- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദി ഹണ്ട് ഈസ് ഓൺ! നായാട്ട് തുടങ്ങി സഖാക്കളെ; എന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു; പൊലീസ് മൊഴിയെടുത്തെന്നും തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ്; വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി വെളിപ്പെടുത്തൽ; അജ്ഞാതനെ തേടി അന്വേഷണം തുടങ്ങിയെന്നും സ്വപ്‌ന ഫേസ്‌ബുക്ക് കുറിപ്പിൽ
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണം
പിൻവലിക്കാൻ വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌ന സുരേഷിന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു. ഇടനിലക്കാരനായ വിജേഷ് പിള്ളയ്ക്ക് എതിരെയാണ് കേസെടുത്തത്. തന്റെ മൊഴിയെടുത്തതായും, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടന്ന ബെംഗളൂരു വൈററ്ഫീൽഡിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയതായും, സ്വപ്‌ന ഫേസ്‌ബുക്കിൽ കുറിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതനെന്നാണ് അന്വേഷിക്കുന്നത്. സഖാക്കളെ, നായാട്ട് തുടങ്ങി എന്നും സ്വപ്‌ന കുറിച്ചു.
സ്വപ്‌നയുടെ പോസ്റ്റ്:
എന്റെ പരാതിയിൽ കർണാടക പൊലീസ് നടപടികൾ ആരംഭിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.
നായാട്ട് തുടങ്ങി സഖാക്കളെ.
തന്നെ കണ്ടതും 30 കോടി വാഗ്ദാനം ചെയ്തതും അടക്കമുള്ള കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്്ബുക്കിൽ കുറിച്ചിരുന്നു. ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് വിജേഷ് പറഞ്ഞിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായും വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും വിജേഷ് സമ്മതിച്ചെന്ന് സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദിച്ചതായും വിജേഷ് സമ്മതിച്ചെന്നും സ്വപ്ന പറയുന്നു. ഇതെല്ലാം താൻ പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണെന്നാണ് വിജേഷ് പറയുന്നത്. ഇക്കാര്യത്തിൽ തനിക്ക് ഒന്നേ പറയാനുള്ളൂ. സംഭവത്തിന് തൊട്ടുപിന്നാലെ, തെളിവ് സഹിതം പൊലീസിനെയും ഇഡിയെയും താൻ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ നിയമനടപടിയും സ്വീകരിച്ചുവെന്നും സ്വപ്ന ചൂണ്ടിക്കാട്ടുന്നു.
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഇഡിയും പൊലീസും ആരംഭിച്ചു കഴിഞ്ഞു. നിയമനടപടിയുടെ അനന്തരഫലം നേരിടാൻ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി.
അതേസമയം വിജേഷിന്റെ നിയമസാക്ഷരതയെക്കുറിച്ച് സംശയമുണ്ടെന്നും അവർ പരിഹസിച്ചു. എന്റെ ആരോപണങ്ങളുടെ തെളിവുകൾ വെളിപ്പെടുത്താൻ വിജേഷ് നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതായും സ്വപ്ന പറഞ്ഞു. തെളിവുകൾ ഏജൻസിക്ക് നൽകിയിട്ടുണ്ട്. എം വി ഗോവിന്ദൻ എടുക്കാൻ ഉദ്ദേശിക്കുന്ന നിയമനടപടികൾ നേരിടാനും പോരാടാനും ഞാൻ തയ്യാറാണ്. സത്യം ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചു.
നേരത്തെ സ്വപ്ന സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിച്ചിരുന്നു. സ്വപ്നയുണ്ടാക്കിയ ഒരു തിരക്കഥയിൽ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബംഗളൂരുവിൽ വൈറ്റ്ഫീൽഡിൽ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്.
ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ എന്തിന് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയെന്നും വിജേഷ് ചോദിച്ചു. തന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാൽ അങ്ങനെ സ്വപ്നയെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. തനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലോക്കൽ നേതാക്കളുമായിപ്പോലും ബന്ധമില്ലെന്ന് വിജേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ താൽപര്യമുള്ളയാളായതിനാൽ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്നാണ് സ്വപ്നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് എങ്ങനെയെന്ന് തന്നോട് സ്വപ്ന ചോദിച്ചു. ഇതിന് ഒടിടി പ്‌ളാറ്റ്ഫോമിലെ അഡ്‌മിൻ പാനലിലേക്ക് അവസരം നൽകും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നൽകുമെന്നാണ് അറിയിച്ചത്.
സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും മാനനഷ്ടത്തിന് പരാതി നൽകിയെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം ഇ.ഡി മൊഴിയെടുത്തതായും അതിനുശേഷവും ഓഫീസിൽ തുടർന്നെന്നും വിജേഷ് പറഞ്ഞു. ഇപ്പോൾ പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. കൂടുതൽ തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ