ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ ഐക്യമുണ്ടെന്ന് തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തുന്ന സമരാഗ്നി ജാഥയിലും കല്ലുകടി. പ്രതിപക്ഷ നേതാവ് വി ഡി വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ രംഗത്തു വന്നതോടെയാണ് വിവാദമായത്.

മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ. സുധാകരൻ ചോദിച്ചു. തുടർന്ന് പ്രസിഡന്റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.

വാർത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരെ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിച്ചു.

ചെസ് ടൂർണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ 'ഇയാളിത് എന്ത് **** പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരൻ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ മൈക്ക് ഓൺ ആണ്.. മറ്റുള്ളവർ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. തുടർന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കൾ പറയുന്നുണ്ട്.

നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്‌നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാർത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാർത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.

ഇത് ആദ്യമായല്ല സുധാകരൻ സതീശനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലും ഇരുവരും കോർത്തിരുന്നു. രണ്ടാമത് സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തർക്കിച്ചത്.