ഗുവാഹാട്ടി: അസമിലെ ഗുവഹാട്ടിയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്‌സിൽ കേരളം അഞ്ചാമതെത്തിയ വാർത്ത എല്ലാവരും അറിഞ്ഞു. എന്നാൽ ഏഴ് വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ച നമ്മുടെ ജൂനിയർ താരങ്ങൾ എങ്ങനെ ഗുവാഹാട്ടിയിലെത്തിയെന്ന് അധികൃതർ അറിഞ്ഞമട്ടില്ല.

സ്വന്തം കൈയിൽ നിന്നും പണം ചെലവിട്ടാണ് മത്സരത്തിൽ പങ്കെടുക്കാൻ ജൂനിയർ താരങ്ങൾ ഗുവഹട്ടിയിൽ എത്തിയത്. മത്സരത്തിനായി നവംബർ പത്തിന് ഗുവഹട്ടിയിൽ എത്തിയ കേരള താരങ്ങൾക്ക് മത്സരങ്ങൾ പൂർത്തിയായിട്ടും ഡി എ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു നൽകിയില്ല.

മത്സരത്തിനായി യാത്രതിരിച്ച സംഘത്തിൽ നിർധനരായ വിദ്യാർത്ഥികൾ ഉൾപ്പെടെയുണ്ട്. ഇവരുടെ പരിശീലകരുടെ അടക്കം സഹായം കൊണ്ടാണ് ജൂനിയർ താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ദേശീയ കായിക മത്സരങ്ങളിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന കേരളം വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. ഒളിംപ്യന്മാരടക്കം രാജ്യത്തിന് അഭിമാനകരമായ നേട്ടം കൊയ്ത നിരവധി കായികതാരങ്ങൾക്ക് ജന്മം നൽകിയ കേരളത്തിന്റെ കായിക രംഗം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജൂനിയർ താരങ്ങൾ ഗുവഹാട്ടിയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ.

കായികതാരങ്ങളോടുള്ള സർക്കാരിന്റെ അവഗണനയാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. യൂത്ത് നാഷണൽ അത്‌ലറ്റിക് മത്സരങ്ങളിലും സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കേരളത്തിലെ യുവതാരങ്ങൾക്ക് ഇതുവരെ ഡി എ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ജൂനിയർ തലത്തിലുള്ള കായികതാരങ്ങൾ അടക്കം അധികൃതരിൽ നിന്നും നേരിടുന്ന അവഗണന സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള കായികതാരങ്ങളുടെ യാത്രസൗകര്യം അടക്കം ഏർപ്പെടുത്തുന്നതിൽ അധികൃതർ കാട്ടിയ അനാസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജൂനിയർ കായികതാരങ്ങൾക്ക് ഡി. എ. അനുവദിക്കണമെന്ന ആവശ്യവുമായി ഒളിംപ്യൻ പ്രീജ ശ്രീധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കുട്ടികളുടെ ഡി എ അനുവദിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ വിവരം ഫേസ്‌ബുക്കിലൂടെ പ്രീജ ശ്രീധരൻ പങ്കുവച്ചിരുന്നു. സർക്കാരിൽ വിശ്വാസമുണ്ടെന്നും കായിക മേഖല നേരിടുന്ന പ്രതിസന്ധിയിൽ തങ്ങൾക്കുള്ള വിഷമമാണ് പറയുന്നത്. മുഖ്യമന്ത്രി ഈ വീഡിയോ കാണുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഒളിംപ്യൻ പ്രീജ ശ്രീധരൻ വീഡിയോയിൽ പറയുന്നു.

ഏഴ് വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം നേടിയ കേരളം അഞ്ചാം സ്ഥാനത്താണ്. ഹരിയാണയാണ് ജേതാക്കൾ. തമിഴ്‌നാട് രണ്ടും ഉത്തർപ്രദേശ് മൂന്നും സ്ഥാനങ്ങളിലെത്തി. കേരളത്തിന്റെ ആദ്യ സ്വർണം ഹൈജമ്പിൽ അഷ്മികയുടെ വകയായിരുന്നു. 1.46 മീറ്റർ ചാടിയാണ് അഷ്മിക ഒന്നാമതെത്തിയത്. ജാവലിൻ ത്രോയിൽ ഐശ്വര്യ സുരേഷ് വെള്ളി നേടി.

അഞ്ചാം ദിനം അണ്ടർ 18 പുരുഷ 800 മീറ്ററിൽ എസ്. ഇന്ദ്രാനന്ദൻ വെള്ളിയും അണ്ടർ 20 വനിതകളുടെ 4ഃ400 മീറ്റർ റിലേയിൽ കെ.വി. ലക്ഷ്മിപ്രിയ, നയന ജോസ്, ആൻസ് മരിയ തോമസ്, എൽഗാ തോമസ് എന്നിവർ വെങ്കലവും നേടിയിരുന്നു.