- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരണാനന്തര ബഹുമതിയായി നേരത്തെ അർഹിച്ച പത്മഭൂഷണും
പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി, തമിഴ്നാട്ടിലെ ആദ്യ വനിതാ ഗവർണർ എന്നിങ്ങനെ ജീവിത രേഖയിൽ പല നേട്ടങ്ങളും എഴുതി ചേർത്തപ്പോഴും, ജസ്റ്റിസ് ഫാത്തിമ ബീവി പലർക്കും പ്രഹേളികയായിരുന്നു. എളുപ്പം പിടി തരാത്ത ആൾ. വിരമിച്ച ശേഷം ജന്മനാടായ പത്തനംതിട്ടയിൽ, പഴയ പദവിയും അധികാരവും ഒന്നും കാണിക്കാതെ, ശാന്ത സുന്ദരമായ ജീവിതം.
അവസാനം മരണമെത്തിയപ്പോൾ വിവാദവും. കേരളത്തിലെ മന്ത്രിമാർ ഫാത്തിമാ ബീവിക്ക് ആദരവ് അർപ്പിക്കാൻ എത്താത്തതായിരുന്നു ഇതിന് കാരണം. ഒടുവിൽ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ എത്തുന്നു. വളരെ നേരത്തെ അവർ അർഹിച്ചിരുന്ന പുരസ്കാരം.
കെമിസ്ട്രി പഠിക്കാൻ മോഹിച്ച പെൺകുട്ടി
കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ മൂത്തമകൾ. സർക്കാർ സർവീസിലായിരുന്ന അച്ഛൻ മീരാ സാഹിബ് ആൺമക്കളെ മാത്രമല്ല, പെൺമക്കളെയും ഒരുപോലെ നന്നായി പഠിപ്പിച്ചു. പത്തനംതിട്ട മുസ്ലിം എൽ.പി സ്കൂളിൽ നിന്നും കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ബിരുദപഠനവും കഴിഞ്ഞാണ് ലോ കോളജിൽ നിയമപഠനത്തിന് ചേർന്നത്. ഉപരിപഠനത്തിനായി പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്ത് പോയി പഠിക്കുക അന്നൊക്കെ പെൺകുട്ടികൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു.
അച്ഛൻ പാറ പോലെ ഉറച്ചുനിന്നപ്പോൾ ആ യുവതിക്ക് ഭയക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അന്നേ സ്ഥിരോത്സാഹത്തിന്റെയും, ധീരമായ ചുവടുവയ്പുകളുടെയും ആളായിരുന്നു ഫാത്തിമ ബീവി. എം എസ്സി കെമിസ്ട്രി പഠിക്കാനായിരുന്നു മോഹമെങ്കിലും, അച്ഛൻ പിന്തിരിപ്പിച്ചു. എംഎസ്സിക്ക് പോയാൽ തിരുവനന്തപുരത്തെ ഏതെങ്കിലും കോളേജിൽ പ്രൊഫസറായി ജീവിതം അവസാനിക്കുമെന്നായിരുന്നു അച്ഛന്റെ വിലയിരുത്തൽ. മകൾ ഉയരങ്ങളിലേക്ക് കുതിക്കണമെന്ന് മോഹിച്ച അച്ഛൻ നിയമപഠനമാണ് വഴിയെന്ന് തീരുമാനിച്ചതോടെ, തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ചേർന്നു.
ആ സമയത്ത് തിരുവിതാകൂറിനടുത്ത് അന്ന ചാണ്ടി ആദ്യ ജുഡീഷ്യൽ ഓഫീസറായിരുന്നു. അന്ന ചാണ്ടിയുടെ നേട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവണം മീരാ സാഹിബ് മകളെ നിയമപഠവഴിയിലേക്ക് നയിച്ചത്.
പഠിക്കാൻ ബഹുമിടുക്കി
നിയമപഠനത്തിന് എൻ റോൾ ചെയ്ത അഞ്ചുപെൺകുട്ടികളിൽ ഒരാളായിരുന്നു ഫാത്തിമ ബീവി. പഠനശേഷം ഒരുവർഷത്തോളം മുതിർന്ന അഭിഭാഷകന്റെ കീഴിൽ ഇന്റേൺഷിപ്പ് ചെയ്തു. 1950 ൽ ഫാത്തിമ ബീവി തന്റെ കരിയറിലെ ആദ്യ നേട്ടം കുറിച്ചു. ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതെത്തുന്ന ആദ്യ വനിത അന്ന് സ്വർണ മെഡലിന് അർഹയായി.
കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ നിയമിക്കപ്പെട്ട ആദ്യ മുൻസിഫാണ്. 1958 ലാണ് മുൻസിഫ് ആയി നിയമനം ലഭിക്കുന്നത്. തൃശൂരിൽ നിയമനം ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യൽ ഓഫീസർ എന്ന സ്ഥാനത്തിനും അർഹയായി.
പുരുഷന്മാരുടെ കുത്തക തകർത്ത വനിത
1974ൽ ജില്ലാ ജഡ്ജിയായതോടെ രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു.1980 ൽ ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ മെമ്പർ ആയതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി. 1968ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി. പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയും ജില്ലാ സെഷൻസ് ജഡ്ജായും സ്ഥാനക്കയറ്റം. 1984ൽ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. ഹൈക്കോടതിയിലെ ആദ്യ മുസ്ലിം ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു.1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി. മൂന്ന് വർഷം ആ പദവിയിലിരുന്ന ശേഷമാണ് വിരമിച്ചത്.
1950 നവംബർ 14 ന് കൊല്ലത്തെ മുൻസിഫ് കോടതിയിൽ അഭിഭാഷകയായി എൻ റോൾ ചെയ്യുമ്പോൾ, പുരുഷന്മാരുടെ കുത്തകയായിരുന്നു ആ മേഖല. പലരുടെയും പുരികങ്ങൾ ചുളിഞ്ഞു, വിമർശനങ്ങൾ പിന്നാലെ വന്നു. കൊല്ലത്തെ എട്ടുവർഷത്തോളം ഉണ്ടായിരുന്നു. അഭിഭാഷകവൃത്തിയേക്കാൾ ജുഡീഷ്യൽ സർവീസായിരുന്നു അന്ന് ആകർഷകം. അഭിഭാഷക ജോലിയിൽ വനിതകളെ പൊതുജനം പ്രോത്സാഹിപ്പിച്ചില്ലെന്ന് ചുരുക്കം.
രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ തീരുമാനം
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായുള്ള ചരിത്ര മുഹൂർത്തത്തെ കുറിച്ച് ഫാത്തിമ ബീവി പറഞ്ഞത്, താനൊരു അടച്ചിട്ട വാതിൽ തുറന്നു എന്നായിരുന്നു. മറ്റുമുതിർന്ന ജഡ്ജിമാരെ മറികടന്നുള്ള ഫാത്തിമ ബീവിയുടെ നിയമനം അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന് ചിലർ പറയാറുണ്ട്. ഷാബാനോ കേസ് വിധി മറികടക്കാൻ രാജീവ് ഗാന്ധി കൊണ്ടുവന്ന വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമ ബീവിയുടെ നിയമന കാര്യത്തിൽ തീരുമാനമെടുത്തതെന്നും പറയാറുണ്ട്. അതുസത്യമാണെങ്കിലും അല്ലെങ്കിലും അതൊരു ചരിത്ര മുഹൂർത്തം തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം നാല് പതിറ്റാണ്ട് വേണ്ടി വന്നു, ഒരു വനിതയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ.
2016 ൽ ദി വീക്കിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ജുഡീഷ്യറി പുരുഷ നിയന്ത്രിതമാണോ എന്ന ചോദ്യത്തിന് ഒരു സംശയവും വേണ്ട എന്നായിരുന്നു ഉടനടിയുള്ള മറുപടി. ' ഇപ്പോൾ അഭിഭാഷകരംഗത്തും, ജുഡീഷ്യറിയിലും ധാരാളം സ്ത്രീകളുണ്ട്. എന്നാൽ, അവരുടെ പങ്കാളിത്തം തുലോം കുറവാണ്. പുരുഷന്മാർക്ക് തുല്യമായ പ്രാതിനിധ്യമില്ല. ചരിത്രപരമായ കാരണം കൂടിയുണ്ട്. സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവന്നത് വൈകിയാണ്. ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം കിട്ടാൻ ഇനിയും സമയമെടുക്കും. ഞാൻ ലോ കോളേജിൽ പോയപ്പോൾ, ആദ്യ വർഷം എന്റെ ക്ലാസിൽ അഞ്ചുപെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം വർഷം അത് രണ്ടോ മൂന്നോ ആയി കുറഞ്ഞു. ഇന്ന് ലോ കോളേജുകളിൽ നല്ല ശതമാനം പഠിതാക്കൾ സ്ത്രീകളാണ്', ഫാത്തിമ ബീവി പറഞ്ഞു.
തമിഴ്നാട് ഗവർണറായിരിക്കെ വിവാദച്ചുഴിയിൽ
1992 ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. അഞ്ചുവർഷത്തിന് ശേഷം 1997 ജനുവരി 25 ന് തമിഴ്നാട് ഗവർണറായി നിയമനം. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയുടെ ശുപാർശയിലായിരുന്നു നിയമനം. ഗവർണർ പദവിയുടെ അലങ്കാരങ്ങളൊന്നുമില്ലാത്ത ജീവിതമാണ് അവർ നയിച്ചത്. രാജ്ഭവനിൽ ഒരു തപസ്വിനിയെ പോലെ ലളിത ജീവിതമാണ് നയിച്ചിരുന്നതെന്നും പലരും പറഞ്ഞിട്ടുണ്ട്.
അഴിമതി കേസുകൾ വേട്ടയാടിയ ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതോടെയാണ് ഫാത്തിമ ബീവി വിവാദങ്ങളുടെ ചുഴിയിൽ പെട്ടത്. 2001 മേയിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അണ്ണാഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതാണ് വിവാദമായത്. ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപിക്കപ്പെട്ട ജയലളിതയെ മുഖ്യമന്ത്രിയാക്കിയത് ശരിയോ തെറ്റോ എന്നതായിരുന്നു ചോദ്യം. ജനങ്ങളുടെ ഇച്ഛ തനിക്കൊപ്പമാണെന്ന ജയലളിതയുടെ വാദം കണക്കിലെടുത്ത് ഭരണഘടനയുടെ 164 ാം വകുപ്പ് പ്രകാരമാണ് എം എൽ എ അല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കിയത്.
സ്ക്രോൾ ഡോട്ട് ഇന്നിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ഫാത്തിമ ബീവി ഈ വിവാദത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ: ' ഞാൻ അവരെ നിയമിക്കുമ്പോൾ അവരെ അഴിമതി കേസുകളിൽ നിന്ന് കുറ്റവിമുക്തയാക്കിയിരുന്നു. തീരുമാനം എടുക്കും മുമ്പ് സുപ്രീം കോടതി ജഡ്ജിമാരോട് വരെ അഭിപ്രായം ചോദിച്ചു. അവരെല്ലാം എന്റെ തീരുമാനത്തിനൊപ്പം നിന്നു. ഫാലി നരിമാൻ, ചീഫ് ജസ്റ്റിസ് അഹമ്മദി എന്നിവരോടെല്ലാം അഭിപ്രായം ആരാഞ്ഞു. പെട്ടെന്ന് എടുത്ത തീരുമാനമല്ല, വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. പക്ഷേ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. എന്തെങ്കിലും ഒരു സംഘർഷം ഉണ്ടാകുമ്പോൾ ആ പദവിയിൽ തുടരാൻ എനിക്ക് താൽപര്യമില്ല. അങ്ങനെ രാജി വച്ച് നാട്ടിലോട്ട് പോന്നു'. കരുണാനിധിയെ അറസ്റ്റു ചെയ്ത ജയലളിതയുടെ നടപടിയെ ന്യായീകരിച്ചതിനെ തുടർന്നാണ് ഗവർണർ പദവി ഒഴിഞ്ഞത്. 2001 ജൂൺ 30ന് പുലർച്ചെ നാടകീയമായി മുൻ മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആർ.ബാലുവും ചെന്നൈയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
ഈ സംഭവത്തിൽ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോർട്ടു നൽകിയ ഗവർണറുടെ നടപടിയും വിവാദമായി.സംഭവത്തിൽ വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപിച്ച് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതിനെത്തുടർന്ന് ഫാത്തിമാ ബീവി ഗവർണർ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അങ്ങനെ വളരെ തിളക്കമാർന്ന ആ കരിയറിന് അത്ര സുഖകരമല്ലാത്ത അന്ത്യമുണ്ടായി. 2001 ജൂലൈയിലായിരുന്നു സംഭവം. രാജ്ഭവനിൽ വളരെ ഒതുങ്ങിയ ജീവിതം നയിച്ചിരുന്ന ഫാത്തിമ ബീവി ഒരുബഹളവുമില്ലാതെ ഗവർണറുടെ ചുമതലയൊഴിഞ്ഞ് രാജ്ഭവൻ വിട്ടു.
ഗവർണർ പദവിയേക്കാൾ ജഡ്ജി പദവിയായിരുന്നു അവർ ആസ്വദിച്ചിരുന്നത്. ജഡ്ജിയെന്ന നിലയിൽ താൻ കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഫാത്തിമ ബീവി പറഞ്ഞത്. പത്തനംതിട്ടയിലേക്ക് മടങ്ങിയ ജസ്റ്റിസ് ഫാത്തിമ ബീവി താരതമ്യേന വളരെ നിശ്ശബ്ദമായ ജീവിതമാണ് നയിച്ചിരുന്നത്.