മലപ്പുറം: സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്്ലിങ്ങളാണെന്ന കെ.ടി.ജലീല്‍ എം.എല്‍.എയുടെ പരാമര്‍ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്. മത പണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോള്‍ സ്വര്‍ണ്ണം കടത്തി പിടിക്കപ്പെട്ടുവെന്നും ജലീല്‍ ആരോപിച്ചിരുന്നു.

തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന മലപ്പുറം ഡി.വൈ.എസ്.പി: ടി.എസ് സിനോജാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്. പരാമര്‍ശം വ്യക്തിപരമല്ലാത്തതിനാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാലാണ് നിയമോപദേശത്തിന് നല്‍കിയിരിക്കുന്നത്.

ഒരു സമുദായത്തേയും നാടിനേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ എം.എല്‍.എക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യൂത്ത്ലീഗ് നല്‍കിയ പരാതിയും ചേര്‍ത്താണ് അഡ്വക്കറ്റ് ജനറലിന് ഉപദേശത്തിന് അയച്ചിട്ടുള്ളത്. സ്വര്‍ണ്ണ കള്ളകടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്്ലിങ്ങളാണെന്നും മത പണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോള്‍ സ്വര്‍ണ്ണം കടത്തി പിടിക്കപ്പെട്ടുവെന്നും മലപ്പുറം അതിന്റെ നാടാണെന്നുമെല്ലാമുള്ള പ്രസ്താവനക്കെതിരെയായിരുന്നു റസാഖിന്റെ പരാതി.

ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ജലീലിന്റെ പ്രസ്താവന. മത സ്പര്‍ദ്ധയുണ്ടാക്കി മലപ്പുറത്തെ കലാപ സംഘര്‍ഷ ഭൂമിയാക്കി ചിത്രീകരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുക, ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വ്യാജ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജലീല്‍ നടത്തിയ പ്രസ്താവനെക്കെതിരെ കലാപാഹ്വാനത്തിനും വ്യാജ പ്രചരണത്തിനും കേസെടുക്കണമെന്നാണ്് യൂത്ത്ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത്ലീഗ്.