- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരം തൊടാതെയുള്ള ദേശീയപാത-66 ഗതാഗത കുരുക്കിന് പരിഹാരമാവും; ജംഗ്ഷനുകളുടെ മുഖം മാറി പുതിയവയെത്തും; ഒഴിയേണ്ടിവരുന്ന വ്യാപാരികളുടെ ആശങ്കക്കും പരിഹാരമുണ്ടാവും; വികസനത്തിന് വഴിമാറുന്ന കണ്ണൂരിലേക്ക് ആറുവരി പാതയെത്തുമ്പോൾ
കണ്ണൂർ:ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലയിൽ വേഗത്തിലായതോടെ കടന്നുപോകുന്ന വഴികളെല്ലാം തന്നെ വികസനത്തിനായി മുഖം മാറ്റുകയാണ്.2025 ഓടെ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മിന്നൽ വേഗത്തിലാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണൂരിൽ നടന്നുവരുന്നത്.ദേശീയപാത പുതിയ പാതയിലേക്ക് വഴിമാറുമ്പോൾ പ്രധാന ജങ്ഷനുകൾ പോകുമെങ്കിലും അതിലും മികച്ച നിലവാരത്തിൽ പുതിയവ നിലവിൽ വരും.
വകസനത്തിനായി പാത മാറുമ്പോൾ നിലവിൽ പാതയോരത്തുള്ള നഗര ജങ്ഷനുകൾ അകലെയാകുമെങ്കിലും ഇവയ്ക്കായി സർവ്വീസ് റോഡുകൾ ഒരുക്കുക വഴി അതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടും.അടിപ്പാതകളടക്കം ഇതിനായാണ് ഒരുക്കുന്നത്.പുതിയ ദേശീയപാതയോരത്തുള്ള കിഴുത്തള്ളി, ചാല, താഴെചൊവ്വ പുതിയ ജങ്ഷനുകളാക്കി ഉയർത്തും.കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്കിനാവും പുതിയ ദേശീയപാത വരുന്നതോടെ ശാശ്വത പരിഹാരമാവുക.നിലവിൽ തിരക്കിലമർന്ന റോഡിലെ വലിയ വാഹനങ്ങൾ പുതിയ ദേശീയപാതയിലൂടെ ഓടുമ്പോൾ നഗരത്തിരക്ക് കുറയുമെന്നുള്ളതുറപ്പ്.
പുതിയ പാത നിലവിൽ വരുന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ കച്ചവടം കുറയുമെന്ന് ആശങ്കയുണ്ടെങ്കിലും ഇതിനുള്ള ബദൽ മാർഗ്ഗങ്ങളും അവർക്ക് മുന്നിൽ തുറക്കപ്പെടും.അതിനായി പുതിയ പാത കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിലടക്കം കച്ചവട സ്ഥാപനങ്ങൾ വിപുലീകരിക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവും.വികസനം മുന്നേറുമ്പോൾ കണ്ണൂർ നഗര വ്യാപാരത്തെ കാര്യമായി ബാധിക്കില്ലെന്ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഹണീഷ് കെ. വാണിയങ്കണ്ടിയും വ്യക്തമാക്കുന്നു.
നഗരം തൊടാതെ തിരക്ക് കുറയ്ക്കുന്ന പാത
ദേശീയപാത കണ്ണൂർ നഗരം തൊടാതെയാണ് വഴിമാറിപ്പോകുന്നത്. പാപ്പിനിശ്ശേരിതൊട്ട് കിഴുത്തള്ളി വഴി വരെ 14 കിലോമീറ്റർ പാത കാൽടെക്സ് ജങ്ഷൻ തൊടാതെ പോകും.പാപ്പിനിശ്ശേരിയിലെ അടിപ്പാതയും കിഴുത്തള്ളിയിലെ വഴിയുമാണ് ദേശീയപാതയിൽനിന്ന് നഗരത്തിലേക്കുള്ള വഴി.
തലശ്ശേരിയിൽനിന്ന് സർവീസ് റോഡ് ഉപയോഗിച്ച് കിഴുത്തള്ളി വരെ വരാം.അവിടെനിന്ന് താഴെചൊവ്വയിലേക്കുള്ള സ്പ്ളിറ്റ് റോഡ് വഴി കണ്ണൂർ നഗരത്തിൽ പ്രവേശിക്കാം.ദേശീയപാതയിൽ വീണ്ടും പ്രവേശിക്കണമെങ്കിൽ വളപട്ടണം പാലം കഴിഞ്ഞ് പാപ്പിനിശ്ശേരി അടിപ്പാതയും ഉപയോഗിക്കാം.
വന്മരങ്ങളും തലയെടുപ്പുള്ള കെട്ടിടങ്ങളുമെല്ലാം നിമിഷങ്ങൾ കൊണ്ട് ഇല്ലാതാകുമ്പോഴും വികസനക്കുതിപ്പിലേക്ക് നാട് എത്തുന്നതിന്റെ സന്തോഷം പാത കടന്നുപോകുന്ന പ്രദേശവാസികൾക്കെല്ലാമുണ്ട്.ജില്ലയിൽ രൂക്ഷമായ സമരങ്ങൾ നടന്ന തുരുത്തിയിലും കീഴാറ്റൂരിലും കോട്ടക്കുന്നിലുമെല്ലാം തടസ്സങ്ങളില്ലാതെ നിർമ്മാണം പുരോഗമിക്കുന്നതും ആശങ്ക മുന്നോട്ട് വെയ്ക്കുന്നവർക്കുള്ള മറുപടിയായി മാറുന്നു.പുതിയ ബൈപാസുകൾ, പാലങ്ങൾ, ഫ്ളൈ ഓവറുകൾ,വയഡക്ടുകൾ എന്നിവ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖഛായ തന്നെ മാറും.വടക്കേ അറ്റമായ കരിവെള്ളൂരിനും മുഴപ്പിലങ്ങാടിനും ഇടയിലുള്ള 22 വില്ലേജുകളിലൂടെയാണ് ആറുവരിപ്പാത കടന്നുപോവുന്നത്.
മറുനാടന് മലയാളി ബ്യൂറോ