- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര അവഗണന തുടർക്കഥയാകുന്നു; കേരളത്തിന്റെ പാതയിൽ ഡൽഹിയിൽ സമരത്തിന് കർണാടകയും; എംഎൽഎമാർ പങ്കെടുക്കുന്ന കേന്ദ്രവിരുദ്ധ സമരം ഈമാസം ഏഴിന്; ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡി കെ ശിവകുമാർ; കേരളത്തിൽ കോൺഗ്രസിന്റെ നിസ്സഹകരണം രാഷ്ട്രീയ ആയുധമാക്കാൻ പിണറായിയും
ന്യൂഡൽഹി: ബിജെപി ഭരിക്കുന്നവർ അല്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുകയാണ് എന്ന ആരോപണം ശക്തമാകുന്നുണ്ട്. ബിജെപി സർക്കാറുകൾക്ക് വാരിക്കോരി നൽകുമ്പോൾ ഇതര സംസ്ഥാനങ്ങൾക്ക് അർഹമായ പലതു നിഷേധിക്കുകയാണ് എന്നതാണ് ഉയരുന്ന ആരോപണം. കേരളത്തിലെ പിണറായി സർക്കാറും ഈ ആരോപണം കുറച്ചുകാലമായി തന്നെ ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്രത്തിനെതിരെ സമരത്തിന് കേരളം തയ്യാറെടുത്തത്. ഡൽഹിയിൽ സമരം ചെയ്യാനാണ് കേരളം ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ പാതയിൽ കേന്ദ്രവിരുദ്ധ സമരത്തിന് ഒരുങ്ങുകയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാറും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും ശ്രമം.
കേരള സർക്കാർ ജന്ദർ മന്തിറിൽ എട്ടാം തീയതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കർണാടക സർക്കാർ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് വരൾച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡികെ ശിവകുമാർ വിമർശിച്ചു. രാജ്യത്തിന്റെ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി സംഭാവന നൽകുന്ന രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന് ന്യായമായ വിഹിതം ലഭിക്കുന്നില്ല.
കർണാടകയിൽ നിന്നുള്ള 28 എംപിമാരിൽ 27 പേരും ബിജെപിയിൽ നിന്നുള്ളവരാണെങ്കിലും അവർക്ക് സംസ്ഥാനത്തിന് നീതി ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് ഏകദേശം 62,000 കോടി രൂപയുടെ വരുമാനമാണ് ഇതുമൂലം നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം നടത്താൻ കേരളം നേരത്തെ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും ജന്തർ മന്ദറിൽ എട്ടാം തീയതിയാണ് സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാരെ സിപിഎം ക്ഷണിച്ചിരുന്നു.
കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സമാന സമരവുമായി കർണാടകത്തിലെ കോൺഗ്രസ് സർക്കാരും രംഗത്ത് വരുന്നത്. അതേസമയം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പെറ്റി നിരന്തരം സംസാരിക്കുന്ന പ്രതിപക്ഷം കേന്ദ്ര ബജറ്റിനെപ്പെറ്റി നിയമസഭയിൽ ഒരക്ഷരംപോലും പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി മന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തുവന്നിരുന്നു. അതേസമയം ആ വിഷയം കേന്ദ്രത്തിൽ നേരിട്ട് പറഞ്ഞോളാമെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഓൺലൈൻ മണിഗെയിമിങ്ങിന് ജി.എസ്.ടി. ഏർപ്പെടുത്തുന്ന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ മറുപടിക്കിടെ ആയിരുന്നു ഭരണ-പ്രതിപക്ഷ പോരടി. ചർച്ചയുടെ വിഷയം ജി.എസ്.ടി. ആയതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയം, കെടുകാര്യസ്ഥത, ആർഭാടം തുടങ്ങിയവയെപ്പെറ്റി പ്രതിപക്ഷം കുത്തുവാക്കുകൾ തുടങ്ങി.
ഇതിന് മറുപടി പറയുമ്പോഴായിരുന്നു ബാലഗോപാലിന്റെ മുനവെച്ച കുത്ത്. കേന്ദ്രത്തിലും പ്രതിപക്ഷം മിണ്ടിയില്ലെന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ തുടർന്നപ്പോൾ, അതവിടെ (കേന്ദ്രത്തിൽ) പറഞ്ഞോളാമെന്നായി പ്രതിപക്ഷത്തെ റോജി എം. ജോൺ. ഇന്ത്യക്കകത്തല്ലേ കേരളമെന്ന് മറുചോദ്യം ബാലഗോപാൽ ഉയർത്തിയതോടെ രമേശ് ചെന്നിത്തല ഏഴുന്നേറ്റു.
'മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കേട്ടിരിക്കുകയാണ് ഇവിടുത്തെയും പതിവ്. അല്ലാതെ അടിയുണ്ടാക്കണോ? ചർച്ചവരുമ്പോൾ പറയേണ്ടത് പറയും,' - ചെന്നിത്തല പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ഒന്നാം പ്രതി സംസ്ഥാന സർക്കാരും രണ്ടാം പ്രതി കേന്ദ്രമവുമാണെന്ന് പ്രതിപക്ഷം പറഞ്ഞു.
മറുനാടന് ഡെസ്ക്