തിരുവനന്തപുരം: കമന്നു വീണാൽ കാൽപ്പണം വാരേണ്ടത് എങ്ങനെയെന്ന് കെ വി തോമസിന് ശരിക്കും അറിയാം. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ കിട്ടാൻ വഴിയില്ലാതെ വന്നപ്പോഴാണ് കെ വി തോമസ് പിണറായി വിജയന്റെ വിശ്വസ്തനായി മറുകണ്ടം ചാടിയത്. ഇതിന് പ്രത്യുപകാരമായി സ്ഥാനവും നൽകി മുഖ്യമന്ത്രി തോമസിനെ സന്തോഷിപ്പിച്ചു. ഇപ്പോൾ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തോമസ് മാഷിന് പുതുവത്സരം അടിപൊളിയാക്കാൻ അവസരം എത്തി.

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നൽകാൻ 12.50 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ്. കടുത്ത ട്രഷറി നിയന്ത്രണങ്ങൾക്കിടെയാണ് തോമസിന് പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. കെ.വി തോമസിന്റെ ഓണറേറിയത്തിന് പുറമേ 4 സപ്പോർട്ടിങ് സ്റ്റാഫുകളുടെ ശമ്പളവും ഈ 12.50 ലക്ഷം രൂപയിൽ നിന്ന് കൊടുക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

നവംബർ 20ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഓണറേറിയം കൊടുക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. 1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. ശമ്പളം വേണ്ട ഓണറേറിയം മതി എന്ന തന്ത്രപരമായ നിലപാട് ആണ് കെ.വി. തോമസ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം വാങ്ങുകയാണെങ്കിൽ പെൻഷൻ കിട്ടില്ല. ഓണറേറിയമാണെങ്കിൽ പെൻഷൻ കിട്ടും.

എംഎ‍ൽഎ, എംപി, അദ്ധ്യാപക പെൻഷൻ എന്നിങ്ങനെ 3 പെൻഷനുകൾ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. 2023 ജൂൺ മാസം വരെ 5,38,710 രൂപ ഓണറേറിയം ഇനത്തിൽ കെ.വി. തോമസിന് നൽകിയിരുന്നുവെന്ന് സെപ്റ്റംബറിൽ മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. ഇത് കൂടാതെ ടെലിഫോൺ ചാർജ്, വാഹനം, യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് മൽസരിക്കാനില്ല എന്ന് കെ.വി. തോമസ് പ്രഖ്യാപിച്ചിട്ടുണ്ട്.

2024 ഏപ്രിലിൽ ഒഴിവ് വരുന്ന എളമരം കരീമിന്റെ രാജ്യസഭ സീറ്റിലാണ് കെ.വി തോമസിന്റെ കണ്ണെന്നാണ് വിലയിരുത്തുന്നത്. പിണറായിയുടെ വിശ്വസ്തനായതിനാൽ രാജ്യസഭ സീറ്റ് കെ.വി തോമസിന് ലഭിച്ചേക്കു എന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. നേരത്തെ കെവി തോമസ് ഡൽഹിയിൽ എത്തിയതോടെ വേണു രാജാമണിയുടെ ഡൽഹിയിലെ സേവനം കേരളം അവസാനിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് വേണു രാജാമണിയുടെ സ്ഥാനം തെറിപ്പിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.