- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അൻപതിനാലാം തവണയും ഇരുമുടിക്കെട്ടുമായി കെ.പി മോഹനനും സംഘവുമെത്തി
കണ്ണൂർ: മണ്ഡലകാലമെന്നാൽ പാനൂരുകാർക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. അയ്യപ്പഭക്തരിൽ മുൻപന്തിയിലാണ് കൂത്തുപറമ്പ് മണ്ഡലം എംഎൽഎയും മുന്മന്ത്രിയുമായി കെ.പി മോഹനൻ. ശബരിമല അയ്യപ്പന്റെ ദർശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനൻ എംഎൽഎ.യും ശബരിമലയിലെത്തി.
കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂരിലെ വസതിയിൽ ഭാര്യ ഹേമജ ഉൾപ്പടെ 44 സ്വാമിമാർക്ക് കെട്ടുനിറച്ച് നൽകിയാണ് ചൊവ്വാഴ്ച്ച രാവിലെ കുത്തു പറമ്പ് മണ്ഡലം എംഎൽഎയായ കെ.പി മോഹനൻ. ശബരിമല ധർമശാസ്താവിനെ തൊഴാനെത്തിയത്. കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദർശനം തേടുന്ന മോഹനൻ ഇത് അമ്പത്തിനാലാം തവണയാണ് കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായി ശബരിമലയിലെത്തിയത്. എരുമേലിയിൽ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദർശനത്തിനു ശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടർന്ന് മാളികപ്പുറത്തും ദർശനം നടത്തി.
പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ് 45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എംഎൽഎയാണ് കെട്ട് നിറ നടത്തിയത്. പിതാവ് അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിന്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനന്റെ ശബരിമല യാത്ര. മന്ത്രിയായ അഞ്ച് വർഷവും ഔദ്യോഗിക തിരക്കുകൾ മാറ്റി വച്ച് ശബരിമല യാത്ര നടത്തിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഉൾപെടെയുള്ളവരുമായാണ് യാത്ര. രണ്ട് വർഷം കോവിഡിനെ തുടർന്ന് യാത്ര നടത്തിയിരുന്നില്ല.ചില വർഷങ്ങളിൽ ഒന്നിലേറെ തവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ അറുപതിലേറെ തവണ ശബരീശ ദർശനം നടത്തിയതായി കെ.പി.മോഹനൻ പറഞ്ഞു.
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും ജനുവരി മൂന്നിന് ദർശനം നടത്തുമെന്ന് കെ പി മോഹനൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടു. സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും സുഗമമായ ശബരീശ ദർശനത്തിന് ഭക്തരുടെ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് എം എൽ എ പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയർമാൻ കൂടിയായ കെ പി മോഹനന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി ഡിസംബർ അഞ്ചിന് ശബരിമലയിൽ നടത്തിയ സിറ്റിംഗിൽ മുതിർന്ന പൗരന്മാർക്കു വേണ്ടി ഒരുക്കാൻ നിർദ്ദേശിച്ച സൗകര്യങ്ങൾ സർക്കാർ ഒരാഴ്ചയ്ക്കകം യാഥാർത്ഥ്യമാക്കിയതു സർക്കാരിന്റെ നേട്ടമാണെന്ന് കെ.പി മോഹനൻ എംഎൽഎ പറഞ്ഞു.