- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷേമപെൻഷൻ മുടങ്ങിയത് 9000 കോടി കേന്ദ്രം നിഷേധിച്ചതിനാൽ; കുടിശ്ശിക തീർത്ത് നൽകണമെന്നാണ് ആഗ്രഹം; കേരളത്തിന് എല്ലാം നൽകിയെന്നമട്ടിൽ നിർമലാ സീതാരാമന്റെ കണക്കുകൾ അടിസ്ഥാന രഹിതമെന്ന്; അടച്ചുതീർത്ത കടത്തിന് പകരം കടമെടുക്കാനും അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിനും നിർമല സീതാരാമനുമെതിരെ വീണ്ടും വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാം നൽകിയെന്നമട്ടിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ നൽകിയ കണക്കുകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. അടച്ചുതീർത്ത കടത്തിന് പകരം 2000 കോടി കടമെടുക്കാനുള്ള അനുവാദം ഇപ്പോൾ നൽകേണ്ടതാണ്. കേരളം കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചതിന്റെപേരിൽ അത് നൽകുന്നില്ല. ട്രഷറിയിൽ ഓരോവർഷവും അധികംവരുന്ന പണം കടമായി കണക്കാക്കും. ഇതൊഴികെയാണ് വായ്പയെടുക്കാൻ അനുമതി നൽകുന്നത്.
മൂന്നുവർഷത്തെ ശരാശരി കണക്കാക്കി കേരളത്തിൽ ഈവർഷം 13,000 കോടിരൂപ ട്രഷറിയിൽ എത്തുമെന്നാണ് കേന്ദ്രത്തിന്റെ അനുമാനം. യഥാർഥത്തിൽ 6000 കോടിയേ അധികം വന്നിട്ടുള്ളൂവെന്ന് കേന്ദ്രത്തെ അറിയിച്ചു. അതിനാൽ 7000 കോടികൂടി വായ്പയെടുക്കാൻ അനുവദിക്കേണ്ടതാണ്. അതിനും സമ്മതിച്ചിട്ടില്ല -മന്ത്രി പറഞ്ഞു.
എൻ.ഡി.എ. ഭരണകാലത്ത് കേരളത്തിന് നൽകിയ നികുതിവിഹിതത്തിൽ 224 ശതമാനം വർധനയുണ്ടായെന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്. യഥാർഥത്തിൽ അതിനുമുമ്പുള്ള പത്തുവർഷം കേരളത്തിന്റെ നികുതിവിഹിതം മൂന്നുമടങ്ങ് വർധിച്ചു. അതിനുശേഷമുള്ള പത്തുവർഷം 2.8 മടങ്ങ് മാത്രമാണ് കൂടിയത്. ധനകാര്യകമ്മിഷന്റെ നിബന്ധന കേന്ദ്രം പാലിക്കാത്തതിനാൽ കേരളത്തിന് 10 വർഷംകൊണ്ട് നഷ്ടമായത് 16,361 കോടിയാണ്.
കേന്ദ്രം പിരിക്കുന്ന സെസ്, സർച്ചാർജ് എന്നിവ സംസ്ഥാനങ്ങൾക്ക് പങ്കുവെക്കുന്നില്ല. ധനകാര്യ കമ്മിഷന്റെ തോതനുസരിച്ച് ഇതിൽനിന്ന് കേരളത്തിന് പത്തുവർഷത്തെ നഷ്ടം 20,000 കോടിയാണെന്നും മന്ത്രി പറഞ്ഞു. കർണാടകം കേരളവുമായി ഒരുമിച്ച് സമരം നടത്താത്തത് ഇവിടത്തെ കോൺഗ്രസ് എതിർത്തതുകൊണ്ടാവാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപയിലേക്കാണ് ഉയർന്നിരിക്കുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഈ മാസം വരെയായി 6 മാസത്തെ തുക കുടിശികയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ക്ഷേമ പെൻഷൻ കുടിശിക ഇത്രത്തോളം പെരുകുന്നത് ആദ്യമായാണ്. പെൻഷനെ പ്രധാനമായും വോട്ട് ആകർഷിക്കാനുള്ള മാർഗ്ഗമായാണ് സർക്കാർ കണ്ടു പോന്നത്. അതുകൊണ്ട് തന്നെ ലോക്സ്ഭാ തെര്ഞ്ഞെടുപ്പു് മുമ്പ് ഈ പണം കൊടുത്തു തീർക്കുക എന്നത് സർക്കാറിന് ഇപ്പോൾ നടക്കാത്ത കാര്യമായി മാറിയിട്ടുണ്ട്.
സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികൾക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കിൽ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പെൻഷൻ അതതുമാസം തന്നെ നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.
ഈ മാസവും അടുത്ത മാസവുമായി 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവുകൾക്കും മറ്റുമായി ട്രഷറിയിൽനിന്നു ചെലവാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു തിരിച്ചടിയായി. പ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകൾ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വരും. ലോക്സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്താനായാൽ 2 മാസത്തെ പെൻഷൻ നൽകാനാകും.
ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 775 കോടി രൂപ വേണം. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താൽ 7.42 ലക്ഷം പേർക്കു പെൻഷൻ നൽകുന്നുണ്ട്. ഇതിനു കേരളം കണ്ടെത്തേണ്ടത് 19.15 കോടിയാണ്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നൽകാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.