- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവ്വകലാശാല; നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ; ഗുരുതരമായ കുറ്റമെന്ന് കേരളാ യൂണിവേഴ്സിറ്റി വിസിയും; നേതാവിനെ വെള്ള പൂശാൻ എത്തിയ എസ്എഫ്ഐക്ക് കനത്ത തിരിച്ചടി
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ വെള്ളപൂശാൻ രംഗത്തെത്തിയ എസ്എഫ്ഐക്ക് കനത്ത തിരിച്ചടി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാലയും രംഗത്തുവന്നതോടെയാണ് എസ്എഫ്ഐ വിവാദങ്ങൾക്ക് നടുവിലായത്. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.
എംഎസ്എം കോളേജ് മുൻ യൂണിറ്റ് സെക്രട്ടറി നിഖിൽ തോമസിന് പ്രവേശനം നൽകുന്നതിൽ മാനേജർക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകൾ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജർക്കും പ്രിൻസിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാർശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
അതേസമയം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നമ്മലും രംഗത്തുവന്നു. സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിസി ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അദ്ധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.
നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന ആരോപണങ്ങളെ തുടർന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. നിഖിൽ തോമസ് ഇപ്പോൾ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർത്ഥിയാണ്. ഇതേ കോളേജിൽ തന്നെയാണ് 2017-20 കാലഘട്ടത്തിൽ ബികോം ചെയ്തത്. പക്ഷേ നിഖിൽ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം നിഖിൽ ഇവിടെ തന്നെ എം കോമിന് ചേർന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റായിരുന്നു.
2019 മുതൽ കലിംഗയിൽ പഠിച്ചെന്നാണ് നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജിൽ നിഖിലിന്റെ ജുനിയർ വിദ്യാർത്ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തിൽ 2019 ൽ താൻ കേരളയിലെ രജിസ്ട്രേഷന് ക്യാൻസൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ൽ നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും 2020 ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളിൽ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആർ നാസർ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തിൽ പ്രശ്നമുണ്ടെന്ന് നിഖിൽ തോമസും സമ്മതിച്ചു. എന്നാൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നും നിഖിൽ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ