- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്ത്രീധനമെന്ന മാരണമാണ് ആ കുടുംബത്തിൽ വലിയ ആഘാതം വിതച്ചത്; കല്യാണം ആലോചിച്ചപ്പോൾ അവർക്ക് പണത്തോട് അത്യാർത്തിയായിരുന്നുവെന്നാണ് ഷഹനയുടെ ഉമ്മ പറഞ്ഞത്; കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരണം: ഷഹനയുടെ വീട് സന്ദർശിച്ച് കെ കെ ശൈലജ

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ച് മുൻ മന്ത്രി കെ കെ ശൈലജ. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹനയെന്നും ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വാക്കുകൾ ലഭിച്ചില്ലെന്നും ശൈലജ സന്ദർശനത്തിന് ശേഷം ഫേസ്‌ബുക്കിൽ കുറിച്ചു. ഷഹനയുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു. എന്നാൽ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തിൽ വലിയ ആഘാതം വിതച്ചതെന്ന് ശൈലജ പറഞ്ഞു.
'വിദ്യാസമ്പന്നമായ ഒരു സമൂഹത്തിൽ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനിൽക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യരുടെ മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് ശൈലജ പറഞ്ഞു.
കെ കെ ശൈലജയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
''ഡോ. ഷഹനയുടെ വീട് സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹന. ഇടത്തരം കുടുംബത്തിൽ നിന്ന് മക്കളെ പഠിപ്പിച്ച് ജീവിത സുരക്ഷിതത്വത്തിലേക്കെത്തിക്കാൻ ഷഹനയുടെ ഉമ്മ നടത്തിയ പരിശ്രമം ത്യാഗപൂർണമായിരുന്നു. ഷഹനയുടെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു. എന്നാൽ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തിൽ വലിയ ആഘാതം വിതച്ചത്. ''
''ഡോ. റുവൈസുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയപ്പോൾ വീട്ടുകാർ റുവൈസിന്റെ കുടുംബവുമായി ഈ കല്യാണം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ അവർക്ക് പണത്തോട് അത്യാർത്തിയായിരുന്നുവെന്നാണ് ഷഹനയുടെ ഉമ്മ പറഞ്ഞത്. അവർ ചോദിക്കുന്ന വലിയ സ്ത്രീധനം കൊടുക്കാൻ കഴിയുന്ന അവസ്ഥയല്ല ആ കുടുംബത്തിന്. വിവാഹം നടക്കില്ല എന്നറിഞ്ഞത് ഷഹനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.''
''നമ്മുടേതു പോലെ വിദ്യാസമ്പന്നമായ ഒരു സമൂഹത്തിൽ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനിൽക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യരുടെ മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സുസ്ഥിരമായ ജോലി ലഭ്യമായിട്ട് പോലും ചെറുപ്പക്കാരുടെ മനസിൽ പണത്തിനും ആഡംബരത്തിനുമുള്ള അത്യാർത്തി നിലനിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് റുവൈസിന്റെ പെരുമാറ്റം. ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.''
''ഷഹനയുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരികയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം ഇത്തരം വഞ്ചനകൾ തിരിച്ചറിയാനും സമചിത്തതയോടെയും ധീരതയോടെയും അതിനെ പ്രതിരോധിച്ച് നിൽക്കാനും ജീവിതത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കരുത്തോടെ നിർവ്വഹിക്കാനും കഴിയുന്ന രീതിയിൽ പുതുതലമുറ കരുത്ത് നേടേണ്ടതുണ്ട്. അതിനാവശ്യമായ പ്രവർത്തനങ്ങളാണ് നാം തുടർന്ന് നടത്തേണ്ടത്.''


