- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ നിയമനം താൻ പറഞ്ഞിട്ടല്ല, പാനലിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്; ഗവർണറാണ് തന്നെ നിയമിച്ചത്.. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവർണറാണ്; തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ മനംമടുത്ത് കണ്ണൂർ യൂണിവേഴ്സിറ്റി വിസി; ഡോ. ഗോപിനാഥ് രവീന്ദ്രനെ ചതിച്ചത് പിണറായിയോ ഗവർണറോ?
കണ്ണൂർ: തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ മനംമടുത്തിരിക്കയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. പിണറായി വിജയൻ പ്രത്യേകം താൽപ്പര്യമെടുത്തു ക്ഷണച്ചാണ് ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി നിയമിച്ചത്. രണ്ടാം തവണ അദ്ദേഹത്തെ നിയമിച്ചപ്പോഴും മുഖ്യമന്ത്രിക്കായിരുന്നു നിർബന്ധബുദ്ധി. ഇങ്ങനെ പിണറായി വാശി പിടിച്ചതു കൊണ്ടാണ് ഇപ്പോഴത്തെ വിവാദങ്ങളിലേക്കെല്ലാം ഡോ. ഗോപിനാഥൻ വലിച്ചിഴക്കപ്പെട്ടതും.
ഇപ്പോൾ ഗവർണറുടെ ഇടപെടലിൽ വിവാദം കത്തിക്കയറുമ്പോൾ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറയുന്നതും തന്നെ എന്തിനും നിയമിച്ചു എന്ന മറുപടി പറയേണ്ടത് ഗവർണറാണെന്നാണ്. വൈസ് ചാൻസലറായി തന്നെ നിയമിച്ചതു ഗവർണർ ആണെന്നും അതിൽ പാകപ്പിഴയുണ്ടെങ്കിൽ മറുപടി പറയേണ്ടത് ഗവർണർ തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിവയ്ക്കാതിരുന്നതിനു ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
ഗവർണറുടെ നോട്ടീസിന് മറുപടി നൽകാൻ നവംബർ മൂന്നു വരെയാണ് സമയം നൽകിയിട്ടുള്ളത്. അതിനു മറുപടി നൽകും. തന്റെ നിയമനം താൻ പറഞ്ഞിട്ടല്ല. പാനലിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്. ഗവർണറാണ് തന്നെ നിയമിച്ചത്. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവർണറാണ്- വിസി പറഞ്ഞു. 'ഞാൻ ഒരാളെ നിയമിച്ചാൽ അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു ഞാൻ തന്നെയല്ലേ?'- ഗോപിനാഥ് രവീന്ദ്രൻ ചോദിച്ചു.
നിരന്തരം ക്രിമിനൽ എന്നു വിളിച്ചാൽ കുറെപ്പേരെങ്കിലും വിശ്വസിക്കുമല്ലോ എന്നു കരുതിയാവും ഗവർണർ വീണ്ടും വീണ്ടും അങ്ങനെ വിളിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി വിസി പറഞ്ഞു. ചരിത്ര കോൺഗ്രസിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചു ഗവർണർക്കു റിപ്പോർട്ട് നൽകിയിരുന്നു. യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി നൽകിയത് അനുസരിച്ചുള്ള റിപ്പോർട്ടാണ് നൽകിയത്. തങ്ങൾ സുരക്ഷാ വിദഗ്ധരല്ലെന്ന് അതിൽ പറഞ്ഞിരുന്നെന്നും വൈസ് ചാൻസലർ സ്ഥിരീകരിച്ചു.
ഇപ്പോൾ നടക്കുന്ന വിവാദം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു ദോഷം ചെയ്യുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം വി സി. മാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. വിസിമാർ പത്തുദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വി സി.മാരുടെ വാദങ്ങൾ ചാൻസലർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാൻസലർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതിനുള്ള വിശദീകരണം പരിശോധിച്ചശേഷം ചാൻസലർ നിയമപ്രകാരം തീരുമാനം എടുക്കണം. ഇതുവരെ വി സി.മാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതിയിൽ സർക്കാർ തങ്ങളെ പറ്റിച്ചുവെന്ന വികാരം വൈസ് ചാൻസലർമാർക്കുണ്ട്. സർക്കാരിന്റെ ഗവർണ്ണറുടെ നിർദ്ദേശം മാനിച്ച് രാജിവയ്ക്കാത്തവർ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് വസ്തുത. ഗവർണ്ണർ പുറത്താക്കുമെന്നും ഉറപ്പാണ്. പുറത്താക്കിയാൽ വിസിമാർ വീണ്ടും കോടതിയിൽ പോയാലും സർക്കാർ നിലപാട് നിർണ്ണായകമാണ്. സുപ്രീംകോടതി വിധിയോട് സർക്കാർ അവിടേയും മൗനം പുലർത്തിയാൽ തിരിച്ചടിയുറപ്പാകും. കൈയിലെ കാശ് പോകുന്നത് മാത്രമാകും മിച്ചം.
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഈ വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഒരിക്കലും വിസിമാരെ പൂർണ്ണമായും പിന്തുണച്ചില്ല. ഗവർണ്ണറെ നടപടിക്രമങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.
രാജി അഭ്യർത്ഥയാണ് നടത്തിയതെന്നും രാജി ആവശ്യപ്പെട്ടില്ലെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സർക്കാർ പക്ഷം പിടിക്കുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് ആരുടേയും പക്ഷം പിടിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതി പറഞ്ഞു. ഗവർണറുടെ തിടുക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും രാജി ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതൊന്നും ശരിയല്ലെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയില്ല. ഇതാണ് വിസിമാരുടെ കേസിനെ ശ്രദ്ധേയമാക്കുന്നതും.
ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് വിസിമാർ പ്രതീക്ഷിച്ചതായിരുന്നില്ല. സുപ്രീംകോടതി വിധിയെ തള്ളി പറയാനോ അതിനെ ചോദ്യം ചെയ്യാനോ അത് വിസിമാർക്ക് എതിരല്ലെന്നോ സർക്കാർ പറഞ്ഞില്ല. സുപ്രീംകോടതി വിധി ഹൈക്കോടതിക്ക് വരെ ബാധകമാണെന്ന ജസ്റ്റീസിന്റെ അഭിപ്രായ പ്രകടനത്തേയും കോടതിയിൽ സർക്കാർ എതിർത്തില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിലതെല്ലാം പറഞ്ഞിരുന്നു. സാങ്കേതിക സർവ്വകലാശാലയിലെ വിധി മറ്റ് വിസിമാർക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് വിസിമാരെ കുഴയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ