- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബകോടതിയിലെ കേസിൽ പിതാവിന് അനുകൂല വിധിയുണ്ടാക്കാനുള്ള ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ വ്യാജ കേസ്; കുട്ടിയുടെ കള്ളം പറച്ചിലിന് പിന്നിൽ വിഡിയോ കണ്ടെത്തിന്റെ കുറ്റബോധം അല്ല; അമ്മയെ ബലിയാടാക്കിയത് മുൻ ഭർത്താവും പൊലീസും; ഡിവൈഎസ് പിക്കും സിഐയ്ക്കും എസ് ഐയ്ക്കും എതിരെ അന്വേഷണം; കടയ്ക്കാവൂർ കേസിൽ സത്യം വിജയത്തിലേക്ക്
തിരുവനന്തപുരം: പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടി. ഡിവൈ.എസ്പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കള്ളക്കേസിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ പൊതു സമൂഹത്തിലെത്തിച്ചത് മറുനാടനാണ്. അതിന് ശേഷമാണ് യുവതിക്ക് ജയിൽ മോചനവും സാധ്യമായത്. ഇനിയും കള്ളക്കേസ് കൊടുത്ത കുട്ടിയുടെ അച്ഛൻ പുറത്തു വിലസുകയാണ്.
അമ്മയുടെ മൊബൈൽ കണ്ടെത്തി മഹസർ തയ്യാറാക്കിയപ്പോൾ എസ്ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സിഐ ശിവകുമാറും ഡിവൈ.എസ്പി സുരേഷും നിയമോപദേശം തേടാതെയും എസ്ഐയ്ക്ക് നിർദ്ദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡി.ജി.പി കണ്ടെത്തി. എസ്ഐയും കുട്ടിയുടെ പിതാവും തമ്മിൽ 21ദിവസത്തിനിടെ 67തവണ സംസാരിച്ചു. 3 ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി വരുന്നത്. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണ് അന്വേഷണം.
2020 ഡിസംബറിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസ്, കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അമ്മയെ അറസ്റ്റ് ചെയ്യും മുൻപ്, അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഐ.ജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ ,ഹൈക്കോടതിയാണ് അമ്മയ്ക്ക് ജാമ്യം നൽകിയത്. മറുനാടൻ വാർത്തകളും വെളിപ്പെടുത്തലുകളുമെല്ലാം നിർണ്ണായകമായി.
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസിൽ പ്രതിയായ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുന്ന റഫർ റിപ്പോർട്ടിലുള്ളത് ഗൂഢാലോചനയുടെ സൂചനയായിരുന്നു. മാതാവും പിതാവും തമ്മിൽ ആറ്റിങ്ങൽ കുടുംബക്കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും നടന്ന വ്യവഹാരങ്ങളിൽ പിതാവിനനുകൂലമായി കോടതി വിധിയുണ്ടാക്കാൻ പിതാവിന്റെ ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ വ്യാജ കേസാണെന്ന് കാട്ടി അന്വേഷണ സംഘം റഫർ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയിലാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 172 പ്രകാരം കേസ് എഴുതിത്ത്ത്ത്ത്ത്തള്ളാൻ അനുമതി തേടി അന്തിമ റഫർ റിപ്പോർട്ട് സമർപ്പിച്ചത്.
വ്യാജ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച പിതാവുൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പ്രോസിക്യൂഷൻ നടപടി തുടങ്ങിയതായും അന്വേഷണ സംഘം ക്ലോഷർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ കുട്ടിയുടെ കള്ളം പറച്ചിലായിരുന്നു അമ്മയെ കുടുക്കിയത് എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ കോടതിയിൽ നിന്ന് ലഭിക്കുന്ന സൂചനകളിൽ പിതാവിനെതിരേയും പരമാർശമുണ്ടെന്നതാണ്. അങ്ങനെ വന്നാൽ കേസ് പുതിയ തലത്തിൽ എത്തും. 2019 ഡിസംബർ 28 മുതൽ റിമാന്റിൽ കഴിഞ്ഞിരുന്ന മാതാവായ വക്കം സ്വദേശിനിക്ക് ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം പോക്സോ കോടതി ചുമതലയുള്ള ജഡ്ജി സി.ജെ. ഡെന്നിയാണ് ജാമ്യഹർജി തള്ളിയത്. അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കടക്കാവൂർ പൊലീസ് റിപ്പോർട്ടും പ്രോസിക്യൂഷൻ വാദവും അംഗീകരിച്ച കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. തുടർന്ന് ഒന്നര മാസക്കാലം കൽതുറുങ്കിൽ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തനിക്കും 4 മക്കൾക്കും ജീവനാംശച്ചെലവ് കിട്ടുന്നതിനും കുട്ടികളെ വിട്ടുകിട്ടുന്നതിനുമായി യുവതിയും ഭർത്താവും തമ്മിൽ ആറ്റിങ്ങൽ കുടുംബകോടതിയിൽ കേസ് നിലവിലുണ്ടെന്നും ഭർത്താവ് മറ്റൊരു യുവതിയുമായി താമസമാണെന്നും അവരെ വിവാഹം കഴിക്കാൻ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തി യുവതിയിൽ നിന്നും വിവാഹമോചനം നേടാനായി കടക്കാവൂർ എസ് ഐക്കും സിഐക്കും ഡിവൈഎസ്പിക്കും കൈക്കൂലി പണം നൽകി മെനഞ്ഞെടുത്ത കള്ളക്കേസാണിതെന്നും യുവതി വാദിച്ചു. ഈ വാദങ്ങളാണ് തുടരന്വേഷണത്തിൽ ശരിയാണെന്ന് തെളിഞ്ഞതും.
കുട്ടികളെ വിട്ടുകിട്ടാൻ 2019 നവംബർ 25നാണ് താൻ ഒ പി (ഗാർഡിയൻ ആൻഡ് വാർഡ്) നമ്പർ 1768/2019 കേസ് ഫയൽ ചെയ്തത്. തുടർന്ന് എം സി 495/2019 നമ്പരായി ജീവനാംശ ചെലവിനായും കേസ് ഫയൽ ചെയ്തു. ആ സമയം തന്റെ അറിവോ സമ്മതമോ കൂടാതെ 3 കുട്ടികളെ ഭർത്താവ് വിദേശത്തുകൊണ്ടുപോയി. തുടർന്ന് 3 കുട്ടികളെയും തിരികെ കൊണ്ടുവന്നു. അതിനാലാണ് യുവതി കേസ് ഫയൽ ചെയ്ത് ഒരാഴ്ച കഴിഞ്ഞുഞുള്ള തീയതിയായ 2019 ഡിസംബർ 10 വരെ താൻ മകനെ പീഡിപ്പിച്ചതായി വ്യാജ പരാതി നൽകിയതെന്നും യുവതി വാദിച്ചു. ഇതെല്ലാം ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ല. ഈ സംഭവം വിവാദമായതിനെ തുടർന്നാണ് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കടയ്ക്കാവൂർ പോക്സോ കേസിൽ പൊലീസ് എഫ് ഐ ആർ തയ്യാറാക്കി യതിൽ വീഴ്ചയുണ്ടായതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എൻ. സുനന്ദ വിമർശിച്ചിരുന്നു. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് അന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കടയ്ക്കാവൂർ കേസിൽ പരാതി ലഭിച്ചതിനു ശേഷം കൗൺസിലിങ്ങിന് വേണ്ടി മാത്രമാണ് പൊലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് സി ഡബ്ല്യൂ സി ചെയ്തത്. പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പൊലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കി. ഇതോടെ അറസ്റ്റിന് പിന്നിലും കേസിന് പിന്നിലും ദുരൂഹതയുണ്ടെന്ന ആരോപണം ശക്തി പ്രാപിച്ചിച്ചു.
ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിക്കുകയായിരുന്നു. മന:ശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയെങ്കിലും പൊലീസ് വക വച്ചിരുന്നില്ല. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള 3 ആൺമക്കളും 6 വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്. സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇത്.
മറുനാടന് മലയാളി ബ്യൂറോ