ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർത്ഥ്യത്തിലേക്ക്. ഉടൻ ടെൻഡർ വിളിക്കും. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് തുടങ്ങുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശമുള്ളവരും സർവീസ് നടത്താൻ താത്പര്യം പ്രകടപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാനാണ് നീക്കം.

കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിച്ചു. സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് ഉടൻ പരസ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.കപ്പൽ യാത്രയുടെ സാദ്ധ്യതകൾ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവയുമായി ചർച്ച നടത്തിയിരുന്നു.

പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമാണ് ഗൾഫ് യാത്രാ കപ്പൽ. മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള യുഎഇ സെക്റ്ററിൽ കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗം നേരത്തെ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്തിരുന്നു.

വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രയ്ക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കാനാണ് ആലോചന. ടെൻഡറിൽ കേരള സർക്കാരും പങ്കെടുക്കും.

വിമാന നിരക്കിനെ പിടിച്ചു കെട്ടാൻ കപ്പൽ യാത്രയാണ് ലക്ഷ്യം. ഗൾഫിൽനിന്നു യാത്രാക്കപ്പൽ സർവീസിനു കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാതൃകയിൽ പൊതു-സ്വകാര്യപങ്കാളിത്തത്തിൽ കമ്പനി ആലോചനയിലാണ്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കപ്പലിൽ മൂന്നര ദിവസം യാത്രയുണ്ടാകും. 10,000 രൂപ നിരക്കും. കെ ഷിപ്പ് എന്നാകും പദ്ധതിയുടെ പേരെന്നാണ് സൂചന. സർക്കാരും കേരള മാരിടൈം ബോർഡും നോർക്കയും നിക്ഷേപകരും ചേർന്നുള്ള ബിസിനസ്സ് മോഡലാണ് ആലോചനയിൽ. മതിയായ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരു ട്രിപ്പിൽ 1500 പേരെ കിട്ടുക പ്രയാസമല്ലെന്നാണു പ്രവാസി സംഘടനാ പ്രതിനിധികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

കപ്പലിൽ 10,000 രൂപ നിരക്കിൽ യാത്ര ചെയ്യാമെങ്കിൽ, വിമാന കമ്പനികൾ 20,000 മുതൽ 60,000 വരെയാണു ഈടാക്കുന്നത്. വിമാനത്തിൽ 15-30 കിലോഗ്രാം ലഗേജിന്റെ സ്ഥാനത്തു കപ്പലിൽ 40-50 കിലോ അനുവദിക്കും. മൂന്നര ദിവസം കൊണ്ട് കേരളത്തിലെത്താം. വിനോദ സഞ്ചാരികൾക്കും ഈ കപ്പൽ പ്രിയപ്പെട്ടതാകാൻ സാധ്യത ഏറെയുണ്ട്. കമ്പനി രൂപവത്കരിച്ചു കഴിഞ്ഞാൽ ഓഹരി വിൽപനയിലൂടെ പണം കണ്ടെത്തി സാധ്യതാ പഠനം ഉൾപ്പെടെയുള്ള നടപടിയിലേക്കു കടക്കും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണു കപ്പൽ സർവീസെന്ന ആശയം കേരളം മുമ്പോട്ടു വയ്ക്കുന്നത്.

സംസ്ഥാന തുറമുഖ വകുപ്പിനു കീഴിൽ 17 തുറമുഖങ്ങളുണ്ട്. ആഴം കൂട്ടിയാൽ ഇവിടങ്ങളിലെല്ലാം കപ്പൽ അടുപ്പിക്കാനാവും. നിലവിൽ കൊല്ലവും ബേപ്പൂരും ഗതാഗതയോഗ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നതെന്നും തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികൾക്ക് നിലവിലുള്ളതെന്നും കേരളം തിരിച്ചറിയുന്നു. യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.