- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ അയ്യൻ കുന്നിലെ ചുവപ്പുമാർക്ക് കണ്ട് ആശങ്ക വേണ്ട; പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന സംശയത്തിന് അടിസ്ഥാനമില്ല; ചുവപ്പുമാർക്ക് രേഖപ്പെടുത്തിയത് കർണാടക വനം വകുപ്പ് അല്ലെന്ന് സ്ഥിരീകരണം; അന്വേഷണത്തിൽ സംഭവിച്ചത് ഇങ്ങനെ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്ക ഉയർന്നിരുന്നു. അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ് രേഖപ്പെടുത്തലുകൾ നടത്തിയെന്ന അഭ്യൂബം പരന്നതോടെയാണ് സംശയം ഉയർന്നത്. കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ ഇരിട്ടിയോട് ചേർന്ന് അയ്യൻകുന്നിൽ കർണാടക വനംവകുപ്പിന്റെത് എന്ന് സംശയിച്ച ചുവപ്പ് മാർക്ക് കാണപ്പെട്ടിരുന്നു. എന്നാൽ ഇത് രേഖപ്പെടുത്തിയത് കർണാടക വനം വകുപ്പല്ല എന്ന സ്ഥിരീകരണമാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബഫർ സോണമായി ബന്ധപ്പെട്ടാണ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ചുവപ്പ് രേഖകൾ കണ്ടത് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഈ രേഖകൾ ബഫർസോണിനായി രേഖപ്പെടുത്തിയതല്ല എന്നുള്ള സ്ഥിരീകരണമാണ് വരുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം, ധാതു സമ്പത്തിനെക്കുറിച്ച് പഠിക്കാനായി, സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. ഈ സ്വകാര്യ ഏജൻസി ആണ് അയ്യൻകുന്ന് പ്രദേശങ്ങളിൽ ചുവപ്പ് മാർക്ക് രേഖപ്പെടുത്തിയത്. കർണാടക ഉദ്യോഗസ്ഥർ പയ്യാവൂരിലും എത്തിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഈ സംഘത്തെ പൊലീസ് കളക്ടറേറ്റിൽ എത്തിച്ചു. തുടർന്നാണ് എന്തിനാണ് ഇത്തരത്തിലുള്ള മാർക്കുകൾ ഇവിടെ രേഖപ്പെടുത്തിയത് എന്ന് സംഘം കളക്ടറെയും പൊലീസിനെയും ബോധ്യപ്പെടുത്തി. മുംബൈയിൽ നിന്നാണ് സംഘം പയ്യാവൂരിൽ എത്തിയത്. ഈ സംഘം തുടർന്ന് എ ഡിഎം മായും കൂടിക്കാഴ്ച നടത്തി.പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ചുവപ്പ് രേഖ കണ്ടതോടെ, രഹസ്യ ഏജൻസിക്ക് വരെ അന്വേഷണ ചുമതല നൽകിയിരുന്നു. റോഡിലും കൃഷിയോട് ചേർന്ന സ്ഥലങ്ങളിലുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലസ്ഥലത്ത് ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയത്. കർണാടകം ബഫർ സോൺ എന്നുള്ള പേരിൽ ഭൂമി കയ്യേറുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ വിവരങ്ങൾക്ക് ഇപ്പോൾ അടിസ്ഥാനം ഇല്ല എന്നാണ് വ്യക്തമാകുന്നത്.
ചുവപ്പുമാർക്ക് കണ്ടതിനെ തുടർന്ന് പ്രദേശത്ത് ഒരു കാർ വന്നിരുന്നുവെന്നും കാറിന്റെ ലഭ്യമായ സിസിടിവി വിവരങ്ങൾ വെച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വാർത്ത വന്നിരുന്നു. എന്നാൽ സിസിടിവിയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാത്തത് അന്വേഷണം ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പലസ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട ചുവപ്പ് മാർക്ക് മായിച്ചു കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തിയ ദുരൂഹതകൾക്കാണ് ഇപ്പോൾ വിരാമം ആയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്