെ സുവിശേഷങ്ങളിലും വിശുദ്ധ ബൈബിളിലും മനുഷ്യർക്കിടയിലെ വിവേചനമല്ല. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഉദ്‌ഘോഷിക്കുന്നത്. യഹൂദന്മാരെന്നോ, അവിശ്വാസികളന്നോ, അടിമകളെന്നോ, സ്വതന്ത്രരെന്നോ ഒന്നും ക്രിസ്തു വിവേചനം കാട്ടിയിരുന്നില്ല. വിവേചനത്തിന് ക്രിസ്തു എതിരായിരുന്നു. സഹിഷ്ണുതയ്ക്കും പൊറുക്കലിനും വേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. ക്രൈസ്തവ മതം ജാതി ഘടന അംഗീകരിക്കുന്നതുമില്ല. ഈ പശ്ചാത്തലത്തിൽ, ക്‌നാനായ സമുദായത്തിലെ സ്വവംശ വിവാഹ വാദം നിലനിൽക്കില്ലെന്നും കോടി വിധിച്ചു.
സ്വവംശ വിവാഹ വാദം സമാധാനപരമല്ല
ക്‌നാനായ സമുദായത്തിൽ കോട്ടയം രൂപതയിലെ സ്വവംശ വിവാഹക്രമം സമാധാനപരമല്ലെന്നും കോചതി നിരീക്ഷിച്ചു. ഒരുകത്തി ഒരാളുടെ കൈയിൽ കൊടുത്തിട്ട് അയാളോട് സ്വയം കൊല്ലാൻ ആവശ്യപ്പെടുന്നത് പോലെയാണ് അത്. മറ്റൊരു അതിരൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാൻ വിവാഹക്കുറിയുമായി വരുന്ന സമുദായാംഗം തങ്ങളുടെ അംഗത്വം ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുകയാണ്-കോടതി പറഞ്ഞു.
കോടതി വിധി ഇങ്ങനെ
ഏതൊരു കത്തോലിക്കാ രൂപതയിൽപെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്ന് പുറത്താക്കരുത്, അത്തരത്തിൽ പുറത്താക്കുന്നതിൽ നിന്നും കോട്ടയം, അതിരൂപത, മെത്രാപ്പൊലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എന്നിവരെ വിലക്കുക, മറ്റ് രൂപതകളിലെ കത്തോലിക്കാ വിശ്വാസികളുമായുള്ള വിവാഹത്തിന് ഇടവക വൈദികൻ വഴി പൂർണ അവകാശവും സൗകര്യവും നൽകാൻ മേൽപ്പറഞ്ഞവർക്ക് നിർദ്ദേശം നൽകുക, സഭ മാറിയുള്ള വിവാഹത്തിന്റെ പേരിൽ പുറത്താക്കിയവരെയും അവരുടെ ജീവിത പങ്കാളികളേയും മക്കളെയും സഭയിൽ തിരിച്ചെടുക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ക്നാനായ കത്തോലിക്കാ നവീകരണ സമിതി കോടതിയെ സമീപിച്ചത്. സമിതിയുടെ ആവശ്യങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
ക്നാനായ കത്തോലിക്കാ നവീകരണ സമിതി, പ്രസിഡന്റ് ടി.ഒ ജോസഫ്, ലുക്കോസ് മാത്യൂ കെ, സി.കെ പുന്നൂസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കോട്ടയം അതിരൂപത, അതിരൂപത ആർച്ച് ബിഷപ്, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്, സിറോ മലബാർ സഭ സിനഡ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു കേസ്.
ഹർജിക്കാർക്ക് വേണ്ടി അഡ്വ. ഫ്രാൻസിസ് തോമസ് ഹാജരായി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ.ജോർജ് തോമസും കേസിനെ സഹായിച്ചു.
സമുദായത്തിന് താക്കീതായി നാലു നിരീക്ഷണങ്ങൾ
ക്നാനായ സമുദായക്കാരെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ഈ കോടതി വിധി വ്യക്തമായും നാലു കാര്യങ്ങളിൽ സഭ നേതൃത്വത്തിനുള്ള താക്കീതായി മാറുന്നു. അവ ഇപ്രകാരമാണ്:
1. കോട്ടയം അതിരൂപതയിൽ നിന്നും മറ്റൊരു രൂപതയിൽ ഉൾപ്പെട്ട അംഗവുമായുള്ള വിവാഹത്തിന്റെ പേരിൽ പുറത്താക്കൽ നടപടി പാടില്ല
2. മുൻ കാല നടപടികൾ ഒരു കാരണവശാലും ഇനി ആവർത്തിക്കാൻ പാടില്ല
3. മറ്റു സമുദായ അംഗത്തെ വിവാഹം ചെയ്താലും ക്നാനായ വിശ്വാസി ആയിരിക്കുവാൻ ആഗ്രഹിക്കുമ്പോൾ സമുദായത്തിലെ മറ്റ് അംഗങ്ങൾക്കുള്ള തുല്യ അവകാശം നിഷേധിക്കാൻ പാടില്ല
4. ഇപ്പോൾ സമുദായത്തിന് പുറത്തു പോകേണ്ടി വന്നവർക്കു തിരികെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വീകരിക്കാൻ സഭ നേതൃത്വം തയ്യാറാകണം
സഭയുടെ നിലവിലെ വിശ്വാസ രീതികളുടെ വെളിച്ചത്തിൽ ഈ കോടതി നിഗമനത്തിൽ ഒന്ന് പോലും അംഗീകരിക്കാൻ സാധിക്കില്ല എന്ന ദുർഘട പ്രതിസന്ധിയാണ് സമുദായ നേതൃത്വം നേരിടുന്നത്.
വർഷങ്ങൾ നീണ്ട കേസ്, അന്തിമ വിധിക്കു തലമുറകളിലേക്ക് കാത്തിരിപ്പ്
വർഷങ്ങൾ നീണ്ട കേസാണ് ഇപ്പോൾ കോട്ടയം സബ് കോടതി തീർപ്പാക്കിയിരിക്കുന്നത്. ആറുവർഷം മുൻപാണ് കേസിനു ആസ്പദമായ കാര്യങ്ങളുമായി ക്നാനായ നവീകരണ സമിതി കോട്ടയം സബ് കോടതിക്ക് മുന്നിലെത്തുന്നത്. ഈ കേസിൽ കോടതിക്ക് മുൻപിൽ സമാനമായ കേസും അതിന്റെ നാൾവഴികളും ഒക്കെ ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ തീർപ്പാക്കാൻ വേഗത്തിൽ കഴിയുമായിരുന്നെങ്കിലും സിവിൽ കേസെന്ന പരിഗണനയിൽ നടപടികൾ നീണ്ടുപോകുകയായിരുന്നു.
ഇതിനിടയിൽ നാലഞ്ച് ജഡ്ജിമാർ മാറിമാറി എത്തുകയും ചെയ്തു. അവസാന വിധി പുറപ്പെടുവിക്കാൻ നിയോഗമുണ്ടായത് ജഡ്ജ് സുധീഷ് കുമാറിന് ആയിരുന്നു എന്നുമാത്രം. ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെയായി തലമുറകൾ നീളുന്ന നിയമപോരാട്ടത്തിനുള്ള തുടക്കം കൂടിയാണ് കോട്ടയം സബ് കോടതി തുറന്നിട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ