തിരുവനന്തപുരം: കേരളത്തിന്റെ 'കെ റെയിൽ' ഇനി നടക്കില്ലെന്ന് ഉറപ്പിക്കാം. കേരളം മുമ്പോട്ട് വച്ച രീതിയിൽ പദ്ധതിയുമായി റെയിൽവേ സഹകരിക്കില്ല. ഇതോടെ ഇനി അതിവേഗ റെയിൽ ചർച്ചയ്ക്കും വിരാമമാകും. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈന്മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ കോട്ടയം മുളക്കുളം സ്വദേശി എം ടി.തോമസിനു വിവരാവകാശ നിയമം വഴിയാണു റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയും നൽകില്ലെന്നാണ് നിലപാട്. ഇതോടെ ഫലത്തിൽ കെറെയിലും തീർന്നു. വന്ദേഭാരത് തീവണ്ടികൾക്ക് വേഗം കൂടുമ്പോൾ എന്തിനാണ് സിൽവർ ലൈൻ എന്ന ചർച്ചയും സജീവമാകും. റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ചുവപ്പ് കാർഡ് കാട്ടുന്നത്. ഇതാണ് പുറത്തുവന്ന രേഖ ചർച്ചയാക്കുന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈന്മെന്റ് തയ്യാറാക്കിയതെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഇതോടെ കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും അവതാളത്തിലാകുന്നു. കെ റെയിൽ ആവശ്യപ്പെടുന്ന ഭൂമിയിൽ നല്ലൊരു പങ്കും വികസനാവശ്യത്തിനു റെയിൽവേ നീക്കിവച്ചതാണ്. ദേശീയപാതാ അഥോറിറ്റിക്കു നൽകിയ ഭൂമി പോലുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ റെയിലിനോട് റെയിൽവേ നോ പറയുന്നത്.

രണ്ടാം പിണറായി സർക്കാർ തിടുക്കത്തിലാണ് സിൽവർലൈനായുള്ള സ്ഥലമളക്കൽ തുടങ്ങിയത്. വിശദമായ പദ്ധതി രേഖയുടെ അനുമതി പോലും ത്രിശങ്കുവിലായിരുന്ന സമയത്ത്. ഇത് കടുത്ത പ്രക്ഷോഭങ്ങൾക്കിടയാക്കി. പദ്ധതി അനുവദിക്കില്ലെന്ന് മലയാളികളായ കേന്ദ്രമന്ത്രിമാർ പറഞ്ഞെങ്കിലും പരിശോധിക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതിനിടെ ഇ. ശ്രീധരൻ കൊണ്ടുവന്ന ബദൽ നിർദ്ദേശവും ഏറെ ചർച്ചചെയ്യപ്പെട്ടു. തുരങ്കപാതകളും എലിവേറ്റഡ് പാതകളുമുള്ള അതിവേഗ റെയിൽ എന്നതായിരുന്നു മെട്രോമാന്റെ നിർദ്ദേശം. ഇതിലും തുടർനടപടിയുണ്ടായില്ല. ഇത് വീണ്ടും പൊടിതട്ടിയെടുക്കാനും സാധ്യതയുണ്ട്.

കേന്ദ്രാനുമതി കിട്ടിയാലുടൻ സിൽവർലൈൻ ട്രാക്കിലാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസിൽ ആവർത്തിക്കുന്നത്. എറണാകുളമടക്കമുള്ള ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി സംഗതി ആവർത്തിച്ചു. കോട്ടയത്ത് കഴിഞ്ഞദിവസം കെ - റെയിലിനേക്കുറിച്ച് ചോദിച്ചത് ജസ്റ്റിസ് കെ.ടി.തോമസാണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണലഭ്യത ഇതിന് പ്രശ്‌നമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. സാധാരണനിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകളാണ് തടസമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. എന്നാൽ റെയിൽവേയുടെ പുതിയ നിലപാട് ഇതിനെല്ലാം എതിരാണ്.

തെക്ക് - വടക്ക് സെമി ഹൈസ്പീഡ് റെയിലാണ് സിൽവർലൈൻ. 530 കിലോമീറ്റർ പാതയാണ് വിഭാവനം ചെയ്തത്. 64000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് കേരളസർക്കാരും അതിന്റെ ഇരട്ടിയോളം വേണ്ടിവരുമെന്ന് വിമർശകരും പറയുന്നു.