- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കോടിക്കൊപ്പം പുഞ്ചിരിയോടെ സല്യൂട്ട്; കൂപ്പുകൈകളോടെ കമലാ വിജയൻ; മൂന്നുപതിറ്റാണ്ടിലേറെയായി സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വഴിയൊരുക്കുന്ന കരീമിന് പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ ആദരം; സോഷ്യൽ മീഡിയിൽ മുഖ്യമന്ത്രിക്ക് സല്യൂട്ട് അടിച്ച് സഖാക്കൾ; പിണറായി സല്യൂട്ട് അടിച്ച കരീമിന്റെ കഥ
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ കന്റോൺമെന്റ് ഗേറ്റിലെ സ്ഥിരം സാന്നിധ്യമാണ് കരീം. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ വഴിയൊരുക്കുന്ന കരീം സെക്രട്ടറിയേറ്റുകാർക്ക് സുപരിചിതനാണ്. ചില സമയങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിന് മുന്നിലും കരീമുണ്ടാകും. ഉദ്യോഗസ്ഥർകക്കും മന്ത്രിമാർക്കും പതിവായി ഉഗ്രൻ സല്യൂട്ടും കരീം നൽകും. ആദ്യമായി കാണുന്നവർ അമ്പരപ്പോടെ നോക്കിപോകുന്ന പ്രകൃതമാണ് കരീമിന്റേത്.
എന്നാൽ ഇന്നലെ പൊതുവേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കരീമിനെ സല്യൂട്ട് അടിച്ചതോടെ എല്ലാവരും അമ്പരന്നു. നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു മുഖ്യമന്ത്രി കരീമിനെ പ്രത്യഭിവാദ്യം ചെയ്തത്. ഇന്നലെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക സംഘടനയായ കനലിന്റെ നേതൃത്വത്തിൽ സെട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോട്ടിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ് അസാധാരണമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു പരിപാടിയിലെ അതിഥികൾ.
ചടങ്ങിൽ വച്ച് അസോസിയേഷന്റെ ഓണക്കോടി മുഖ്യമന്ത്രിയും ഭാര്യയും കരീമിന് നൽകി. പിന്നാലെ മുഖ്യമന്ത്രിയുടെ വക സല്യൂട്ടും സാധാരണ എപ്പോഴും കരീമാണ് മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകുന്നത് ഓണക്കോടി വാങ്ങി കരീം സല്യൂട്ട് ചെയ്യാനൊരുങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി സല്യൂട്ട് നൽകി കരീമിനെ പോലും അമ്പരപ്പിച്ചത്. ഇതേസമയം സമീപത്തുണ്ടായിരുന്ന കമലാ വിജയൻ കരീമിനെ കൈകൂപ്പി തൊഴുകയും ചെയ്തു. കണ്ടു നിന്നവർക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായി. ഇത് ആദ്യമായല്ല കരീമിനെ പിണറായി വിജയൻ ഞെട്ടിക്കുന്നത്.
പിണറായി വിജയൻ ആദ്യ അഞ്ചുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ 2021 മാർച്ച് രണ്ടിന് ഓഫീസിലെ ജീവനക്കാർക്കും സുരക്ഷാ ജീവനക്കാർക്കുമായി ക്ലിഫ് ഹൗസിൽ ഉച്ചയ്ക്ക് വിരുന്നൊരുക്കി. എന്നാൽ കരീമിനെയും ക്ഷണിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പതിവ് പോലെ കന്റോൺമെന്റ് ഗേറ്റിൽ വാഹനങ്ങൾ നിയന്ത്രിച്ചിരുന്ന കരീമിനെ കൂട്ടികൊണ്ടുപോകാൻ ഒരു പൊലീസുകാരൻ ബൈക്കിലെത്തി. മുഖ്യമന്ത്രി വിളിക്കുന്നു എന്ന് പറഞ്ഞാണ് കൂട്ടികൊണ്ടുപോയത്.
ക്ലിഫ് ഹൗസിലെത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണുകയും പതിവ് പോലെ സല്യൂട്ട് നൽകുകയും ചെയ്തു. സദ്യയും ബിരിയാണിയും ഉൾപ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു ഒരുക്കിയിരുന്നത്. കരീം സദ്യം കഴിച്ച് സന്തോഷത്തോടെയാണ് അന്ന് മടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇതെന്ന് കരീം പറയുകയും ചെയ്തു. തിരുവനന്തപുരം കല്ലടിമുഖം സ്വദേശിയായ കരീം മൂന്ന് പതിറ്റാണ്ട് മുമ്പാണ് സെക്രട്ടറിയേറ്റിലക്ക് എത്തുന്നത്. കെ കരുണാകരന്റെ കാലം മുതൽ ആരംഭിച്ച സേവനം ഇന്നും തുടരുന്നു.
ആരും പറഞ്ഞിട്ടോ ഒന്നും വാങ്ങിയിട്ടോ അല്ല പക്ഷേ സ്വയം പ്രഖ്യാപിത പൊലീസായി കരീം മാറി. കന്റോൺമെന്റ് ഗേറ്റിൽ ഒരു പക്ഷേ കരീമിന് താഴെയാണ് സുരക്ഷാ ജീവനക്കാർ. വിഐപി വാഹനങ്ങൾ വരുന്നതിനിടയിലേക്ക് മാറ്റാരെങ്കിലും വാഹനവുമായെത്തിയാൽ കരീം ചീറിയടുക്കും. വിദഗ്ധ പരിശീലനം നേടിയ കമാൻഡോകളെ പോലും വെല്ലുവിധത്തിലുള്ള ജാഗ്രതയാണ് കരീമിന്. ഇനി കേന്ദ്രസേന സെക്രട്ടറിയേറ്റിന്റെ ഗേറ്റിലെത്തിയാലും കരീം അവിടെ തന്നെയുണ്ടാകും.
രാവിലെ പോക്ക് നിറയെ മിഠായികളുമായാണ് കരീമെത്തുന്നത്. സുരക്ഷാ ജീവനക്കാർക്കും പൊലീസിലും ഉദ്യോഗസ്ഥർക്കും മിഠായിയും ഗുഡമോർണിംഗും പതിവാണ്. ആദ്യം കാണുമ്പോൾ പലരും മാനസികാസ്വാഥ്യമുള്ളയാളെന്ന് തെറ്റിധരിക്കുമെങ്കിലും കരീമിന് എല്ലാം കൃത്യമായി അറിയാം. പ്രത്യേകിച്ച് കന്റോൺമെന്റ് ഗേറ്റിൽ ഗതാഗതകരുക്ക് ഉണ്ടാകാതിരിക്കാൻ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്