കണ്ണൂർ: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ എന്ത് നിയമവിരുദ്ധ നടപടിയെടുത്താലും അപ്പോൾതന്നെ സർക്കാർ അത് ന്യായീകരിച്ച് ഉത്തരവിറക്കും. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വി സിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിനും ഭയമാണ്. കോളേജ് തുടങ്ങാൻ ആവശ്യത്തിന് സ്ഥലം ഇല്ലാതിരുന്നിട്ടും കാസർകോട്ടെ സ്വകാര്യ ട്രസ്റ്റിന് വഴിവിട്ട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചത് സിൻഡിക്കേറ്റ് അറിയാതെയായിരുന്നു. എന്നിട്ടും ഈ നടപടി സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി വി സിയെ സംരക്ഷിച്ചു.

എന്നാൽ കോളേജ് അനുവദിച്ചത് സംശയകരമാണെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ വി സിയും ഉന്നതവിദ്യാഭ്യാസ വകുപ്പും കുരുക്കിലായി. സിൻഡിക്കേറ്റ് അറിയാതെ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പടന്ന ടികെസി എഡ്യൂക്കേഷൻ സൊസൈ?റ്റിക്ക് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചത് സംശയകരമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.

സൊസൈറ്റി പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ നൽകിയ അപേക്ഷ അപൂർണ്ണമായിട്ടും അനുമതി നൽകാൻ കണ്ണൂർ സർവകലാശാല വി സി സ്വീകരിച്ച നടപടികൾ ശരിയല്ല. പുതിയ കോളേജ് തുടങ്ങാൻ യുജിസി മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമി വേണം. ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അപേക്ഷയിൽ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നില്ല. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല രജിസ്ട്രാർ രണ്ടുതവണ സൊസൈറ്റിക്ക് കത്തു നൽകി.

തുടർന്ന് നാലര ഏക്കർ സ്ഥലമാണുള്ളതെന്ന് മറുപടി ലഭിച്ചു. എന്നാൽ വി സി ഇടപെട്ട് കോളേജ് പരിശോധിക്കാൻ ടീമിനെ നിയോഗിച്ചു. ഈ ടീമിന്റെ റിപ്പോർട്ടും രജിസ്ട്രാർക്ക് ലഭിച്ച മറുപടി കത്തും സിൻഡിക്കേറ്റിന് കൈമാറനും വി സി നിർദ്ദേശിച്ചു. അപൂർണ്ണമായ അപേക്ഷയിൽ ഇങ്ങനെ നിർദ്ദേശം നൽകിയ വി സിയുടെ നടപടി സംശയകരമാണ്- ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാൽ പറഞ്ഞു.

സിൻഡിക്കേറ്റ് അറിയാതെ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പടന്ന ടികെസി എഡ്യൂക്കേഷൻ സൊസൈ?റ്റിക്ക് അനുവദിച്ച ആർട്‌സ് ആൻഡ് സയൻസ് കോളേജിന് അനുമതി നൽകികൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇക്കൊല്ലം തന്നെ അനുമതി നൽകണമെന്ന് വി സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഈ സൊസൈറ്റിക്ക് നിരവധി സ്ഥാപനങ്ങളുണ്ട്.

സർവലാശാല നിയമപ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടി ഏപ്രിലിൽ പൂർത്തിയാക്കണം. പുതിയ കോളേജുകൾ അനുവദിക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിടാതെ വി സി നേരിട്ട് രണ്ട് സിൻഡിക്കേറ്റംഗങ്ങളെ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി സി കോളേജ് അനുവദിച്ചത്. ഈ തട്ടിപ്പാണ് ഹൈക്കോടതി പൊളിച്ചടുക്കിയത്.

ടി.കെ. സി കോളേജ് അധികൃതർക്ക് രജിസ്ട്രാർ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനും മാർച്ച് 26 നും നൽകിയ കത്തുകൾ, ഇവർ നൽകിയ മറുപടിക്കത്ത്, വി സി അംഗീകാരം നൽകിയ ഉത്തരവ്, ഇൻസ്‌പെക്ഷൻ ടീം നൽകിയ റിപ്പോർട്ട്, സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് തുടങ്ങിയവ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.