- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാല്‍നൂറ്റാണ്ടിനു ശേഷം കേരളത്തിന് കിട്ടിയ അവസരം നഷ്ടമാക്കി സ്പോര്‍ട്സ് കൗണ്‍സില്‍; കബഡി താരമായ അഞ്ജിതക്ക് നഷ്ടമായത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കുപ്പായം; സര്‍ക്കാരിന് പരാതി നല്‍കിയിട്ട് മറുപടി പോലും ലഭിക്കാതെ പരിശീലകന്‍; മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കായിക മന്ത്രി കാണാതെ പോകുന്ന കായിക കേരളം...
കബഡി താരമായ അഞ്ജിതക്ക് നഷ്ടമായത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കുപ്പായം
തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിനു ശേഷം ഇന്ത്യന്‍ കബഡി ടീമില്‍ കളിക്കാന്‍ കൗമാര കേരള താരത്തിന് ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍. പെണ്‍കുട്ടികളുടെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം പാറശാല സ്വദേശിനി അഞ്ജിതയുടെ സ്വപ്നങ്ങളാണ് കൗണ്‍സിലിന്റെ വീഴ്ചകളില്‍ തകര്‍ന്നത്. രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് വിഷയം അവസാനിപ്പിക്കാനാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍െ്റ ശ്രമം. അനാസ്ഥ ചൂണ്ടിക്കാണിച്ച് കായിക മന്ത്രിക്ക് പരാതി നല്‍കിയിട്ട് മറുപടി പോലും ലഭിച്ചില്ലെന്ന് പരിശീലകന്‍. മെസിയെ കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കായിക മന്ത്രി ഇത് അറിഞ്ഞുപോലും കാണില്ലെന്നും ആരോപണം.
ബഹ്റൈനില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലേക്ക് അരുമാനൂര്‍ എം.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഞ്ജിതയെ തിരഞ്ഞെടുത്തതായി ഓഗസ്റ്റ് 23നാണ് ദേശീയ ഫെഡറേഷന്‍ സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിനെ ഇമെയില്‍ വഴി അറിയിച്ചത്. 40 പേരുടെ പട്ടികയില്‍ ഒന്‍പതാം റാങ്കുകാരിയായാണ് കേരളത്തില്‍ നിന്നുള്ള ഏകതാരമായി അഞ്ജിത ടീമിലിടം പിടിച്ചത്. ഓഗസ്റ്റ് 31ന് മുന്‍പ് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ദേശീയ ഫെഡറേഷന് നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യം അഞ്ജിതയെയോ വീട്ടുകാരെയോ അറിയിച്ചില്ല. കൃത്യസമയത്ത് വിവരങ്ങള്‍ നല്‍കാതായതോടെ അഞ്ജിതയ്ക്ക് പകരം മറ്റൊരു കുട്ടിയെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
കബഡി അസോസിയേഷനിലെ തര്‍ക്കങ്ങള്‍ കാരണം വര്‍ഷങ്ങളായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ ടെക്നിക്കല്‍ കമ്മിറ്റിയാണ് സംസ്ഥാനത്ത് കബഡിയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അഞ്ജിതയുടെ അവസരം നഷ്ടമായത് ചര്‍ച്ചയായതോടെ സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരായ വാണി മൂകാംബിക, വിനിതാ വിജയന്‍ എന്നീ ജീവനക്കാരെ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നു കണ്ടെത്തിയതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍്റ് യു. ഷറഫലി അറിയിച്ചു.
കൂലിപ്പണിക്കാരനാണ് അഞ്ജിതയുടെ പിതാവ് സുരേഷ്. പാറശ്ശാലയിലെ ഹെര്‍ക്കൂലിയന്‍ കബഡി ക്ലബ്ബാണ് പരിശീലനവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത്. സഹോദരി അഞ്ജനയും കബഡി താരമാണ്. ദേശീയടീമിലെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ അഞ്ജിതയുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നേരത്തേത്തന്നെ തയ്യാറാക്കി വച്ചിരുന്നതായി പരിശീലകന്‍ സച്ചിന്‍ പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണുണ്ടായത്. ഒരു കായികതാരത്തിന്‍െ്റ ഭാവി പരിഗണിക്കാതെയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പെരുമാറിയത്. ഇതുസംബന്ധിച്ച് കായിക മന്ത്രിക്ക് പരാതി നല്‍കിയിട്ട് ഒരു മറുപടി പോലും ലഭിച്ചില്ലെന്നും സച്ചിന്‍ പറയുന്നു.