കോഴിക്കോട്: മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. കാരന്തൂർ സുന്നി മർക്കസും, ഇപ്പോൾ കോഴിക്കോട് കൈതപ്പൊയിലിൽ ഉയർന്നു വരുന്ന, ആയിരംകോടിയുടെ നോളജ് സിറ്റിയും അടക്കം നിരവധി വിദ്യാഭ്യാസ- ആത്മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തി.

സമസ്ത ഇ കെ വിഭാഗം സുന്നികൾക്കാണ് മുസ്ലിം സമൂഹത്തിൽ ഭൂരിപക്ഷം എങ്കിലും, സമ്പത്തുകൊണ്ടും, രാഷ്ട്രീയ പ്രഹരശേഷികൊണ്ടും എ പി വിഭാഗമാണ് മുന്നിട്ട് നിൽക്കുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണ് കാന്തപുരം. അതുകൊണ്ടുതന്നെ നവോത്ഥാനപക്ഷമായും ഇവർ ചിത്രീകരിക്കപ്പെടാറുണ്ട്.

പക്ഷേ പ്രവാചകന്റെ തിരുകേശം എന്നപേരിൽ എവിടെനിന്നോ കിട്ടിയ മുടി ഉപയോഗിച്ച് വൻ പ്രചാരണം നടത്തി വിവാദത്തിലായ ഒന്നാന്തരം അന്ധവിശ്വാസികളും പിൻ തിരിപ്പന്മാരുമാണ് കാന്തപുരം വിഭാഗമെന്നാണ്, നിക്ഷ്പക്ഷമതികൾ വിലയിരുത്താറുള്ളത്. മുടിപ്പള്ളി പ്രഖ്യാപനത്തിലൂടെ കാന്തപുരം കോടികളുടെ ബിസിനസാണ് നടത്തിയതെന്ന്, ഇ കെ വിഭാഗം സുന്നികളും ആരോപിച്ചിരുന്നു.

അതുപോലെ തന്നെ മടവൂർ സിഎം മഖാമിലെ സിഎം വലിയുള്ളയുടെ അദ്ഭുദങ്ങൾ എന്ന പേരിൽ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മുതൽ ട്രെയിൻ നിർത്തിച്ചതുവരെയുള്ള പല കാര്യങ്ങളും കാന്തപുരം അനുഭാവികളായ മതപ്രഭാഷകർ തള്ളി മറക്കാറുണ്ട്. പക്ഷേ ഇപ്പോൾ കാന്തപുരം തന്നെ നേരിട്ട് നടത്തുന്ന അന്ധവിശ്വാസ പ്രചാരണമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആവുന്നത്.

മഖാമിൽ നടന്ന ഓപ്പറേഷൻ

വയറിന് ഗുരുതരമായ അസുഖം വന്ന് മരിക്കാറായ ഒരു യുവതിയെ എടപ്പാൾ ഐലക്കാട് മഖാമിൽ കൊണ്ടുപോയി, 'ഓപ്പറേഷനിലൂടെ' സുഖപ്പെടുത്തിയ കഥ പറയുന്ന കാന്തപുരത്തിന്റെ ഒരു വീഡിയോയാണ്, സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കാന്തപുരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്

'' ഒരു സ്ത്രീ ബോധം കെട്ടുപോവുകയും, ആ സ്ത്രീയുടെ വയറ് വീർത്ത്, ശ്വാസം കിട്ടാതെ ആയി മരിച്ചുവെന്ന് ഏകദേശം കണക്കാക്കിയപ്പോൾ, ഇ കെ മുഹമ്മദ് ദാരിമി അദ്ദേഹവും ഉണ്ടായിരുന്നു അവിടെ. എന്റെ ഭാര്യയുടെ അനുജത്തിയെ കെട്ടിയ ആളാണ് അദ്ദേഹം. മൂപ്പര് പറഞ്ഞ് ഇനി ഐലക്കാട് കൊണ്ടുപോവുകയല്ലാതെ നിവൃത്തിയില്ല. ഐലക്കാട്ട് കൊണ്ടുപോകാനായി ഒരു കാറ് എടുത്ത് അതിൽ കയറ്റി താമരശ്ശേരി എത്തിയപ്പോഴേക്കും കാറിന്റെ മൂന്ന് ടയറും പൊട്ടിപ്പോയി. അവിടെനിന്ന് വേറെ കാർ എടുത്ത് കോഴിക്കോട്ട് എത്തുമ്പോൾ, അതിന്റെ ടയറും പൊട്ടിപ്പോയി. മുന്നാമത്തെ കാർ എടുത്ത് എങ്ങനെയോ അവിടെ എത്തുന്നു. എടപ്പാൾ അങ്ങാടിയിൽ എത്തിയപ്പോൾ നൂറ് നായ്ക്കളുണ്ട് അവിടെ. പോകാൻ സമ്മതിക്കാതെ. എങ്ങനെയോ അതിനെ തട്ടിച്ച് അങ്ങോട്ട് പോയി. അപ്പോൾ ഈ പെണ്ണ് ഹായത്തായി. മരിച്ചു എന്ന് പറയാം. അങ്ങനെ ഞങ്ങൾ, അവിടെ ചെന്ന് പെണ്ണിനെ മഖ്ബറയിൽ ഇട്ട് അടച്ചു. ഞങ്ങൾ പുറത്ത് കാത്തുനിന്ന്. ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ, വാതിലിന് മുട്ടി വിളിക്കുന്നു. നോക്കുമ്പോൾ ഇവിടെ ( നെഞ്ച് ) കീറിയിട്ട് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. അത് എന്റെ അനുഭവം ആണ് വേറെ ആരും കേട്ട് പറഞ്ഞതുമല്ല. ഓപ്പറേഷൻ ചെയത് സുഖമാക്കി. ഇങ്ങോട്ട് വന്ന കാർ എല്ലാം വിട്ടതാണ്. അവിടെനിന്ന് ഞങ്ങൾ വേറെ ഒരു കാറ് വിളിച്ച് ആ കാറ് കിട്ടുന്നിടത്തുവരെ നടന്ന്, സുഖമായിട്ട് പോയി.''- ഇങ്ങനെയാണ വീഡിയോ അവസാനിക്കുന്നത്.

ഉസ്താദിനെ എന്തിന് ആശുപത്രിയിലാക്കി

ഇത് പ്രചരിച്ചതോടെ സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ കാന്തപുരത്തെ ട്രോളിക്കൊല്ലുകയാണ്. ഇങ്ങനെ ഓപ്പറേഷൻ നടത്തി രോഗിയെ രക്ഷിക്കുന്ന മഖാമുകൾ ഉണ്ടെങ്കിൽ കാന്തപുരത്തിന് അസുഖം വന്നപ്പോൾ എന്തിനാണ്, കോഴിക്കോട്ടെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രിയിൽ ആക്കിയത് എന്നാണ് ചോദ്യം.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ജാഫർ ചളിക്കോട് ഇങ്ങനെ എഴുതുന്നു. '' കാന്തപുരം അനുയായികൾ മറുപടി തരിക. വയറു വീർത്ത് മരിക്കാറായ ഒരു സാധാരണക്കാരിയായ യുവതിയെ കൊണ്ടുപോയ രണ്ട് കാറിന്റെ ടയറുകളും പഞ്ചർ ആയിട്ടും, നൂറു നായകൾ തടസ്സം നിന്നിട്ടും ഐലക്കാട് മഖാമിൽ കൊണ്ട് പോയി പൂട്ടിയിട്ട യുവതിയെ ഓപ്പറേഷൻ കഴിഞ്ഞ് രോഗം മാറ്റി തുന്നിച്ചേർത്ത നിലയിൽ പുറത്തുകൊണ്ടുവരാൻ ഐലക്കാട് വലിയുള്ളയുടെ കറാമത്തുകൊണ്ട് കഴിഞ്ഞെങ്കിൽ ,ഒരു മഖാമിലും കൊണ്ട് പോയി പൂട്ടിയിടാതെ കാന്തപുരത്തെ എന്തിനാണ് മൈത്ര ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്‌മിറ്റ് ചെയ്തത്'. ഇതുപോലെയുള്ള നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.

ആശുപത്രിക്ക് പകരം കാന്തപുരം ഭക്തർക്ക് മന്ത്രിച്ചുകൊടുക്കുന്ന വെള്ളവും, മുടിയിട്ട് കൊടുക്കുന്ന വെള്ളവും പോരെ എന്നും ചിലർ പരിഹസിക്കുന്നു. ഇതോടൊപ്പം പ്രവാചകന്റെ തിരുകേശം എന്ന് പറഞ്ഞ് കാന്തപുരം ഇറക്കിയ മുടിവിവാദവും ചർച്ചയാവുന്നുണ്ട്.. ഷഹ്രെ മുബാറക്ക് എന്ന തിരുകേശപ്പള്ളി വിശ്വാസികൾക്കിടയിലും വൻ ഭിന്നിപ്പാണ് ഉണ്ടാക്കിയത്. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തിൽ നിന്നും തനിക്കു ലഭിച്ചത് എന്ന പേരിലാണ് കാന്തപുരം പ്രവാചക കേശത്തെ അവതരിപ്പിച്ചത്. ഇതിനായി കോഴിക്കോട് സ്വപ്ന നഗരിയിൽ പള്ളി പണിയാനായി തറക്കില്ലിട്ടപ്പോൾ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പക്ഷേ സമസ്ത ഔദ്യോഗിക വിഭാഗവും, ജമ- മുജകൾ അടക്കമുള്ള മുസ്ലിം ആഴ്‌വാന്തര വിഭാഗങ്ങളും ഒറ്റക്കെട്ടായി മുടിപ്പള്ളിക്കെതിരെ തിരിഞ്ഞു. അവർ മുടി ഒറിജിനലാണെന്ന് തെളിയിക്കാൻ കാന്തപുരത്തെ വെല്ലുവിളിച്ചു. അതിനിടെ മുടി ഇട്ട വെള്ളം വിറ്റും അവർ ലക്ഷങ്ങൾ സംഭാവന പിരിച്ചു.

ഇപ്പോൾ തിരുകേശം താൻ ആയിരം കോടി ചെലവിട്ട് കോഴിക്കോട് കൈതപ്പൊയിലിൽ തുടങ്ങുന്ന നോളജ് സിറ്റിയിൽ സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത് എന്നും ആരോപമുണ്ട്.എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും വാണിജ്യ-വ്യവസായ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും പരിപാലിക്കുന്നതിനും, എ പി ഗ്രൂപ്പിനുള്ള മിടുക്ക് എടുത്തുപറയേണ്ടതാണ്. കാരന്തൂർ സുന്നി മർക്കസ് ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, യത്തീംഖാനകളും എല്ലാം അവർ പടുത്തുയർത്തി. അതിൽ അവസാനത്തേതാണ്, ഇപ്പോൾ ആയിരം കോടിയിൽ കൈതപ്പൊയിലിൽ വരുന്ന നോളജ് സിറ്റി.

പിന്നാക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെ കാന്തപുരം മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കാൻ പോകുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റിയെന്നാണ് ഔദ്യോഗിക ഭാഷ്യം. പക്ഷേ ഈ രീതിയിൽ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവർക്ക് എങ്ങനെയാണ് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോവാൻ കഴിയുക എന്നാണ് ചോദ്യം.