- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
കണ്ണൂർ: ഓട്ടത്തിൽ കാറിന് തീപിടിച്ച് ഇന്നലെ അച്ഛനമ്മമാർ മരിച്ചതോടെ ഒറ്റയ്ക്കായത് മകൾ ശ്രീപാർവതി. പ്രജിത്തിന്റെയും റീഷയുടെയും മരണവാർത്ത അറിഞ്ഞതോടെ കുറ്റിയാട്ടൂർ ഗ്രാമമാകെ കണ്ണീരിലായിരിക്കുകയാണ്. സംഭവത്തിന് ദൃക്സാക്ഷികളായവർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടവും, കുറ്റബോധവും. കേട്ടറിഞ്ഞവർക്ക് പോലും ആ ദുരന്തം ഉൾക്കൊള്ളാനായിട്ടില്ല. ഇരുവരുടെയും സംസ്കാര ചടങ്ങിലും കുറ്റിയാട്ടൂരിൽ വൻജനാവലിയായിരുന്നു.
റീഷയ്ക്ക് പ്രസവ വേദന ഉണ്ടായതോടെ, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡാഷ്ബോർഡിൽ നിന്നും കാറിലേക്ക് തീ പടർന്നത് ഷോട്ട് സർക്യൂട്ട് മൂലമെന്നാണ് നിഗമനം. കുഞ്ഞുമായി തിരിച്ചു വരുന്നത് പ്രതീക്ഷിച്ച അയൽവാസികൾക്കും ബന്ധുക്കൾക്കും മാത്രമല്ല കാറിലുണ്ടായിരുന്ന സംഭവത്തിന് ദൃക്സാക്ഷിയായ മൂത്ത കുട്ടി ശ്രീപാർവതി ഇനിയും ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല.
വാവയുമായി തിരിച്ചു വരാമെന്ന ശ്രീപാർവതിയുടെ സ്വപ്നം കൂടിയാണ് പൊലിഞ്ഞത്. യാത്ര ചെയ്യുന്നതിനിടെ അമ്മയും അച്ഛനും, കുഞ്ഞുവാവയുമായി തിരിച്ചു വരുന്നതിലെ സന്തോഷം ശ്രീ പാർവതിയുടെ അടുത്ത് പങ്കുവെച്ചിരുന്നു. കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാം എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു സ്കൂളിൽ പോകാതെ ശ്രീപാർവ്വതി അമ്മയുടെയും അച്ഛന്റെയും കൂടെ ആശുപത്രിയിലേക്ക് തിരിച്ചത്. പക്ഷേ അപ്രതീക്ഷിത ദുരന്തം അമ്മയുടെയും അച്ഛന്റെയും കുഞ്ഞുവാവയുടെയും ജീവൻ കവർന്നപ്പോൾ ശ്രീപാർവതി എന്ത് ചെയ്യണം എന്ന് അറിയാതെ പൊട്ടിക്കരയുകയായിരുന്നു.
യാത്രയ്ക്കിടെ, ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുൻപേ പൊടുന്നനെ കാറിന് തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നപ്പോൾ അച്ഛൻ വാതിൽ തുറന്നു കൊടുത്ത് മകൾ അടക്കം പിന്നിലിരുന്നവരെയെല്ലാം രക്ഷപ്പെടുത്തി. പക്ഷേ ഭാര്യയുടെ ജീവനും സ്വന്തം ജീവനും പ്രജിത്തിന് രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ രാത്രിയോടെ വീടിനുമുന്നിൽ റീഷയുടെയും പ്രജിത്തിന്റെയും മൃതശരീരം വെള്ള പുതപ്പിച്ച് കിടത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശ്രീപാർവതി നിലവിട്ട് കരയുന്നുണ്ടായിരുന്നു. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കൾ നന്നായി പെടാപ്പാട് പെട്ടു. ഒരു വർഷം മുമ്പാണ് ഉരുവച്ചാലിലെ തറവാട് വീടിനടുത്ത് സ്വന്തം വീട് നിർമ്മിച്ച പ്രജിത്തും റീഷയും ശ്രീപാർവതിയും അങ്ങോട്ടേക്ക് മാറിയത്. അച്ഛനെയും അമ്മയുടെയും മരണം നേരിൽ കണ്ടതിന്റെ പകർച്ച ഇപ്പോഴും ശ്രീപാർവതിയുടെ മുഖത്തുണ്ട്. ബന്ധുക്കൾ ഒപ്പമുണ്ട് എങ്കിലും പെട്ടെന്നുണ്ടായ വേർപാട് വലിയ ആഘാതമായി.
ഇന്നലെ 10:30 ഓടെ മാരുതി എക്സ്പ്രസോ കാറിൽ ആയിരുന്നു കുടുംബത്തിനോടൊപ്പം ശ്രീപാർവതിയും അച്ഛനും അമ്മയും ആശുപത്രിയിൽ പോയത്. ആശുപത്രി എത്തുന്നതിന് മീറ്ററുകൾക്കിപ്പുറമാണ് പൊടുന്നനെ കാറിന് തീപിടിച്ചത്. കണ്ണൂർ ജനറൽ ആശുപത്രിക്ക് സമീപത്തെ ജനജീവിതം പഴയതു പോലെയായി എങ്കിലും ആളുകളുടെ മനസ്സിൽ ഇപ്പോഴും അപ്രതീക്ഷിതമായി നടന്ന സംഭവം തീരാ ദുഃഖമായി തുടരുകയാണ്. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ള കുറ്റബോധം ഇപ്പോഴും നാട്ടുകാരിൽ ചിലരുടെ സംസാരത്തിൽ പ്രകടമാണ്.
റീഷയുടെ നിലവിളി ചങ്ക് തകർത്തു എന്നാണ് നാട്ടുകാരിൽ ഒരാൾ പറയുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക കണ്ടെത്തലുകൾ മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട് എങ്കിലും ഫോറൻസിക്കിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ കഴിയുകയുള്ളൂ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്