- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലെ ബോംബ് രാഷ്ട്രീയം ജീവനെടുക്കുമ്പോൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ബോംബ് രാഷ്ട്രീയത്തിൽ ജീവൻ നഷ്ടമായത് നിരപരാധിയായ 85 വയസുകാരന്. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബോംബ് സ്‌ഫോടനത്തിൽ, ഒരു ജീവൻ കൂടി പൊലിഞ്ഞത് പൊലീസിന്റെ ഗുരുതരമായ വീഴ്‌ച്ചയായിട്ടാണ് ജനങ്ങൾ പറയുന്നത്.
തലശേരി നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ആൾപാർപ്പില്ലാത്ത വീട്ടു പറമ്പിൽ നിന്നും ബോംബു പൊട്ടിയാണ് വയോധികൻ അതി ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചക ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി കുടക്കളത്തെ വേലായുധനാണ് (85) അതിദാരുണമായി മരിച്ചത്.
വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പറമ്പിലുണ്ടായിരുന്ന സാധനം എന്തെന്ന് എടുത്തു നോക്കിയപ്പോൾ സ്റ്റീൽ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടെത്തിയ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്ത് തലശേരി എ.സി.പി യുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആൾ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വേലായുധന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു വർഷം മുൻപ് തലശേരി മേഖലയിൽ നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീൽ പാത്ര ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആസാം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രി പെറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇതിനു ശേഷമാണ് മറ്റൊരു സ്‌ഫോടനം കൂടി നടക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം തലശേരി മേഖലയിൽ വ്യാപകമായി ബോംബെറും അക്രമവും നടന്നിരുന്നു. പൊലീസ് പാർട്ടി ഗ്രാമങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ടെങ്കിലും ബോംബുകൾ കണ്ടെത്താൻ കഴിയുന്നില്ല. നേരത്തെ പാനൂർ മുളിയത്തോട്ടിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും ബോംബു നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ മരിക്കുകയും ചിലർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ന്യു മാഹിയിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവർത്തകനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി പിടിയിലായത്. 2015 ൽ ചെറ്റക്കണ്ടിയിൽ ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകർക്ക് പാർട്ടി രക്തസാക്ഷി സ്മൃതി മന്ദിരം നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിട്ടു നിൽക്കുകയായിരുന്നു. സിപിഎം കണ്ണൂർ ജില്ല. സെക്രട്ടറി എം.വി ജയരാജനാണ് സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തത്.