- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടതി ഉത്തരവുണ്ടെങ്കിൽ പ്രതിഭാഗത്തിന് ദൃശ്യങ്ങൾ കാണാം; പകർത്താനോ നശിപ്പിക്കാനോ പാടില്ല; ആരൊക്കെ കണ്ടെന്ന് രേഖപ്പെടുത്തണം; കേസ് അവസാനിപ്പിച്ചാൽ നശിപ്പിക്കണം; ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളിൽ ഹൈക്കോടതിയുടേത് നിർണ്ണായക ഇടപടൽ

കൊച്ചി: ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ നൽകുന്നത് അട്ടിമറി നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ. മുദ്രവച്ചശേഷം കോടതിക്ക് നൽകുന്നതിനു മുൻപ് ഇലക്ട്രോണിക് രേഖകൾ ആരെങ്കിലും തുറന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകും ഉത്തരവാദിത്തമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം വസ്തുക്കൾ പിടിച്ചെടുത്താൽ അന്വേഷണ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നു കോടതി നിർദ്ദേശിച്ചു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് കെ.ബാബു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ കേസിലെ അന്വേഷണവും നിർണ്ണായകമാകും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതിയും ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ.
പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ ഉള്ളടക്കം സംബന്ധിച്ചു രഹസ്യാത്മകതയും സ്വകാര്യതയും സംരക്ഷിക്കണം. മഹസ്സറിൽ പ്രത്യേകമായി ഇതു രേഖപ്പെടുത്തണം. ഇലക്ട്രോണിക് ഉപകരണം പ്രത്യേകമായി മുദ്രവച്ചു പൊതിഞ്ഞു സെക്ഷ്വലി എക്‌സ്പ്ലിസിറ്റ് മെറ്റീരിയൽ (എസ്ഇഎം) എന്ന് ചുവന്ന അക്ഷരത്തിൽ ലേബൽ ചെയ്യണമെന്നും ഇതിനായി രജിസ്റ്റർ സൂക്ഷിക്കണമെന്നും പിടിച്ചെടുത്ത സമയം ഉൾപ്പെടെ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ലോക്കറിൽ സൂക്ഷിക്കണം. കോടതിയിലേക്ക് കൊണ്ടുപോകാൻ മാത്രമേ ലോക്കറിൽനിന്ന് എടുക്കാവൂ എന്നാണ് നിർദ്ദേശം.
കോടതിയിലേക്ക് കൊണ്ടുപോകാൻ എടുക്കുമ്പോൾ രജിസ്റ്ററിൽ സമയം ഉൾപ്പെടെ രേഖപ്പെടുത്തണം. കൊണ്ടുപോകുന്ന ഉദ്യോഗസ്ഥൻ, കോടതി എന്നിവയുടെ വിശദാംശങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ലോക്കറിൽ നിന്ന് എടുക്കുന്നത് ജുഡിഷ്യൽ ഓഫീസറുടെ സാന്നിദ്ധ്യത്തിലാകണം. ലൈംഗികത അടങ്ങിയ രേഖയുടെ പകർപ്പ് എടുക്കാൻ അനുവദിക്കരുത്. കോടതി ഉത്തരവുണ്ടെങ്കിൽ പ്രതിഭാഗത്തിന് ദൃശ്യങ്ങൾ കാണാം. പകർത്താനോ നശിപ്പിക്കാനോ പാടില്ല. വീഡിയോ ആരൊക്കെ കണ്ടെന്ന് രേഖപ്പെടുത്തണം. കേസ് അവസാനിപ്പിച്ച ശേഷം ഇലക്ട്രോണിക് രേഖകൾ നശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നടൻ ദിലീപ് ആരോപണ വിധേയനായ, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ, അനധികൃതമായി പരിശോധിച്ചതും വിവരങ്ങൾ ചോർന്നതും സമഗ്രമായി അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഇതിന് പൊലീസിന്റെ അടക്കം സഹായം തേടാമെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. അന്വേഷണത്തിൽ അസ്വാഭാവികത കണ്ടാൽ നടപടിയെടുക്കണം. ഇത് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്നും ഉറപ്പാക്കണം.മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്ന അതിജീവിതയുടെ ഹർജിയിലാണ് ഉത്തരവ്.
ഇരയെ സംരക്ഷിച്ചില്ലഇരയുടെ വൈകാരികവും മാനസികവുമായ ബുദ്ധിമുട്ട് ചിന്തയ്ക്കതീതമാണെന്നും ഇരയുടെ സ്വകാര്യത സംരക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു. 2018 ജനുവരി 9 രാത്രി 9.58 നും ഡിസംബർ 13ന് രാത്രി 10.58നും മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായാണ്. 2021 ജൂലായ് 19 പകൽ 12.19ന് നടത്തിയ പരിശോധനയിലും സംശയമുണ്ട്. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡ് ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന കമ്പ്യൂട്ടറുമായി മൂന്ന് തവണ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കാരണം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു


