- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കിട്ടിയ പരാതിയെല്ലാം പൂഴ്ത്തി പാർട്ടി നേതൃത്വം ചേർത്തു പിടിച്ചവർ; മാപ്പുസാക്ഷിയായി മൊയ്ദീനേയും കണ്ണനേയും ബിജുവിനേയും ഒറ്റികൊടുക്കാൻ കൂട്ടു നിന്ന ആ രണ്ടു പേരും ഇനി വർഗ്ഗ വഞ്ചകർ; മാപ്പുസാക്ഷികൾക്കെതിരെ നിയമ യുദ്ധവും പരിഗണനയിൽ; കരുവന്നൂരിൽ 'ചതി' ചർച്ചയാക്കാൻ സിപിഎം

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ 'ചതി തിരിച്ചറിഞ്ഞ്' സിപിഎം. ഇ.ഡി. മാപ്പുസാക്ഷികളാക്കുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീം, മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ എന്നിവർക്കെതിരേ സിപിഎം അതിശക്തമായ പ്രചരണം നടത്തും. ഇവരെ ഇനി വർഗ്ഗ വഞ്ചകരായി ചിത്രീകരിക്കും. പാർട്ടിയെ വഞ്ചിച്ചവർ എന്നാകും ഇനി ഇവരെ വിശേഷിപ്പിക്കുക. കേസിലെ മുഖ്യപ്രതികളായ ഇവർ മാപ്പുസാക്ഷികളാകുന്നത് വിരോധമുള്ളവരെ ആക്ഷേപിക്കാനാണെന്ന് സിപിഎം. ജില്ലാ നേതൃത്വം പരസ്യമായി പറയുന്നു. ഇത് നിയമപരമായി നേരിടുമെന്നും വ്യക്തമാക്കുന്നുണ്ട്. കേസിൽ കൂടുതൽ സിപിഎം. നേതാക്കളെ ഇ.ഡി. ചോദ്യംചെയ്തതോടെയാണ് ഇവർക്കെതിരേ ആരോപണവുമായി പാർട്ടി രംഗത്തെത്തിയത്.
മാപ്പുസാക്ഷിയായ രണ്ടു പേരും രണ്ടു വർഷം മുൻപുവരെ സിപിഎം. ലോക്കൽ കമ്മിറ്റി അംഗങ്ങളും മേഖലയിലെ പാർട്ടിസംവിധാനത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരുമായിരുന്നു. ബിജു കരീമിനെ ബാങ്ക് മാനേജരായും സുനിൽകുമാറിനെ സെക്രട്ടറിയായും നിയമിച്ചത് പാർട്ടിയാണ്. 2012 മുതൽ ഇരുവരും ബാങ്കിൽ സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതായി സിപിഎമ്മിന് പരാതി ലഭിച്ചു. എന്നാൽ നടപടി എടുത്തില്ല. പരാതിയുന്നയിച്ചവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയും തരംതാഴ്‌ത്തിയും ബിജു കരീമിനെയും സുനിൽകുമാറിനെയും പാർട്ടി സംരക്ഷിച്ചു. എന്നാൽ നിർണ്ണായക ഘട്ടത്തിൽ ഇവർ പാർട്ടിയെ തള്ളി പറഞ്ഞു. നേതാക്കളെ കുടുക്കാനുള്ള ഗൂഢാലോചനയ്‌ക്കൊപ്പം നിന്നു. ഇതുകൊടും ചതിയാണെന്ന് സപിഎം വിലയിരുത്തുന്നു.
തട്ടിപ്പുസംബന്ധിച്ച് ബാങ്കിന്റെ പുതിയ സെക്രട്ടറി പൊലീസിൽ പരാതിപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് പസിപിഎംഇരുവരെയും പുറത്താക്കിയത്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ടി.ആർ. സുനിൽകുമാർ. കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ബിജു കരീം. 2021 ജൂലായ് 25-നാണ് ഇവരെ പുറത്താക്കിയത്. ഇവർക്കെതിരെ ജില്ലാ കമ്മിറ്റിക്ക് 2016-ൽത്തന്നെ പരാതി കിട്ടിയിരുന്നതാണ്. 2018-ലെ സഹകരണ ഓഡിറ്റ് റിപ്പോർട്ടിലും തട്ടിപ്പു സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു.
ബിജു കരീം ,സുനിൽകുമാർ എന്നിവരെ മാപ്പുസാക്ഷികളാക്കിയതോടെ പുതിയ തന്ത്രമാണ് ഇ.ഡി. മെനയുന്നത്. മൊഴികൾക്കു പുറമേ, ഏറെ രേഖകളും ഇവർക്ക് നൽകാനാകും. പാർട്ടിക്ക് ബാങ്കിൽ അഞ്ച് അക്കൗണ്ടുകളുണ്ടായിരുന്നുവെന്ന വിവരം ഇ.ഡി.ക്ക് കിട്ടിയത് ഇവരിൽനിന്നാണ്. എസി മൊയ്ദീൻ, കണ്ണൻ, പികെ ബിജു എന്നീ സിപിഎം നേതാക്കളെയാണ് ഇഡി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇടത് കൺവീനർ ഇപി ജയരാജനുമുണ്ട്. ഇവരിലേക്ക് അന്വേഷണം എത്തിയാൽ അത് സിപിഎമ്മിന് തീരാ തലവേദനയാകും. ഈ സാഹചര്യത്തിലാണ് മാപ്പു സാക്ഷികൾക്കെതിരെ നിയമ യുദ്ധം സിപിഎം പദ്ധതിയിടുന്നത്.
അതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എന്തു കൊണ്ടാണ് എല്ലാ പ്രതികളെയും ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്ന് പ്രത്യേക കോടതി ചോദിച്ചു. ചില പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ മറ്റു ചിലർ സമൻസ് കിട്ടുന്ന മുറയ്ക്ക് ഹാജരായി ജാമ്യമെടുത്തു പോകുന്നു. എന്തുകൊണ്ടാണ് ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശവും ഹാജരാക്കി.
കരുവന്നൂർ കേസിലെ മുഖ്യപ്രതികളിലൊരാളായ സിപിഎം പ്രാദേശിക നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാതെ തട്ടിപ്പിനു കൂട്ടു നിന്നെന്നാരോപിച്ച് തന്നെ അറസ്റ്റ് ചെയ്‌തെന്ന് അരവിന്ദാക്ഷൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതാണ് അറസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഈ വാദങ്ങൾ ഇ.ഡി നിഷേധിച്ചു.
അരവിന്ദാക്ഷൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി. തുടർന്ന് എറണാകുളത്തെ പ്രത്യേക കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ജാമ്യം ഹർജിയിലെ വിധിയും കേസിൽ നിർണ്ണായകമാണ്.


