തിരുവനന്തപുരം: ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് കെ സുധാകരൻ നൽകിയ അഭിമുഖം വിവാദത്തിൽ. തെക്കൻ കേരളത്തെ സുധാകരൻ അവഹേളിച്ചു കൊണ്ടണ് കെ സുധാകരൻ രംഗത്തുവന്നത്. സത്യസന്ധതയും, നേർവഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാർ മേഖലയിൽ നിന്നുള്ള രാഷ്ട്രീയക്കാർക്കുള്ള മേന്മകളെന്ന് പറഞ്ഞ സുധാകരൻ തെക്കൻ നേതാക്കളെ അവഹേളിച്ചെന്നാണ് ആരോപണം. കേരളത്തിലെ തെക്ക്-വടക്ക് മേഖലയിൽ നിന്നുള്ള രാഷ്ട്രീയക്കാർക്ക് ചരിത്രപരമായ വ്യത്യാസങ്ങൾ ഉണ്ടെന്നും തെക്കൻ കേരളത്തിലുള്ളവരെ അധിക്ഷേപിക്കുന്ന ധ്വനിയോടെയുള്ള സുധാകരന്റെ പ്രതികരണം.

തെക്ക്- വടക്ക് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള പരാമർശമാണ് കെ സുധാകരൻ നടത്തിയത്. തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ധ്വനിയിൽ രാമായണത്തിലെ കഥയെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു കെ സുധാകരന്റെ താരതമ്യം. അഭിമുഖത്തിൽ തെക്കൻ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാർ തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരൻ പറഞ്ഞ മറുപടിയാണ് വിവാദമായിരിക്കുന്നത്. ചരിത്രപരമായ വ്യത്യാസമുണ്ട് എന്ന് പറഞ്ഞിട്ട് ഞാൻ ഒരു കഥ പറയാം എന്ന് പറഞ്ഞുകൊണ്ട് സുധാകരൻ പറയുന്നത് ഇങ്ങനെ:

' രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ ലങ്കയിൽ നിന്ന് തിരിച്ചുവരികയായിരുന്നു രാമൻ. തെക്കൻ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു തോന്നൽ. പക്ഷെ തൃശൂർ എത്തിയതോടെ ലക്ഷ്മണന്റെ ചിന്ത മാറി. തെറ്റായ ചിന്ത വന്നതിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടായി. പക്ഷെ ഇത് മനസ്സിലായ രാമൻ ലക്ഷ്മണനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. 'ഞാൻ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മൾ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നുമായിരുന്നു രാമൻ പറഞ്ഞത്'

കെ സുധാകരന്റെ പരാമർശത്തിനെതിരേ എതിർപ്പുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ സുധാകരൻ തയ്യാറാവണമെന്നതടക്കമുള്ള ആവശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. അതേസമയം കെ സുധാകരന്റെ പരാമർശത്തിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. തെക്കും വടക്കുമല്ല പ്രശ്‌നം. മനുഷ്യ ഗുണമാണ് വേണ്ടത് എന്ന് വി ശിവൻകുട്ടി ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാ കാലത്തും വിഭജനത്തിന്റെ രാഷ്ട്രീയമാണ് കോൺഗ്രസിനുള്ളതെന്നും വി ശിവൻകുട്ടി വിമർശിച്ചു.

അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും സുധാകരൻ അഭിപ്രായം പറഞ്ഞിരുന്നു. പിണറായി വിജയൻ തന്റെ രാഷ്ട്രീയ എതിരാളിയാണ്. കോളേജ് കാലഘട്ടം മുതൽ രാഷ്ട്രീയപരമായി തങ്ങൾ രണ്ട് ചേരികളിലാണ്. പിണറായിയുമായുള്ളത് ഈഗോ പ്രശ്‌നമല്ല. അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ, തനിക്ക് കഴിയുന്നത് താൻ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

'പിണറായിക്ക് ചില നല്ല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം ഒരു തീരുമാനമെടുത്താൽ നടപ്പാക്കാൻ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും മുന്നിൽ നിന്ന് നയിക്കും. പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാർട്ടിക്കകത്തായാലും പുറത്തായാലും'. പിണറായി വിജയന്റെ മോശം സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന ചോദ്യത്തിന്, പിണറായി വളരെ ക്രൂരനാണെന്നായിരുന്നു സുധാകരൻ നൽകിയ മറുപടി.

'കരുണ ഒട്ടുമുണ്ടാകില്ല, എന്തുകൊണ്ടാണ് കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്തത് ആരോഗ്യമന്ത്രിയായിരിക്കെ അവർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത് മാധ്യമങ്ങൾക്ക് വരെ പിണറായിയെ പേടിയാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് പിണറായിയെന്ന് അവർക്ക് അറിയാം', കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.

പിണറായിയുമായി സംസാരിക്കാറില്ലെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറെ വഴി പോകും. പക്ഷെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു, അത് മനുഷ്യത്വമാണ്. ഞാൻ തിരിച്ചുവരുമ്പോഴും അദ്ദേഹം എഴുന്നേറ്റിരുന്നു. അതിനനുസരിച്ചാണ് ഞാനും പ്രതികരിച്ചത്.'- സുധാകരൻ വ്യക്തമാക്കി.