- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനായി ഉയരുന്നത് ആറുനില കെട്ടിട സമുച്ചയം
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പിൽ സി.പി. എം ജില്ലാകമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന കെട്ടിടം കോർപറേറ്റ് സ്ഥാപനങ്ങളെപ്പോലും വെല്ലുന്നത്. അഴീക്കോടൻ സ്മാരക മന്ദിരത്തിന് ഫെബ്രുവരി 24-ന് വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിടുന്നതത്. പരിപാടിയിൽ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ അധ്യക്ഷനാകും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ ടീച്ചർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
പഴയ കെട്ടിടം പൊളിച്ചു മാറ്റിയ തളാപ്പിൽ തന്നെയാണ് ആധുനിക സൗകര്യങ്ങളുള്ള ആറു നിലകെട്ടിടം നിർമ്മിക്കുന്നത്. വെള്ളാപ്പള്ളി കൺസ്ട്രക്ഷൻ കമ്പിനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. പതിനഞ്ചുകോടി ചെലവിലാണ് കോർപറേറ്റ് സ്ഥാപനങ്ങളെ വിസ്മരിക്കുന്ന വിധത്തിലുള്ള ഹൈടെക് കെട്ടിടസമുച്ചയം ഉയരുന്നത്. ഒന്നരവർഷം കൊണ്ടു കെട്ടിടനിർമ്മാണം പൂർത്തിയാക്കാനാണ് കരാർ വ്യവസ്ഥ. കെട്ടിടനിർമ്മാണത്തിനുള്ള നിലമൊരുക്കൽ പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്.
സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനാണ് കെട്ടിടനിർമ്മാണത്തിനുള്ള പാർട്ടി ചുമതല.തളാപ്പിൽ പഴയ ഓഫീസ് കെട്ടിടം നിലനിൽക്കുന്ന സ്ഥലം തൊണ്ണൂറ് സെന്റാണ്. ജില്ലാകമ്മിറ്റി ഓഫീസിനു പുറമെ 700-പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ,300 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് ഹാൾ, ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ, പ്രസ് കോൺഫറൻസ് ഹാൾ, നേതാക്കൾക്കുള്ള താമസസൗകര്യങ്ങ, അടുക്കള, ക്യാന്റീൻ, വിശാലമായ പാർക്കിങ് ഏരിയ, പൂന്തോട്ടം എന്നിവയുണ്ടാകും.
കണ്ണൂർ ജില്ലയിലെ ബ്രാഞ്ചുമുതലുള്ള പാർട്ടി ഘടകങ്ങൾ നടത്തുന്ന ഹുണ്ടിക കളക്ഷനിലൂടെയാണ് ഇതിനായുള്ള പണം കണ്ടെത്തുക. വൻതുക മുതലാളിമാരിൽ നിന്നും വാങ്ങാതെ ജനങ്ങളിൽ നിന്നും പിരിച്ചെടുക്കാനാണ് പാർട്ടി ജില്ലാകമ്മിറ്റിയുടെ തീരുമാനം.ആറുനില കെട്ടിട സമുച്ചയം ഉയരുന്നതോടെ കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പാർട്ടി കേന്ദ്രമായി അഴീക്കോടൻ മന്ദിരം മാറും.
ഇപ്പോൾ പാറക്കണ്ടിയിലെ താൽക്കാലിക കെട്ടിടത്തിലാണ് പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തിച്ചുവരുന്നത്. നേരത്തെ കോഴിക്കോട് രൂപതയിലുള്ളസ്ഥലവും കെട്ടിടവും വിലയ്ക്കു വാങ്ങിയാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. 1973-ൽ ഇ. എം. എസിന്റെ അധ്യക്ഷതയിൽ എ.കെ.ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.