- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്തുള്ള 'അഹിന്ദ' ഗ്രൂപ്പ് സിദ്ധരാമയ്യക്കൊപ്പം; 40 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തെ വെറുപ്പിച്ചാല്‍ പണി പാളും; മുസ്ലീം വോട്ടുബാങ്കും നഷ്ടമാവും; കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്‍
കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്‍
ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയെ പ്രക്ഷുബ്ധമാക്കിയിരിക്കയാണ്, മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിനെ ചൊല്ലിയുള്ള വിവാദം. ആദ്യത്തെ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയില്‍ നിന്ന് ഡി കെ ശിവകുമാറിന് കൈമാറാമെന്ന വാഗ്ദാനം പാലിച്ചില്ല എന്നതിനെ ചൊല്ലിയാണ് വിവാദം. ഇതേതുടര്‍ന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും, 2000 കോടിയിലേറെ വരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനുമായ ഡി കെ ശിവകുമാര്‍ എന്ന ട്രബിള്‍ ഷൂട്ടറായ കരുത്തനായ നേതാവ് ഇടഞ്ഞു നില്‍ക്കയാണ്. 'ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി'' എന്ന് പോസ്റ്റിട്ട് ഡി കെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. 60 എംഎല്‍എമാരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
2023 മേയില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായത് ഒരു അധികാര പങ്കുവെക്കല്‍ കരാറിന്റെ പുറത്താണെന്നാണ് പറയുന്നത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനുശേഷം സിദ്ധരാമയ്യ പദവിയൊഴിയുകയും ശിവകുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യും. ഈ കരാര്‍ അനുസരിച്ചുള്ള വാക്ക് പാലിക്കണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം. ശിവകുമാര്‍ ക്യാമ്പിലെ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സിദ്ധരാമയ്യ, ശിവകുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, ശിവകുമാറിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്ത നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അധികാര പങ്കുവെക്കല്‍ കരാര്‍ ഉറപ്പിച്ചത്. ആദ്യത്തെ രണ്ടര വര്‍ഷം ഡി കെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, സീനിയോറിറ്റി ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ അത് നിരസിച്ചു. ഒടുവിലത്തെ ഒത്തുതീര്‍പ്പ് പ്രകാരം ആദ്യ പകുതി സിദ്ധരാമയ്യക്ക് ലഭിച്ചു, പിന്നീട് ശിവകുമാര്‍ അധികാരം ഏറ്റെടുക്കുമെന്നായിരുന്നു ധാരണ. ഇതാണ് ഇപ്പോള്‍ നടക്കാതെ പോവുന്നത്.
ഈ വിവാദത്തെ തുടര്‍ന്ന് ഡി കെ ബിജെപിയിലേക്ക് പോവുമെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍കൈയെടുത്ത് ഡി കെയും, സിദ്ധരാമയ്യയുമായുള്ള ചര്‍ച്ചകളില്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയാണെന്നാണ് കന്നഡ പത്രങ്ങള്‍ പറയുന്നത്. ഇതുപ്രകാരം ശിവകുമാര്‍ അവസാനത്തെ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് തൃപ്തിപ്പെടുമെന്നാണ് അറിയുന്നത്. ജനകീയനായ മുഖ്യമന്ത്രി എന്ന പ്രതിച്ഛായയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയെ കൈവിടാത്തത് എന്നാണ് പ്രധാന വാദം. പക്ഷേ അതിലും പ്രധാനമായി വരുന്നത് ജാതി സമവാക്യം തന്നെയാണ്.
അഹിന്ദ വോട്ട് ബാങ്ക്
സിദ്ധരാമയ്യയുടെ ജനകീയതയാണ്, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ഒരു ഘടകം എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ജാതി സമവാക്യങ്ങളെയും അവഗണിക്കാനാവില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്ത് വിളിക്കുന്ന 'അഹിന്ദ'. മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ജി. പരമേശ്വരയും പ്രതിനിധീകരിക്കുന്ന ദളിത് വിഭാഗം ആകെ വോട്ടര്‍മാരുടെ 17 ശതമാനത്തോളം വരും. ഇതിന് പിന്നാലെയാണ് 13 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം. സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന ഒ.ബി.സിയിലെ പ്രബലവിഭാഗമായ കുറുബ, ഏഴ് ശതമാനത്തോളം വരും. ഇങ്ങനെ നാല്‍പ്പതുശതമാനത്തോളം വരുന്ന വോട്ട് ബാങ്കിന്റെ നേതാവാണ് സത്യത്തില്‍ സിദ്ധരാമയ്യ.
അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കില്‍ ഈ അഹിന്ദ ജാതി കോമ്പിനേഷനില്‍ വലിയ ഭിന്നിപ്പുണ്ടാവും. അത് കോണ്‍ഗ്രസിനെ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം ഭയക്കുന്നത്. അതുപോലെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദമടക്കമെടുത്ത്, അതിശക്തമായ സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്ന നേതാവാണ് സിദ്ധരാമയ്യ. എന്നാല്‍ ഡി കെ ശിവുകമാര്‍ പൊതുവെ സംഘപരിവാറിനെ ആത്ര രൂക്ഷമായി ആക്രമിക്കാറില്ല. അതുകൊണ്ടുതന്നെ സിദ്ധരാമയ്യ മാറിയാല്‍, 13 ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ ഒറ്റയടിക്ക് ഇല്ലാതാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നത്. കടുത്ത ബിജെപി വിരുദ്ധനായ ഒരു മുഖ്യമന്ത്രിയെ മാറ്റുന്നത് ദേശീത തലത്തിലും തങ്ങളുടെ പ്രതിഛായ മോശമാക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
വൊക്കലിംഗ പ്രശ്നം
മറുഭാഗത്ത് ഡി കെക്ക് വേണ്ടിയും ജാതിക്കളിയുണ്ട്. ഡി കെ ശിവകുമാര്‍ ഉള്‍പ്പെടുന്ന 'വൊക്കലിംഗ സമുദായത്തില്‍നിന്ന് ഒരു മുഖ്യമന്ത്രി' എന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍ അഴിച്ചുവിട്ട തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍. 14 ശതമാനമാണ് കര്‍ണാടകത്തില്‍ ഇവരുടെ അംഗബലം. 60 ഓളം മണ്ഡലങ്ങളില്‍ വൊക്കലിഗ വോട്ട് നിര്‍ണായകമാണ്. ലിംഗായത്ത് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബലവിഭാഗമാണവര്‍. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും ഉണ്ടായ സമുദായമാണിത്. ഓള്‍ഡ് മൈസൂരു മേഖലയാണ് വൊക്കലിഗ ശക്തികേന്ദ്രം.
ജെഡി-എസും കോണ്‍ഗ്രസുമാണു മേഖലയിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍. വൊക്കലിഗ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ ഡി കെ മുഖ്യമന്ത്രിയാവുമെന്ന് കണ്ടാണ് അവര്‍ മാറ്റിക്കുത്തിയത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.
പക്ഷേ 14 ശതമാനത്തേക്കാള്‍ വലുതാണ് അപ്പുറത്തുള്ള 40 ശതമാനം എന്ന് പ്രത്യേകിച്ച് പറയണ്ടേതില്ലല്ലോ. മാത്രമല്ല ഡി കെ നിലവില്‍ ഉപമുഖ്യമന്ത്രിയാണ്. ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ പറഞ്ഞതിനാല്‍ ഇനി അധികാരത്തര്‍ക്കം ഉണ്ടാവില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇത് പറഞ്ഞാണ് അവര്‍ ശിവകുമാറിനെ സമാധാനിപ്പിച്ചിരിക്കുന്നത് എന്നാണ് കന്നട പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023-ല്‍ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള ഒരു ഡസനിലേറെ നേതാക്കളെ തന്നെ ശിവകുമാര്‍ കോണ്‍ഗ്രസിലേക്ക് കാലമാറ്റി കൊണ്ടുവന്നു. ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവായ ഷെട്ടാറിനെ ഒപ്പം ചേര്‍ത്തത് കോണ്‍ഗ്രസിന് പ്രചാരണത്തില്‍ കൂടുതല്‍ കരുത്ത് പകര്‍ന്നു. നേതാക്കളിലൂടെ മറ്റ് രണ്ട് വിഭാഗത്തെ കൂടെ നിര്‍ത്തിയപ്പോള്‍ വാഗ്ദാനങ്ങളിലൂടെയാണ് മുസ്ലിം ന്യൂനപക്ഷത്തെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയത്. നാലുശതമാനം മുസ്ലിം സംവരണമെടുത്ത് വൊക്കലിഗ- ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ബി.ജെ.പി. വീതിച്ചുനല്‍കിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി. അധികാരത്തിലെത്തിയാല്‍ ഇത് പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതും മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി വീഴാന്‍ എളുപ്പമായി.
ഇനി ഒരു അധികാരമാറ്റമുണ്ടായാല്‍ അത് ഈ ജാതി-മത സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. മാത്രമല്ല ഡി കെ ഒരു മൃദു സംഘപരിവാര്‍ അനുഭാവിയാണെന്നും എതിര്‍പക്ഷം പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഡി കെ, ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് വലിയ വിവാദമായിരുന്നു. ഇത് ബിജെപിയിലേക്ക് അടുക്കുന്നതിന്റെ സൂചനയയായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും, കോണ്‍ഗ്രസുകാരനായി തന്നെ മരിക്കുമെന്നുംു പറഞ്ഞ് അദ്ദേഹം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി തിഹാര്‍ ജയിലിലടച്ച നേതാവാണ് ഡി കെ. അതുകൊണ്ടുതന്നെ അദ്ദേഹം ഉടനെയാന്നും ബിജെപിയോട് അടുക്കാനും സാധ്യതയില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.




