- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചീത്ത വിളിച്ച എസിപി; കണ്ണിൽ കുത്തിയ ട്രാഫിക് എസ് ഐ! കേരള ഗവർണ്ണറാണെന്ന് കരുതി ഗോവാ ഗവർണ്ണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സഖാവിന്റെ മകന് പറയുന്നത് വിചിത്ര ന്യായം; ഗോവ രാജ്ഭവൻ പരാതി നൽകും; നികിതാസിനെ പിടിച്ച പൊലീസുകാർക്ക് പണിക്ക് സാധ്യത
കോഴിക്കോട്: ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് യുവാവ് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പൊലീസ് ഇന്റലിജൻസ് സംസ്ഥാന ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനിടെ കേരള സർക്കാരിന് കത്തു നൽകുമെന്നു ഗോവ രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്ന നിലപാടിലാണ് കേരള പൊലീസ്. കത്ത് ഉടൻ നൽകും. ഗോവ രാജ്ഭവൻ കാര്യങ്ങൾ സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.
ട്രാഫിക് പൊലീസിന്റെ നിർദ്ദേശം ലംഘിച്ചു ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്കു യുവാവ് കാർ ഓടിച്ച് കയറ്റിയതാണ് സുരക്ഷാ വീഴ്ച ഉണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും യുവാവ് കാർ വീണ്ടും വാഹനങ്ങൾക്കിടയിലേക്കു കയറ്റാൻ ശ്രമിച്ചതായി രാജ്ഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനു നിർദ്ദേശം നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജൂലിയസ് നികിതാസിനെ (39) ഗതാഗത തടസ്സം സൃഷ്ടിച്ചതിൽ 1000 രൂപ പിഴ ചുമത്തി വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്. ഇയാൾക്കെതിരെ 2013ൽ കാപ്പയും ചുമത്തിയിട്ടുണ്ടെന്നാണ് ആരോപണം.
ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയാസ് നികിതാസ് സ്വകാര്യ കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ കസബ പൊലീസ്. ജൂലിയാസ് നികിതാസ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലെന്നും പൊലീസ് പറയുന്നു. അബദ്ധം ബോധ്യപ്പെട്ടതിനാലാണ് യുവാവിനെതിരെ പിഴ മാത്രം ചുമത്തി വിട്ടയച്ചത്. ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ എല്ലാം പൊലീസിന്റെ തെറ്റാണെന്ന് വരുത്താൻ ജൂലിയസ് നികിതാസും ശ്രമം തുടങ്ങിയിട്ടുണ്ട്.
അതിനിടെ പൊലീസിന്റെ ഈഗോയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ജൂലിയസ് നികിതാസ് പറയുന്നു. ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റിയിട്ടില്ല. സംഘ പരിവാർ അനുകൂലികളായ പൊലീസുകാരൻ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നും ജൂലിയസ് നികിതാസ് മീഡിയവണിനോട് പറഞ്ഞു.സംഘപരിവാറുകാർ അനുകൂലിയായ പോലാസുകാരൻ തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിശദീകരണം. കോഴിക്കോട് എസിപി സാജു കെ എബ്രഹാം, ട്രാഫിക് എസ് ഐ ശ്രീകുമാർ എന്നിവർക്കെതിരെയാണ് ആരോപണം. ശ്രീകുമാർ കണ്ണു കുത്തി പൊട്ടിക്കാൻ ശ്രമിച്ചെന്നും പറയുന്നു. ഈ സാഹചര്യത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.
പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാർ ഓടിച്ചു കയറ്റിയത് എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങൾ ഒരുമിച്ച് വന്നപ്പോൾ വെപ്രാളത്തിൽ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് സ്വകാര്യ കാർ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ വാഹന വ്യൂഹം കണ്ടതോടെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് പോകുന്നതെന്ന് ജൂലിയാസ് തെറ്റധിരിച്ചു. അങ്ങനെയാണ് വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്. പൊലീസിനോട് തട്ടിക്കയറുന്നതിനിടെ ഇത് തെളിയുകയും ചെയ്തു. ഇതെല്ലാം മറച്ചു വയ്ക്കാനാണ് പൊലീസിന് കിട്ടുന്ന ഉന്ന ത നിർദ്ദേശം.
സിപിഎമ്മിലെ സമ്മർദ്ദം കാരണം പൊലീസ് കേസൊഴിവാക്കി. മനപ്പൂർവ്വമായിരുന്നു കാർ മുമ്പോട്ട് എടുത്തതെന്ന് തിരിച്ചറിഞ്ഞാണ് ജൂലിയസിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്. അപ്പോഴാണ് സിപിഎം ബന്ധം അറിഞ്ഞത്. സംഭവം നടക്കുമ്പോൾ ഗവർണറോ അദ്ദേഹത്തിന്റെ സംഘത്തിലുള്ളവരോ സിപിഎം നേതാവിന്റെ മകനാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലാക്കിയില്ല. മറ്റാരോ ആണെന്ന വിചാരത്തിലായിരുന്നു അവർ മുമ്പോട്ട് പോയത്. സിപിഎം നേതാവിന്റെ മകനായതിനാലാണ് പൊലീസ് പെറ്റിക്കേസ് ചുമത്തി വിട്ടയച്ചതെന്ന ആരോപണത്തെ തുടർന്നു സംഭവം വിവാദമായിട്ടുണ്ട്. ജൂലിയസ് നികിതാസിനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സുരക്ഷാ പിഴവാണ് സംഭവിച്ചതെന്നും സജീവൻ പറഞ്ഞു. ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിൽ വെച്ച് ഗോവ ഗവർണറുടെ വാഹനം കടന്നുപോയ ഉടനെ കാർ കയറുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ വാഹനം നിർത്തി കാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മിൽ പരസ്പരം കയർത്തു സംസാരിച്ചു. കാർ പിന്നോട്ടെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാൻ യുവാവ് ശ്രമിച്ചു. ഇതേത്തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കാർ പിന്നിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നുപോയത്.
യുവാവിനെ കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ് ആണെന്ന് മനസ്സിലാകുന്നത്. തുടർന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി യുവാവിനെ വിട്ടയക്കുകയായിരുന്നു. മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ബേപ്പൂർ ബി.സി. റോഡിലുള്ള എടത്തൊടി കൃഷ്ണൻ മെമോറിയൽ ഹാളിൽനിന്ന് രാത്രി തിരിച്ച് തിരുത്തിയാടുള്ള വീട്ടിലേക്ക് ഗവർണർ വരുന്നവഴിയായിരുന്നു സംഭവം. വീട്ടിലെത്തിയ ഗവർണർ പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ 12.40-ന് ഗോവയിലേക്ക് പോവുകയും ചെയ്തു.