- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ജി സി ബിയിലെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത; ഏഷ്യാനെറ്റ് ന്യൂസിന് എതിരെ കെ.സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്; പ്രധാനമന്ത്രി കേരളത്തിൽ എത്തിയ ദിവസത്തെ വാർത്ത തന്നെ അപകീർത്തിപ്പെടുത്താനെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വാർത്തയ്ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് എഡിറ്റർ മനോജ്.കെ ദാസ്, എക്സിക്യുട്ടീവ് ചെയർമാൻ രാജേഷ് കർല എന്നിവർക്കെതിരെയാണ് വക്കീൽനോട്ടീസ് അയച്ചത്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി) മകന്റെ നിയമനവുമായി ബന്ധപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയ്ക്ക് എതിരെയാണ് കെ സുരേന്ദ്രൻ നിയമനടപടി സ്വീകരിച്ചത്.
നടപടിക്രമങ്ങൾ എല്ലാം പാലിച്ച് ആർ.ജി.സി.ബി നടത്തിയ കെ.എസ് ഹരികൃഷ്ണന്റെ നിയമനം അനധികൃതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത നൽകിയിരുന്നു. പ്രധാനമന്ത്രി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താൻ ഏഷ്യാനെറ്റ് ന്യൂസ് തിരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.
കെ.സുരേന്ദ്രനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാർത്ത നൽകിയത് എന്ന് വക്കീൽ നോട്ടീസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്കും ന്യൂസ് എഡിറ്റർ മനോജ് കെ ദാസിനും എതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്
ആരോപണത്തിന് കെ സുരേന്ദ്രൻ നേരത്തെ മറുപടി നൽകിയിരുന്നു. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രൻ വിശദീകരിച്ചു. നിയമനം പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും, ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി. പ്രധാനമന്ത്രി കേരളത്തിൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യാൻ എത്തിയ ദിവസം ഈ വാർത്ത കൊടുത്തത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഒരു ശ്വാസത്തിൽ പോലും സുരേന്ദ്രനും ആരും ഇടപെട്ടിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ആ വാർത്ത കൊടുക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകർ ആ വാർത്തയുടെ വിശദാംശങ്ങൾ അറിയിണമായിരുന്നു. നമ്മുടെ രാജ്യത്ത് ആരെയെങ്കിലും കളിപ്പിക്കാൻ പറ്റുമോ? പ്രത്യേകിച്ച് തന്നെപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവർത്തകൻ അത്തരം സമീപം സ്വീകരിക്കുമെന്ന് ധരിക്കുന്നുവെങ്കിൽ അതിന് നിങ്ങളെ കുറ്റം പറയുന്നില്ല. നേരത്തെ മകൻ കുഴൽപ്പണം കൊടുത്ത് എന്ന് വാർത്ത കൊടുത്തവരാണ് നിങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. പരിശീലന കാലയളവിൽ 70,000 രൂപ ശമ്പളം ലഭിക്കുന്നതാണ് കെ സുരേന്ദ്രന്റെ മകന് ലഭിച്ച ജോലി. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ടെക്നിക്കൽ ഓഫീസർ അടക്കം മൂന്ന് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് മുൻകാലങ്ങളിൽ നിന്ന് വൃതൃസ്തമായി ബിടെക്ക് മെക്കാനിക്കൽ , ഇൻസ്ട്രുമെന്റേഷൻ ബിരുദത്തിൽ 60 ശതമാനം മാർക്കാണ് അടിസ്ഥാനയോഗ്യത നിശ്ചിയിച്ചിരുന്നത്. എംടെക്കുള്ളവർക്ക് ഷോർട്ട്ലിസ്റ്റിൽ മുൻഗണന നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. ഇതിനെല്ലാം പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത പുറത്തു വിട്ടത്.
എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ