കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജന്റെ പ്രചരണം ശക്തമാക്കിയതോടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ പാർട്ടിയിൽ പുകയുന്നു. ഇക്കുറി സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച ഉന്നത നേതാവ് ഉൾപ്പെടെയുള്ളവരാണ് പാർട്ടിക്കുള്ളിൽ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കുന്നത്. ഇതിൽ ചിലർ വടകര, പയ്യന്നൂർ മണ്ഡലങ്ങളിൽ തങ്ങൾ പ്രവർത്തിക്കാമെന്നു പറഞ്ഞു കണ്ണൂരിൽ നിന്നും മാറി നിൽക്കുന്നുണ്ട്.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിനായി പാർട്ടിക്കുള്ളിലെ ഒരു ഉന്നതൻ മാസങ്ങൾക്കു മുൻപേ ആവശ്യമുന്നയിച്ചിരുന്നു. തന്റെ ബന്ധുവായ വനിതാ നേതാവിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ ഒരിടത്തും ഇവരുടെ പേരുവന്നില്ല. എന്നിട്ടും ജില്ലയിലെ ചില നേതാക്കൾ ഇവരുടെ പേരുകൂടി ഉന്നയിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ടു കണ്ണൂരിലെത്തി ജില്ലാ കമ്മിറ്റിയോഗത്തിൽ പങ്കെടുത്ത് ആ നീക്കം മുളയിലെ നുള്ളുകയായിരുന്നു.

വടകരയിലും കേരളത്തിൽ ഒരിടത്തും സീറ്റുലഭിച്ചില്ലെന്നു മാത്രമല്ല കണ്ണൂരിലെ പ്രബലരായ രണ്ടു നേതാക്കളെ അവസാനഘട്ടത്തിൽ അപമാനിച്ചുവിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന ഇവർ ഇക്കാര്യം പരാതിയായി പറഞ്ഞിരുന്നുവെങ്കിലും അതും ഏശിയില്ലെന്നാണ് വിവരം. എം.വി ജയരാജനു പകരം പി.ശശി, കെ.കെ രാഗേഷ് എന്നിവരിൽ ഒരാളെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിനായി അണിയറയിൽ കളിച്ചതെന്നാണ് വിവരം. സ്ഥാനാർത്ഥി പട്ടിക പാർട്ടി പ്രഖ്യാപിച്ചപ്പോൾ തന്നെ എം.വി ജയരാജൻ പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ.

മുൻ എംഎൽഎ ജയിംസ് മാത്യുവായിരുന്നു ജയരാജനൊപ്പം ഉണ്ടായിരുന്നത്. കെ.പി സഹദേവൻ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കൾു മാത്രമേ ജയരാജനൊപ്പം പ്രചരണം തുടങ്ങാനുണ്ടായിരുന്നുള്ളൂ. സാധാരണ പടുകൂറ്റൻ റാലിയോടെയാണ് കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതാണെങ്കിലും നേതൃനിരയിലെ ചിലരുടെ അഭാവം വ്യക്തമായി. കണ്ണൂരിൽ നിറഞ്ഞു നിൽക്കുന്ന ചില തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വനിതാ നേതാക്കൾ, തുടങ്ങി പാർട്ടിയുടെ ഏതുപരിപാടിയിലും നിറഞ്ഞു നിൽക്കുന്നവരുടെ അസാന്നിധ്യം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായിട്ടുണ്ട്.

എന്നാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ വസ്തുതാപരമല്ലെന്നും വരുംദിവസങ്ങളിൽ മുഴുവൻ നേതാക്കളും സജീവമാകുമെന്നാണ് സി.പി. എമ്മിലെ ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. എം.വി ജയരാജന്റെ സ്ഥാനാർത്ഥിത്വം അണികളും നേതാക്കളും ആവേശത്തോടെയാണ് ഏറ്റെടുത്തത്. പാർട്ടിക്ക് മണ്ഡലം തിരിച്ചു പിടിക്കാൻ സാധ്യമാവുന്ന ഏറ്റവും കരുത്തനായ നേതാവാണ് എം.വി ജയരാജനെന്നാണ് ഇദ്ദേഹത്തിന്റെ വാദം. പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങൾ കാസർകോട്ടും തലശേരി മണ്ഡലം വടകരയിലുമാണ്. അതുകൊണ്ടു തന്നെ ഇവിടേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ചില മുതിർന്ന നേതാക്കളെ പാർട്ടി വിന്യസിക്കുമെന്നാണ് സൂചന. അടുത്ത ദിവസം തന്നെ പാർട്ടി ജില്ലാ കമ്മിറ്റിക്കായി ആക്ടിങ് സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.