കോഴിക്കോട്: ഇതരമതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അവരുടെ സംസ്‌കാരം പകർത്താതിരിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. മമ്പുറം തങ്ങൾ ഉൾപ്പെടെ മറ്റ് മതങ്ങളുമായി സൗഹൃദം നിലനിർത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും കാന്തപുരം പറഞ്ഞു.

സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. നൂറാം വാർഷികം അതിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത (കാന്തപുരം വിഭാഗം) നൂറാം വാർഷികാഘോഷം ഡിസംബർ 30-ന് കാസർഗോഡ് ചട്ടഞ്ചാലിൽ നടക്കും. മൂന്ന് വർഷം നീളുന്ന ആഘോഷപരിപാടികൾ അന്ന് പ്രഖ്യാപിക്കും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നും കാന്തപുരം പറഞ്ഞു. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം ഉറങ്ങി കിടക്കുകയാണ്. അവരെ സജീവമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംങ്ങൾ ക്രിസ്തുമസ് ആഘോഷിക്ക ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തുവന്നിരുന്നു. എന്നാൽ, അദ്ദേഹത്തെയും തള്ളി കണ്ട് സമസത മുഖപത്രം അടക്കം രംഗത്തുവന്നിരുന്നു. ഇന്നലെ ക്രിസ്മസ് ആശംസകളുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം പ്രസിദ്ധീകരിച്ചതും.

സുപ്രഭാതം പത്രത്തിന്റെ ജനറൽ കൺവീനർ കൂടിയാണ് ഹമീദ് ഫൈസി അമ്പലക്കടവ്. കോഴിക്കോട് മേരി മാതാ കത്തീഡ്രലിൽ ഒരുക്കിയ പുൽക്കൂടിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രഭാതം വായനക്കാർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിരിക്കുന്നത്. സുപ്രഭാതത്തിൽ ക്രിസ്മസ് ആശംസകൾ വന്നതോടെ ഹമീദ് ഫൈസിയുടെ നിലപാടിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

കെസിബിസി ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ക്ലിമ്മിസ് ബാവയ്ക്കൊപ്പം പാണക്കാട് സാദിഖലി തങ്ങൾ അടക്കമുള്ളവർ കേക്ക് മുറിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെയായിരുന്നു മുസ്ലിം മതവിഭാഗത്തിലുള്ളവർ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി രംഗത്തെത്തിയത്.

ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഫൈസി പറഞ്ഞത്. യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും ഒരു മുസ്ലിമിന് എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുകയെന്ന് ഫൈസി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ പോസ്റ്റിന് താഴെ ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ടാണ് മറ്റുള്ളവർ പ്രതികരിച്ചത്.