- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയിൽ പ്രകൃതി ചികിത്സയിലുടെ വിയർപ്പിക്കാൻപോയ ഇഎംഎസ്; പ്രമേഹത്തിന് ഉലുവ തിന്ന് അവസാനം വൃക്കകൾ തകരാറിലായ നായനാർ; പ്രമേഹത്തിന് ആയുർവേദ ചികിത്സ നടത്തിയ കാനം; ഇത് കപട ചികിത്സയെ പുൽകുന്നവർക്കുള്ള മുന്നറിയിപ്പ്; ജോസഫ് വടക്കന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
കോഴിക്കോട്: കേരളത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ മരണമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെത്. ഒരുവർഷം മുമ്പുവരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹത്തിന് പ്രമേഹം മൂർച്ഛിച്ചതിനെ തൂടർന്നാണ് അന്ത്യം ഉണ്ടായത്.
പക്ഷേ കാനം രാജേന്ദ്രൻ ആധുനിക ചികിത്സയോട് വിമുഖത കാട്ടിയതാണ്, അദ്ദേഹത്തിന്റെ രോഗം ഗുരുതരമാവാൻ കാരണമെന്നും, കേരളത്തിലെ രാഷ്ട്രീയക്കാർ പൊതുവെ കപട ചികിത്സകളോടാണ് താൽപ്പര്യം കാട്ടുന്നത് എന്നുമുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എഴുത്തുകാരനും, ശാസ്ത്രപ്രചാരകനും സ്വതന്ത്രചിന്തകനുമായ ജോസഫ് വടക്കൻ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം സംബന്ധിച്ചും ഇതുപോലെ വിവാദമുണ്ടായിരുന്നു. തൊണ്ടയിലെ കാൻസർ നേരത്തെ തന്നെ കണ്ടെത്തിയിട്ടും, മഞ്ഞൾവെള്ളം കുടിക്കലും, പ്രാർത്ഥനാ ചികിത്സയുമൊക്കെയായി, അദ്ദേഹത്തിന്റെ രോഗം വർധിച്ചതായി ആരോപണം ഉയർന്നിരുന്നു. പക്ഷേ പുരോഗമ വാദികൾ എന്ന് പറയുന്ന കമ്യൂണിസ്റ്റ് നേതാക്കൾപോലും ഒന്നാന്തരം അന്ധവിശ്വാസികളാണെന്ന് ജോസഫ് വടക്കൻ ചൂണ്ടിക്കാട്ടുന്നു.
ജോസഫ് വടക്കന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ- ''കാനം രാജേന്ദ്രൻ മരിച്ചു. ജനിച്ചാൽ ഒരിക്കൽ മരിക്കും. പക്ഷെ, കാനം അകാലത്തിൽ മരിക്കാൻ കാരണം, എല്ലാ കമ്മ്യൂണിസ്റ്റ്കൾക്കും ഉള്ള ആയുർവേദ പ്രേമം തന്നെയാണ്. നായനാർ പ്രമേഹത്തിന് ഉലുവ തിന്ന് തിന്ന് അവസാനം വൃക്കകൾ തകരാറിൽ ആയി ഡൽഹി എയിംസിൽ വച്ച് മരിച്ചു. ഇഎംഎസ് പൂർവ്വ ജർമ്മനിയിൽ പ്രകൃതി ചികിത്സക്ക് (വിയർപ്പിക്കാൻ ) പോയി. കാനം പ്രമേഹത്തിന് ആദ്യം ആയുർവേദ ചികിത്സയാണ് നടത്തിയിരുന്നത്. അങ്ങനെ പ്രമേഹം കടുത്തു. പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തെ സമീപിക്കുമ്പോൾ നേർവുകളെ ബാധിച്ച അവസ്ഥയിൽ ആയിരുന്നു. കാലിലെ മുറിവ്, വേദന അറിയാത്തത് മൂലം സാരമായി എടുക്കാറില്ല, ഇത്തരം അവസ്ഥയിൽ എത്തുന്നവർ. കാനത്തിന്റെ കാര്യത്തിലും അതാണ് ഉണ്ടായത്. കാലിലെ മുറിവ് പഴുത്തു. പഴുപ്പ് മുകളിലേക്ക് വ്യാപിച്ചു. പാദം മുറിച്ചുമാറ്റി. പക്ഷെ, പഴുപ്പ് നിയന്ത്രണവിധേയമായില്ല. പ്രമേഹം കണ്ണിന്റെ കാഴ്ചയെ ബാധിക്കും. ഹൃദയ പേശികളെ ബാധിക്കും. ഹൃദയപേശികളെ ബാധിച്ച് ഹൃദയസ്തംഭനം ഉണ്ടായി. പ്രമേഹത്തെ സൈലന്റ് കില്ലർ എന്നു വിളിക്കുന്നത് അതുകൊണ്ടാണ്. ആധുനിക വൈദ്യത്തെ തള്ളിപ്പറഞ്ഞു, ആയുർവേദം പോലുള്ള കപട ചികിത്സകളെ പുൽകുന്ന കമ്മി, കൊങ്ങി, സംഘി രാഷ്ട്രീയക്കാർക്കുള്ള മുന്നറിയിപ്പ് ആണിത്. ഇതൊരു പാഠം ആയിരുന്നെങ്കിൽ.
കാനത്തിന്റെ പാർട്ടിയിൽ മുഴുവൻ കീമോ ഫോബിയക്കാരാണ്. ഇപ്പോഴത്തെ കൃഷി മന്ത്രി. പി. പ്രസാദിന്റെ കാര്യം അറിയാമല്ലോ, മുൻ കൃഷി മന്ത്രിമാരയാ മുല്ലക്കര രത്നാകരൻ, വി. എസ്. സുനിൽ കുമാർ എന്നിവർ ഇക്കാര്യത്തിൽ കുപ്രസിദ്ധർ ആയിരുന്നു. മുല്ലക്കര രത്നാകരൻ കടുത്ത ജനിതകവിള വിരോധിയായിരുന്നു. സുനിൽ കുമാർ കോവിഡിനെതിരെ പ്രതിരോധശേഷി ആർജ്ജിക്കാൻ, ദിവസവും അതിരാവിലെ നെല്ലിക്കാ ജൂസിൽ, മഞ്ഞൾപ്പൊടി കലക്കികുടിച്ചിരുന്നയാളാണ്. ബിനോയ് വിശ്വം പോലും ആയുർവേദത്തെ ആശ്രയിക്കുന്നയാളാണ്. സമൂഹത്തിന് സദ് മാതൃകകളാകേണ്ട നമ്മുടെ രാഷ്ട്രീയക്കാർ ദുർമാതൃകകളാകുന്ന വിചിത്ര ചിത്രം ആണ് നാം കാണുന്നത്.
തൊണ്ടയിൽ കാൻസർ വന്നപ്പോൾ ഒറ്റമൂലി ചികിത്സ തേടി വഷളാക്കിയ ഉമ്മൻ ചാണ്ടി. ആയുർവേദത്തെയും, സിദ്ധയെയും വാഴ്ത്തിപ്പാടുന്ന ചാണ്ടി ഉമ്മൻ. കയ്യൊടിഞ്ഞു പ്ലാസ്റ്റർ ഇട്ട് അത് വെട്ടിയ ശേഷം ഫിസിയോ തെറാപ്പിക്ക് പകരം തിരുമ്മൽ കാരന്റെ അടുക്കൽ പോകുന്ന ഉമാ തോമസ്. നമ്മുടെ രാഷ്ട്രീയക്കാരിൽ ശാസ്ത്ര ബോധമുള്ള ഒരെണ്ണത്തിനെ കണ്ടെത്താനില്ല. അവിടെ കമ്മിയെന്നോ, കൊങ്ങിയെന്നോ, സംഘിയെന്നോ വ്യത്യാസം ഇല്ല. ''- ഇങ്ങനെയാണ് ജോസഫ് വടക്കന്റെ പോസ്റ്റ് അവസാനിക്കുന്നത്്. ഈ പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. മോഡേൺ മെഡിസിൻ മാത്രമാണ് ശരിയെന്ന വാദം അംഗീകരിക്കാൻ കഴിയില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ രക്ഷിക്കാവുന്ന ജീവനുകളെ മതിയായ ചികിത്സകൊടുക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നത് ക്രിമിനൽ കുറ്റമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ