കൊച്ചി: കുവൈത്തിലെ മംഗഫിലിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. തീപിടുത്തത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി മലയാളികൾ കഴിയുകയും ചെയ്യുന്നു. ഇതിനിടെ ദുരന്തത്തിൽ പ്രതികരിച്ച് എൻബിടിസി എം ഡി കെ ജി എബ്രഹാം രംഗത്തുവന്നു. വൈകാരിക പ്രതികരണമാണ് അദ്ദേഹം നടത്തിയത്. വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു.

ദുരന്തം തീർത്തും ദൗർഭാഗ്യകരമണെന്ന് കെ ജി എബ്രഹാം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. ഈ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞങ്ങളുടെ വീഴ്‌ച്ച കൊണ്ടല്ല ദുരന്തമെങ്കിലും അപടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. അപകട സമയതത് കെട്ടിടത്തിൽ 80ൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും കെ ജി എബ്രഹാം പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്നും എബ്രഹാം വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവർക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സർക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്‌മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മരിച്ചവർക്ക് എട്ട് ലക്ഷം രൂപയും നാല് വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കുവൈറ്റിലെ മംഗഫിലിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. തീപിടിത്തം ഉണ്ടായ ഫ്‌ളാറ്റ്, മലയാളി വ്യവസായിയും എൻബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ കെ ജി എബ്രഹാം വാടകയ്ക്കെടുത്തതായിരുന്നു. ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഗ്രൂപ്പുകളിലൊന്നായ എൻബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.

കേരളത്തിൽ ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 38 വർഷമായി കുവൈറ്റിൽ ബിസിനസുകാരനായ കഠിനാധ്വാനം കൊണ്ട് ജീവിതം വ്യവസായിയായി മാറിയ വ്യക്തമാണ്. കർഷകനായ കെ ടി ഗിവർഗീസിന്റെയും ശോശാമ്മയുടെയും മൂന്നാമത്തെ മകനായി 1954 നവംബർ ഒൻപതിനാണ് കെ ജി എബ്രഹാമിന്റെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും നേടിയ ശേഷം 22ാമത്തെ വയസിൽ കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

സാധാരണ പ്രവാസിയെ പോലെ 1976ൽ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ 'ബദ്ധ ആൻഡ് മുസൈരി' കമ്പനിയിൽ 60 ദിനാർ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വർഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേർത്ത് 4000 ദിനാർ മൂലധനത്തിൽ സ്വന്തം സ്ഥാപനം തുടങ്ങി. 1983ൽ വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി എണ്ണ അനുബന്ധ ഉത്പാദനങ്ങളുടെ ചെറുകിട കരാർ ജോലികൾ ഏറ്റെടുത്തുകൊണ്ടാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.

90 ജീവനക്കാരുമായി ആരംഭിച്ച എൻടിബിസി ഇന്ന് 14 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

കുവൈറ്റിൽ നിർമ്മാണ മേഖലയിൽ ചെറിയതോതിൽ തുടക്കം കുറിച്ച കെ ജി എബ്രഹാം മികച്ച നിർമ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. എൻജിനിയറിങ്, കൺസ്ട്രക്ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലുൾപ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാർക്കറ്റിങ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്. ഹൈവേ സെന്റർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.

നാല് പേർക്ക് കൂടി വിട നൽകി നാട്

അതിനിടെ കുവൈത്ത് ദുരന്തത്തിൽ മരിച്ച നാലുപേർക്ക് കൂടി കണ്ണീരോട് വിട നൽകി നാട്. നാലു പേരുടെ സംസ്‌കാര ചടങ്ങുകളാണ് ഇന്ന് നടന്നു. ഇന്നലെ 12 പേർക്കാണ് ജന്മനാട് വിട നൽകിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയോടെ പൂർത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടർന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തിയത്. തുടർന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോൾ ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം നരിക്കൽ മാർത്തോമാ പള്ളിയിലേക്ക് കൊണ്ടുപോയി. നരിക്കൽ മാർത്തോമാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ.

കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാര ചടങ്ങും ആരംഭിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടുവന്നു. കുറുവയിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പയ്യാമ്പലത്തെത്തിച്ചു. പയ്യാമ്പലത്താണ് അനീഷ് കുമാറിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നത്. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പർമാർക്കറ്റ സൂപ്പർവൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.

കുവൈത്ത് തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 8 വയസ്സിൽ അച്ഛൻ നഷ്ടമായതാണ് ആകാശ് പഠനം കഴിഞ്ഞ് കുവൈത്തിൽ ജോലി തേടുകയായിരുന്നു, കുടുംബത്തെ ചേർത്ത് പിടിച്ച് ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയതിനിടെയാണ് അപ്രതീക്ഷിതമായി ആകാശിനെ മരണം തേടിയെത്തുന്നത്.